മലപ്പുറം: കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന് പിതൃപുണ്യം തേടിയത് പതിനായിരങ്ങള്‍. ജില്ലയുടെ എല്ലാഭാഗത്തും വിവിധ ക്ഷേത്രങ്ങളിലും സംഘടനകളുടെ ആഭിമുഖ്യത്തിലും ബലിതര്‍പ്പണത്തിന് സൗകര്യം ഒരുക്കിയിരുന്നു.
വിശ്വഹിന്ദു പരിഷത്ത് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ സമൂഹ പിതൃതര്‍പ്പണം നടന്നു. വഴിക്കടവ് തൃമൂര്‍ത്തി സംഗമസ്ഥാനം, എടക്കര ബലിക്കടവ് എന്നീ സ്ഥലങ്ങളിലായിരുന്നു ചടങ്ങുകള്‍.
തിരുന്നാവായ: ശ്രീനവാമുകന്ദക്ഷേത്രത്തില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ക്ഷേത്രനട തുറന്നതോടെ ബലിതര്‍പ്പണം ആരംഭിച്ചു. ആയിരകണക്കിന് ആളുകള്‍ക്ക് ഒരേ സമയം ബലിതര്‍പ്പണം നടത്തി. ദേവസ്വത്തിന്റെ കീഴില്‍ നിയോഗിച്ച കര്‍മ്മികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
കരുവാരക്കുണ്ട്: കക്കറ ആലുങ്ങള്‍ ശ്രീമഹാദേവ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ആലുങ്ങല്‍ കടവില്‍ രാവിലെ ആറ് മുതല്‍ ബലി തര്‍പ്പണം നടന്നു
കൊളത്തൂര്‍: ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് ആലിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണത്തി ആയിരത്തോളം പേര് പങ്കെടുത്തു. തുടര്‍ന്ന് നടന്ന തിലഹോമത്തിന് മേല്‍ശാന്തി കൃഷ്ണമുരാരിഭട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
വളാഞ്ചേരി: മിനി പമ്പ എന്നറിയപ്പെടുന്ന മല്ലൂര്‍ മഹാദേവക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടന്നു. വിശ്വഹിന്ദു പരിഷത്ത് കേരള അര്‍ച്ചക് പുരോഹിത് വിഭാഗിന്റെ നേതൃത്വത്തില്‍ നടന്ന തര്‍പ്പണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണത്തിന് അരയൂര് ശിവകുമാര്‍ നമ്പീശന്, മംഗലമ്പറ്റ രാധാകൃഷ്ണന് നമ്പീശന്, എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ക്ഷേത്രം ചടങ്ങുകള്‍ക്ക് മേല്‍ശാന്തി വിജയകുമാര്‍ നേതൃത്വം നല്കി.
മേലാറ്റൂര്‍: എടപ്പറ്റ പുഴയ്ക്കല്‍ ശിവക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി വൈക്കം സൗജിത് തിരുമേനി കാര്‍മികത്വം വഹിച്ചു.
ഊരകം: കാരത്തോട് കുന്നത്ത് കരിങ്കാളി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ കടലുണ്ടിപ്പുഴയിലെ വള്ളിപ്പാടം കടവില്‍ ബലിതര്‍പ്പണം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: