നീലേശ്വരം: പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിനായി പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് ചിട്ടി നടത്തുകയും സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിന് വിധേയമാകുകയും ചെയ്ത സിപിഎം നീലേശ്വരം ഏരിയാ കമ്മറ്റിയെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. ഏരിയാ കമ്മറ്റിയുടെ കണക്കുകള്‍ ഇതുവരെ പരിശോധിച്ചിരുന്ന മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ദാമോദരനെ ഈ ചുമതലയില്‍ നിന്നും ഒഴിവാക്കി.
സംസ്ഥാന സമിതിയംഗം എം.വി. ബാലകൃഷ്ണന്, ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നീലേശ്വരം ഏരിയാ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. അതേ സമയം ഈ യോഗത്തില്‍ ദാമോദരന്‍ പങ്കെടുത്തിരുന്നില്ല.
സിപിഎം പ്രാദേശിക ഘടകങ്ങളുടെ കണക്ക് സൂക്ഷിക്കുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ചുരുക്കം മേല്‍ കമ്മറ്റികളെ അറിയിക്കുന്നതിനും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനഘടകം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശത്തിന് വിരുദ്ധമായി നീലേശ്വരം ഏരിയാ കമ്മറ്റിയില്‍ ഗുരുതരമായ ചട്ടലംഘനങ്ങള്‍ അരങ്ങേറുകയായിരുന്നു. കെ.വി. ദാമോദരനെ മാറ്റിയതോടെ മുന്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബിക്കാണ് ഇനി കണക്ക് പരിശോധനയുടെ ചുമതല.
ചിട്ടി പ്രശ്നത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായ സിപിഎം നീലേശ്വരം ഏരിയാ കമ്മറ്റിയെ ജില്ലാ നേതൃത്വം ശാസിച്ചിരുന്നു. അതിനിടയില്‍ ഏരിയാ കമ്മറ്റിയെ പിരിച്ചുവിടുന്ന കാര്യം ജില്ലാ കമ്മറ്റിയുടെ പരിഗണനയിലാണെന്ന് നേതാക്കള്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: