ബദിയടുക്ക: ബദിയടുക്ക നഗരവും പരിസരവും കയ്യടക്കി നാല്കാലികള് വിഹരിക്കാന്‍ തുടങ്ങിയതോടെ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ ഭീഷണിയാകുന്നു. പകല്‍ സമയങ്ങളില്‍ കൂട്ടമായെത്തുന്ന ആടുകളും പശുക്കളുമാണ് റോഡ് കയ്യടക്കുന്നത്. തെരുവ് നായ ശല്യവും ഇവിടെ രൂക്ഷമാണ്. നാല്കാലികളെ പൊതു സ്ഥലങ്ങളില്‍ അഴിച്ചു വിടാന്‍ പാടില്ലെന്നുള്ള ചട്ടം നില നില്‍ക്കുന്നുണ്ടെങ്കിലും ഇവിടെ അതൊന്നും ബാധകമല്ല. രാവിലെ തൊഴുത്തില്‍ നിന്നും അഴിച്ചു വിടുന്ന വളര്‍ത്തു മൃഗങ്ങള്‍ നേരെയെത്തുന്നത് നഗരത്തിലേക്കാണ്. അത് കൊണ്ടുതന്നെ റോഡില്‍ അലഞ്ഞു തിരിയുന്ന മൃഗങ്ങള്‍ വാഹന അപകടങ്ങള്‍ക്കും കാരണമാകുന്നു.
പ്രത്യേകിച്ചും ഇരുചക്ര വാഹന യാത്രക്കാര്‍ക്കാണ് കൂടുതലും ഭീഷണിയുള്ളത്. തലങ്ങും വിലങ്ങും ഓടുന്ന മൃഗങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമായി മാറുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മൃഗങ്ങളെ പിടിച്ചുകെട്ടാന്‍ പഞ്ചായത്തില്‍ ദൊഡ്ഡിയും അതിന് പ്രത്യേകം ജീവനക്കാരുമുണ്ടായിരുന്നു. പിടിച്ചു കെട്ടിയ മൃഗങ്ങളെ ഉടമക്ക് വിട്ടു കൊടുക്കണമെങ്കില്‍ നിശ്ചിത പിഴ ഈടാക്കിയ ശേഷമെ വിട്ടു കൊടുക്കാവു എന്ന നിയമം നിലന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പഞ്ചായത്തുകളില്‍ തൊഴുത്തോ ജീവനക്കാരോ ഇല്ലാത്തതിനാല്‍ ഇതൊന്നും പ്രാബല്യത്തിലാകുന്നുമില്ല. അത് കൊണ്ടു തന്നെ തെരുവില്‍ അലയുന്ന മൃഗങ്ങളെ പിടിച്ചു കെട്ടുന്നില്ലെന്ന് പരാതി വ്യാപകമാണ്. തെരുവില്‍ അഴിച്ചു വിടുന്ന മൃഗങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തി ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് വാഹന യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: