ലാഹോര്‍: പാക്കിസ്ഥാന്റെ കിഴക്കന്‍ നഗരമായ ലാഹോറില്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരിഫിന്റെ വസതിക്ക് സമീപമുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ പോലീസുകാരുള്‍പ്പടെ 25 പേര്‍ കൊല്ലപ്പെട്ടു.
സ്‌ഫോടനത്തില്‍ 53 പേര്‍ക്ക് പരിക്കേറ്റതായും പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപത്തെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് സൂചന.
ലാഹോറിലെ ഫിറോസാബാദ് റോഡിലെ അര്‍ഫാ കരീം ഐടി ടവറിന് സമീപത്തെ കൈയേറ്റങ്ങള്‍ ലാഹോര്‍ വികസന അതോറിറ്റി അധികൃതര്‍ ഒഴിപ്പിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് സ്ഫോടനമുണ്ടായതെന്ന് ലാഹോര്‍ ഡപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.
സ്‌ഫോടന സമയത്ത് മുഖ്യമന്ത്രി വസതിയിലുണ്ടായിരുന്നില്ല. പോലീസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ലാഹോര്‍ പോലീസ് സ്ഥിരീകരിച്ചു. ഫൊറന്‍സിക് വിഭാഗം സ്ഥലത്ത് തെളിവെടുപ്പ് നടത്തി.
പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷെരീഫ്, പാക്ക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ തുടങ്ങിയവര്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരിയില്‍ പഞ്ചാബ് നിയമസഭയ്‌ക്കു മുന്‍പിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 13 പേരാണു കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 70 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇഖ്ബാല്‍ പാര്‍ക്കില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടെ കഴിഞ്ഞ വര്‍ഷം സ്‌ഫോടനം നടന്നിരുന്നു. സംഭവത്തില്‍ 72 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.














