കോഴഞ്ചേരി: പഴയതെരുവ് ജംഗ്ഷനില്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച കണ്ണാടി പൊട്ടിത്തകര്‍ന്നു. നിരന്തരമായി അപകടമുണ്ടാകുന്ന പഴയതെരുവില്‍ നിന്നും തിരുവല്ല, പത്തനംതിട്ട സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് പ്രയോജനകരമാകും വിധമാണ് വലിയ കണ്ണാടി പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിരുന്നത്.
തുടര്‍ച്ചയായി പത്തോളം അപകടങ്ങളും മൂന്നു മരണങ്ങളുമുണ്ടായതോടെയാണ് ഗതാഗത പരിഷ്കരണത്തിന് സംവിധാനമൊരുക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ നിര്‍ദ്ദേശിച്ചത്. നിരവധി പരിഷ്കരണങ്ങള്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തിലുളള പൊതു മരാമത്ത് സംഘം പ്രഖ്യാപിച്ചെങ്കിലും കണ്ണാടി മാത്രമാണ് സ്ഥാപിച്ചത്. കണ്ണാടിവെച്ചെങ്കിലും ഈ ഭാഗത്തെ അപകടങ്ങള്‍ക്ക് പിന്നെയും കുറവുണ്ടായിട്ടില്ല. ഈ ഭാഗത്തേക്ക് പിന്നീടാരും തിരിഞ്ഞുനോക്കിയിട്ടുമില്ല. ഇതിന് പരിഹാരമുണ്ടാക്കാമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പറഞ്ഞിരുന്നു. പഴയതെരുവിലെ ഗതാഗത പരിഷ്കരണം തങ്ങളുടെ ശ്രമഫലമായാണ് എന്നുവരുത്തിതീര്ക്കാനുള്ള മത്സരത്തിനിടയിലാണ് കണ്ണാടി തകര്ന്നതെന്നതും ദുരൂഹമാണ്.
റാന്നി കോഴഞ്ചേരി റോഡില്‍ പഴയ തെരുവ് വണ്‍വേ ഭാഗങ്ങളില്‍ വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇതുകൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകും. ഈ ഭാഗത്ത് സ്ഥിരമായി ട്രാഫിക് പോലീസിന്റെ സേവനം ഉണ്ടാകുമെന്ന ഉത്തരവും പാലിക്കപ്പെട്ടിട്ടില്ല. വാഹനങ്ങള്‍ നിയന്ത്രിക്കാനാളില്ലാതെ വരുന്നതോടെതോന്നിയ തരത്തിലാണ് ഇവയുടെ പോക്ക്. ഇത് അപകടങ്ങള്‍ പെരുകുന്നതിനും കാരണമാകും. കണ്ണാടികൂടി പോയതോടെ ഇനിയും ഇവിടെ അപകടങ്ങള്‍ വര്‍ദ്ധിക്കുവാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: