ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനം ഏതെന്നു ചോദിച്ചാല്‍ മറുപടിക്ക് അധികം കാത്തിരിക്കേണ്ടിവരില്ല- ഭാരതീയ മസ്ദൂര്‍ സംഘം എന്ന ബിഎംഎസ്. പതിറ്റാണ്ടുകളായി ഈ നിലയാണ്. തൊഴിലാളികളുടെ പേരില്‍ എടുത്താപ്പൊങ്ങാത്ത അവകാശവാദങ്ങളുന്നയിച്ചും അധികാരത്തിലേറുകയുമൊക്കെ ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നാട്ടിലാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയോടും വിധേയത്വമില്ലാതെ ബിഎംഎസ് ചരിത്രപരമായ ഈ വളര്‍ച്ച കൈവരിച്ചത്.
ദേശീയതയിലൂന്നിയ തൊഴിലാളികളുെട ശബ്ദം രാജ്യത്തിനകത്തു മാത്രമല്ല, ആഗോളതലത്തിലും എത്തിച്ച ബിഎംഎസിന്റെ അറുപത്തിരണ്ടാം സ്ഥാപനദിനമാണിന്ന്. 1955 ജൂലായ് ഇരുപത്തിമൂന്നിനാണ് ബിഎംഎസ് സ്ഥാപിതമായത്.
ദേശീയമായി 1955 ല്‍ തുടങ്ങിയെങ്കിലും കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത് 1967 ലാണ്. അതായത് ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം. അതായത് കേരളത്തില്‍ 2017 ല്‍ 50 വര്‍ഷം തികയുന്നതേയുള്ളൂ. അതുകൊണ്ട് കേരളം ഇത് സുവര്‍ണ്ണജയന്തി വര്‍ഷമായിട്ടാണ് ആഘോഷിക്കുന്നത്.
2017 മെയ് മാസത്തില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നടന്ന പതിനെട്ടാം ദേശീയ സമ്മേളനത്തിന്റെ മുദ്രാവാക്യമായ ‘സംതൃപ്ത തൊഴിലാളി സമൃദ്ധ ഭാരതം’ എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ബിഎംഎസ് ഈ വര്‍ഷം പ്രവര്‍ത്തിക്കുക. ഈ ലക്ഷ്യം വിദൂരത്താണെങ്കിലും അസാധ്യമല്ല. തുടക്കത്തില്‍ അസാധ്യമെന്ന് തോന്നിപ്പിച്ചിരുന്ന പലതും സാധിതമാക്കിയ ചരിത്രമാണ് ബിഎംഎസ്സിനുള്ളത്.
രാഷ്ട്രീയപാര്ട്ടികളോടല്ല, രാഷ്ട്രത്തോടാണ് തങ്ങള്‍ക്ക് കൂറും ബാധ്യതയുമെന്നും, വര്‍ഗ്ഗശത്രു സിദ്ധാന്തമല്ല വ്യവസായ കുടുംബ സിദ്ധാന്തമാണ് ശരിയെന്നു തികച്ചും വ്യത്യസ്തമായ മുദ്രാവാക്യവുമായി പ്രവര്ത്തനരംഗത്തേക്കുവന്ന ബിഎംഎസ്സിനും അതിന്റെ നേതാക്കള്‍ക്കും അതിരൂക്ഷമായ എതിര്‍പ്പും പരിഹാസവുമാണ് നേരിടേണ്ടിവന്നത്. ഏറെ പീഡനങ്ങള്‍ നേരിടേണ്ടിവന്നതും ഇന്നും നേരിട്ടുകൊണ്ടിരിക്കുന്നതും കേരളത്തിലെ പ്രവര്‍ത്തകര്‍ക്കാണ്.
ഠേംഗ്ഡി ബിഎംഎസ് സ്ഥാപിക്കുന്നതിന്റെ തയ്യാറെടുപ്പിനായി ആര്‍എസ്എസ് നേതൃത്വത്തിന്റെ
നിര്‍ദ്ദേശാനുസരണം അക്കാലത്തെ പ്രഗല്ഭ ട്രേഡ് യൂണിയനുകളില്‍ പ്രവര്‍ത്തിക്കുകയും മറ്റ് നേതാക്കളുമായെല്ലാം വ്യക്തിഗത ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തനം നടത്തിയ ആര്. വേണുഗോപാല്‍ (വേണുവേട്ടന്) തയ്യാറെടുപ്പുകളോ മുന്പരിചയമോ ഇല്ലാതെതന്നെ പൊടുന്നനെ ഈ ചുമതലയിലേക്ക് നിയോഗിക്കപ്പെടുകയാണുണ്ടായത്.
1955 ല്‍ ദേശീയതലത്തില്‍ പ്രവര്‍ത്തനമാരംഭിച്ച് 12 വര്‍ഷം കടന്ന് ഇതര സംസ്ഥാനങ്ങളില്‍ മിക്കതിലും വേരുപിടിച്ച ശേഷമാണ് കേരളത്തില്‍ ബിഎംഎസ്സിന് വിത്തുപാകിയത്. കേരളം അത്ര എളുപ്പത്തില്‍ കയറിപ്പിടിക്കാന്‍ സാധിക്കുന്ന പ്രദേശമല്ലെന്നും ഠേംഗ്ഡിജിക്കറിയാമായിരുന്നു. ദേശീയാദര്ശങ്ങള്ക്കും പ്രസ്ഥാനങ്ങള്‍ക്കും കാര്യമായ സ്വാധീനം ഇല്ലാത്തതും ദേശീയതക്കെതിരെ യുദ്ധപ്രഖ്യാപനംതന്നെ നടത്തുകയും, അത്തരം ആശയപ്രചാരണങ്ങള്‍ നടത്തുന്നത് ബൂര്‍ഷ്വാ പിന്തിരിപ്പന്മാരും തൊഴിലാളി വര്‍ഗ്ഗ ശത്രുക്കളുമാണെന്ന് ദൃഢമായി വിശ്വസിക്കുന്നവരുടെ കേന്ദ്രമായിരുന്നു അക്കാലത്ത് കേരളം.
ആര്‍എസ്എസ് പ്രചാരകനായി 1942 മുതല്‍ കേരളത്തില്‍ വന്ന് പ്രവര്‍ത്തിച്ച ഠേംഗ്ഡിജിക്ക് ഇതുപോലൊരു സംസ്ഥാനത്ത് ബിഎംഎസ് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരാളെ കണ്ടെത്തി ചുമതലപ്പെടുത്തുക അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ അദ്ദേഹം പിന്തിരിഞ്ഞില്ല. അക്കാലത്തെ മുന്‍നിര ആര്‍എസ്എസ് പ്രവര്‍ത്തകരിലൊരാളായ വേണുവേട്ടനെയാണ് അദ്ദേഹം ഈ ദൗത്യം ഏല്‍പ്പിച്ചത്.
ഠേംഗ്ഡിജിയെപ്പോലെതന്നെ അസാധ്യം എന്നൊരു പദം സ്വന്തം നിഘണ്ടുവില്‍ എഴുതാന്‍ സമ്മതിക്കാത്ത വേണുവേട്ടന് ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തിയത് ഒരു സാഹസിക യാത്രതന്നെയായിരുന്നു. ഈ ഇരുനേതാക്കളുടെയും തീവ്രമായ ആദര്‍ശനിഷ്ഠയും ഭിന്നചിന്താഗതി പുലര്‍ത്തുന്നവരോടും സൗമ്യമായും സൗഹൃദപരമായും പെരുമാറി അയാളെ സ്വന്തം സ്നേഹവലയത്തില്‍ കൊണ്ടുവരാനുള്ള അത്ഭുതാവഹമായ കഴിവുമാണ് ബിഎംഎസ്സിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് കാരണം.
കേരളത്തിലെ എല്ലാ മേഖലകളിലും സര്‍ക്കാര്‍ സര്‍വ്വീസ് ഉള്‍പ്പെടെ കാര്‍ഷികം, കണ്‍സ്ട്രക്ഷന്‍, ചുമട്, ഓട്ടോറിക്ഷ, ടാക്സി, ബസ്സ്, ബാങ്ക് എന്നിങ്ങനെ സര്‍വ്വ തൊഴിലിടങ്ങളിലും ഇന്ന് ബിഎംഎസ്സിന്റെ കാവിപതാക പാറിപ്പറക്കുകയാണ്. ഈ അഭിമാനകരമായ വളര്ച്ചയോടൊപ്പംതന്നെയാണ് കേരളത്തില്‍ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയ ട്രേഡ് യൂണിയന് ഐക്യം എന്ന ലക്ഷ്യത്തിനായി ബിഎംഎസ് മുന്‍കയ്യെടുത്ത് ഭാരതത്തിനുതന്നെ മാതൃക കാണിച്ചത്.
രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ പരസ്പരം ഏറ്റുമുട്ടി രക്തസാക്ഷികളുടെയും ബലിദാനികളുടെയും എണ്ണംപറഞ്ഞ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മേനിനടിക്കുന്ന കേരളത്തില്‍ ഈ പാര്‍ട്ടികളിലെ തൊഴിലാളികള്‍ വിവിധ വര്ണ്ണക്കൊടികള് കൂട്ടിക്കെട്ടി ഒരൊറ്റ മുദ്രാവാക്യം വിളിച്ച് കേരളത്തിന്റെ തെരുവീഥികൡലൂടെ ചിലപ്പോഴെല്ലാം ഭാരതത്തിന്റെയും നീങ്ങുന്ന കാഴ്ച ആവേശമാണ്.
ഈ അടുത്തകാലത്തായി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചില സങ്കുചിത മനസ്ഥിതിക്കാരായ നേതാക്കളും അവര്‍ സ്വന്തം താല്പര്യത്തിനായി ചൊല്ലും ചെലവും കൊടുത്തു പോറ്റുന്ന കുറെയേറെ കൂലിപ്പട്ടാളവും ഇതിനെല്ലാം തുരങ്കംവക്കുന്നുണ്ട്. തന്‍പ്രമാണിത്തം കാണിച്ച് ട്രേഡ് യൂണിയന് ഓഫീസുകളും തൊഴിലാളികളുടെ തൊഴിലുപാധികളും കച്ചവട സ്ഥാപനങ്ങളും നശിപ്പിക്കാനും തൊഴിലാളി നേതാക്കളെ കൊലപ്പെടുത്താനും അത്തരക്കാര്‍ തയ്യാറാകുന്നു എന്നത് വിസ്മരിക്കുന്നില്ല.
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണല്ലോ ഇക്കഴിഞ്ഞ ജൂണ്‍ 17 ന് കോഴിക്കോട് ജില്ലയില്‍ ബിഎംഎസ് ഓഫീസില്‍ പ്രകടനമായി വന്ന് കടന്നുകയറി ചെയ്തുകൂട്ടിയ കാട്ടാളത്തങ്ങള്‍. ഈ കാളക്കൂട്ടത്തെ ഇറക്കിവിടുന്നവര്ക്കുതന്നെ സ്വന്തം ശവക്കുഴി തോണ്ടി സഖാക്കളെ അടിച്ചൊതുക്കേണ്ടിവരുമെന്ന് കാലം തെളിയിച്ചിട്ടുണ്ട്.
കാലത്തെയും ചരിത്രത്തെയും സാക്ഷിയാക്കി ബിഎംഎസ് ഈ സുവര്‍ണജൂബിലി വര്‍ഷത്തില്‍ തൊഴിലാളി ഐക്യത്തിനും ട്രേഡ് യൂണിയന് ഐക്യത്തിനും ജയ്വിളിച്ച് തുടര്‍ന്നും പ്രവര്‍ത്തിക്കും. കാരണം ബിഎംഎസ്സിന് ‘സംതൃപ്ത തൊഴിലാളി സമൃദ്ധഭാരതം’ എന്ന കാണ്‍പൂര്‍ സമ്മേളനത്തിലെ മുദ്രാവാക്യവും ‘തൊഴിലാളികളെ ലോകത്തെ ഒന്നാക്കുവിന്’ എന്ന ഠേംഗ്ഡിജിയുടെ ആഹ്വാനവും യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: