കോന്നി എലിമുള്ളുംപ്ലാക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിട നിര്‍മാണത്തിന്റ രണ്ടാം ഘട്ടം പുരോഗമിക്കുന്നു. പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് മുകളില്‍ ഒരു നിലയും സമീപത്തു തന്നെ മൂന്നു നിലയില്‍ രണ്ടാമത്തെ ബ്ലോക്കുമാണ് നിര്‍മാണത്തിലുള്ളത്. നാലു നിലകളും കോണ്‍ക്രീറ്റ് ചെയ്തു കഴിഞ്ഞു. ഭിത്തിയുടെ തേപ്പും പൂര്‍ത്തിയായി. തറയ്ക്ക് ടൈല്‍ പാകുന്ന ജോലികളും പെയ്ന്റിങ്ങുമാണ് ബാക്കിയുള്ളത്. 3.36 കോടി രൂപ ചെലവിലാണ് രണ്ടാം ഘട്ട നിര്‍മാണം.
ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു സമീപത്തെ ഉയര്‍ന്ന പ്രദേശത്ത് രണ്ടു വര്‍ഷം മുന്‍പ് ഹയര്‍ സെക്കന്‍ഡറിക്കായി പുതിയ കെട്ടിടം നിര്‍മിച്ചിരുന്നു. ഇതില്‍ ഹയര്‍ സെക്കന്‍ഡറി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളില്ലാത്തതു കാരണം ക്ലാസുകള്‍ ഇവിടേക്ക് മാറ്റാനായില്ല.
എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 1.15 കോടി ചെലവഴിച്ചാണ് ആദ്യ ഘട്ടമായി ഹയര്‍ സെക്കന്‍ഡറിക്ക് പുതിയ കെട്ടിടം നിര്‍മിച്ചത്. ഇതില്‍ ഒരു ബ്ലോക്കിന്റെ ആദ്യനില പൂര്‍ത്തിയാക്കുകയും രണ്ടാമത്തെ ബ്ലോക്കിന് അടിത്തറ കെട്ടി തൂണുകള്‍ നിര്‍മിക്കുകയും ചെയ്തു. എന്നാല്‍, പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ വലുപ്പമേറിയ നാല് ക്ലാസ് മുറികള്‍ മാത്രമാണുണ്ടായിരുന്നത്. ലാബ്, ഓഫിസ്, സ്റ്റാഫ് റൂം, ശുചിമുറി, ശുദ്ധജല സൗകര്യം എന്നിവ ഇല്ലാത്തതു കാരണം ഇവിടേക്ക് ഹയര്‍ സെക്കന്‍ഡറി മാറ്റി പ്രവര്‍ത്തിക്കാനായില്ല.
അര നൂറ്റാണ്ടിലേറെ പഴക്കമുള്ള എല്‍പി സ്കൂള്‍ കെട്ടിടത്തിന്റെ പരാധീനതകളിലാണ് ഇപ്പോഴും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്. പുതിയ രണ്ട് ബ്ലോക്കുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കി വൈകാതെ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ഇവിടേക്ക് മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: