കാഞ്ഞങ്ങാട്: ജില്ലയിലെ മുഴുവന്‍ കടലോരവും യുദ്ധകാലാടിസ്ഥാനത്തില്‍ കടല്‍ഭിത്തി കെട്ടി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബിഎംപിഎസ് ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണന് പുതിയവളപ്പ് ആവശ്യപ്പെട്ടു. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഴുവന്‍ കടലോര മേഖലയും കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുകയാണ്. ഈ പ്രദേശങ്ങളില്‍ നിര്‍മ്മിച്ച മുഴുവന്‍ കടല്‍ഭിത്തിയും തകര്‍ന്നിരിക്കുകയാണ്. ഇതുകാരണം ഈ പ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ മുസോടി, ആധിക്ക, കണ്വതീര്‍ത്ഥ, ഉപ്പള, കൊയിപ്പാടി, കൊപ്പളം എന്നിവിടങ്ങളിലും, കാസര്‍കോട് മണ്ഡലത്തിലെ കാവുഗോളി, ചേരങ്കൈ, കസബ, ചിത്താരി എന്നീ സ്ഥലങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. പലര്‍ക്കും കിടപ്പാടം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ്.
ഞങ്ങള്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞവര്‍ തികഞ്ഞ അവഗണനയാണ് മത്സ്യത്തൊഴിലാളികളോട് കാണിക്കുന്നതെന്നും, ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.വിനോദന്‍, ജില്ലാ കമ്മറ്റിയംഗങ്ങളായ ഉണ്ണി പുതിയവളപ്പ്, രഘു അജാനൂര്‍, നാരായണന് കുമ്പള, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.പവിത്രന്, രാമകൃഷ്ണന് കുമ്പള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: