കല്‍പ്പറ്റ: അധിനിവേശ സസ്യഗണത്തില്‍പ്പെട്ട മഞ്ഞക്കൊന്നയെ വയനാട് വന്യജീവി സങ്കേതത്തില്‍നിന്നു പൂര്‍ണമായും ഒഴിവാക്കുന്നതിനു വനം-വന്യജീവി വകുപ്പ് പുതിയ വഴികള്‍ തേടുന്നു. തൈക്കൊന്നകള് വേരോടെ പിഴുതുമാറ്റുന്നതും(അപ്റൂട്ടിംഗ്) വളര്ച്ചെയത്തിയവ തോല് ഒരു മീറ്റര്‍ ഉയരത്തില്‍ ചെത്തിനീക്കി ഉണക്കുന്നതും(ബാര്‍ക്കിംഗ്) കാര്യമായ ഫലം ചെയ്യാത്ത സാഹചര്യത്തിലാണിത്. വന്യജീവി സങ്കേതത്തിനും അതിര്‍ത്തി പ്രദേശങ്ങള്‍ക്കും കടുത്ത ഭീഷണിയായ മഞ്ഞക്കൊന്നകളെ ഉന്മൂലം ചെയ്യുന്നതിനു പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് വനം-വന്യജീവി വകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച ഗവേഷണത്തിനു കഴിഞ്ഞ ദിവസം ബത്തേരിയില്‍ ചേര്‍ന്ന വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരുടെയും വന സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനാ പ്രതിനിധികളുടെയും യോഗം കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനെ(കെഎഫ്ആര്‍ഐ) ചുമതലപ്പെടുത്തി.
ഉത്തര മേഖല കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി. കൃഷ്ണന്, വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന് എന്‍.പി. സാജന്, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഒ. വിഷ്ണു, അസിസ്റ്റന്റ് വൈല്‍ഡ്ലൈഫ് വാര്ഡന്മാരായ കെ.ആര്. കൃഷ്ണദാസ്, അജയ്ഘോഷ്, എ. ആശാലത, എന്‍.ടി. ദിനേശ്ശങ്കര് എന്നിവരാണ് യോഗത്തില്‍ വനം വകുപ്പിനെ പ്രതിനിധാനം ചെയ്തത്. കെഎഫ്ആര്‍ഐ മുന്‍ ഡയറക്ടര്‍ പി.എസ്. ഈസ, ശാസ്ത്രജ്ഞന് ഡോ. ഹൃദിക്. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ എന്നിവര്‍ക്കു പുറമേ വേള്‍ഡ് വൈല്‍ഡ് ഫണ്ട്, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, വൈല്‍ഡ് ലൈഫ് കണ്സര്വഷന് സൊസൈറ്റി എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
മുത്തങ്ങ, ബത്തേരി, തോല്‍പ്പെട്ടി, കുറിച്യാട് എന്നിങ്ങനെ നാല് റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് 344.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള വയനാട് വന്യജീവി സങ്കേതം. ഇതില്‍ കുറിച്യാട് ഒഴികെ റേഞ്ചുകളെയാണ് മഞ്ഞക്കൊന്നകകള് ഗ്രസിക്കുന്നത്. മുത്തങ്ങ റേഞ്ചിലെ കാക്കപ്പാടം, തകരപ്പാടി പ്രദേശങ്ങളിലാണ് ഇവ കൂടുതലുള്ളത്. ഒരു ദശാബ്ദം മുമ്പ് സമൂഹിക വനവത്കരണ വിഭാഗം നട്ട തൈകളാണ് ഇപ്പോള്‍ വലിയ വിപത്തായി മാറിയത്.
വന്യജീവി സങ്കേതത്തിന്റെ ആകെ വിസ്തൃതിയില്‍ അഞ്ച് ശതമാനത്തെയും അതിര്‍ത്തി പ്രദേശങ്ങളില്‍ 20 ശതമാനത്തെയും മഞ്ഞക്കൊന്നകള്‍ കീഴ്പ്പെടുത്തിയതായാണ് വനം-വന്യജീവി വകുപ്പിന്റെ കണക്ക്. 23 ഇനം അധിനിവേശ സസ്യങ്ങളുടെ സാന്നിധ്യമാണ് വന്യജീവി സങ്കേതത്തില്‍ ഇതിനകം സ്ഥിരികരിച്ചത്. ഏതാനും വര്‍ഷം മുമ്പുവരെ ഇവയില്‍ നാലാം സ്ഥാനത്തായിരുന്ന മഞ്ഞക്കൊന്ന ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. അരിപ്പൂ(കൊങ്ങിണി), കമ്മ്യൂണിറ്റ് പച്ച, ആനത്തൊട്ടാവാടി, ധൃതരാഷ്ട്രപ്പച്ച, പാര്‍ത്തീനിയം, കമ്മല്പ്പൂ തുടങ്ങിയവയാണ് വന്യജീവി സങ്കേതത്തില്‍ കാണുന്ന മറ്റു പ്രധാന അധിനിവേശ സസ്യങ്ങള്‍.
വളരെ വേഗത്തില്‍ 28 മീറ്റര്‍ വരെ ഉയരത്തില്‍ കുടയുടെ ആകൃതിയില്‍ വളരുന്നതാണ് മഞ്ഞക്കൊന്ന. രണ്ടാം വര്‍ഷം പുഷ്പിക്കുന്നതാണിത്. ഒരു ചെടി ഒരു തവണ ശരാശരി 6000 വിത്ത് ഉത്പാദിപ്പിക്കും. ഇതില്‍ 95 ശതമാനവും കിളിര്‍ത്ത് വളരും. സൂര്യപ്രകാശം നന്നായി ലഭിക്കുന്നിടത്താണ് മഞ്ഞക്കൊന്നകള്‍ തഴച്ചുവളരുന്നത്. മണ്ണിന്റെ നൈസര്‍ഗിക ഗുണങ്ങള്‍ നഷ്ടമാക്കുന്ന മഞ്ഞക്കൊന്നകള്‍ വലിയതോതിലുള്ള നിര്‍ജലീകരണത്തിനും കാരണമാണ്. മഞ്ഞക്കൊന്നയുടെ ചുവട്ടിലോ പരിസരത്തോ പുല്ലുപോലും വളരില്ല.
മഞ്ഞക്കൊന്നയുടെ ഇലയിലും തടിയിലും വിഷാംശം ഉള്ളതായും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇല വളമാക്കാന്‍ കഴിയില്ല. തടി വിറകായോ നിര്‍മാണത്തിനോ ഉപയോഗപ്പെടുത്താനും പറ്റില്ല. മഞ്ഞക്കൊന്നയുടെ കലോറി കുറഞ്ഞ വിറക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: