കാല് നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ പ്രകാശ് ബാബു സിനിമാ പിന്നണിഗായകനായി. സണ്‍ഡേ ഹോളിഡേയിലെ ‘ആരോ കൂടെ ആരാരോ കൂടെ തീരങ്ങള്‍ ചേരും’ എന്ന ഗാനം ഭാവാര്‍ദ്രമായി ആലപിച്ചിരിക്കുന്നത് പ്രകാശ് ബാബുവാണ്. ഈ ഗാനം വെള്ളിത്തിരയില്‍ കേട്ട നിമിഷം പ്രകാശ് ബാബുവിനും കുടുംബത്തിനും ജീവിതത്തിലൊരിക്കലും മറക്കാനാവില്ല.
ദീപക്ദേവ് സംഗീത സംവിധാനം നിര്‍വഹിച്ച് പിന്നണി ഗായിക ജ്യോത്സനയ്ക്കൊപ്പം പാടിയ വേളയിലും മുന്‍കാല അനുഭവങ്ങള്‍ പ്രകാശ് ബാബുവിന് ആത്മവിശ്വാസം നല്‍കിയിരുന്നില്ല. ദൗര്‍ഭാഗ്യം വീണ്ടുംപിടികൂടുമോ എന്ന ആശങ്കയായിരുന്നു അപ്പോഴും മനസ്സില്‍.താന്‍ പാടിയ പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിഞ്ഞ നിമിഷം എല്ലാ ഈശ്വരന്മാരോടും നന്ദിയറിയിച്ചു- പ്രകാശ് ബാബു പറയുന്നു.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയില്‍, മോഹന്‍ലാല്‍ നായകനായ രവീന്ദ്രന് മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിനുവേണ്ടി പാടിയതുമുതല് അഞ്ച് ചിത്രങ്ങളില്‍ പിന്നണി പാടിയിട്ടുണ്ടെങ്കിലും അവസാന നിമിഷങ്ങളിലത് ഒഴിവാക്കപ്പെടുകയായിരുന്നു.
തന്റെ ദൗര്ഭാഗ്യത്തെപ്പറ്റിയുള്ള പ്രകാശ് ബാബുവിന്റെ വാക്കുകളാണിത്. ഒരിക്കല്‍ തന്റെ ഗാനം വെള്ളിത്തിരയിലെത്തുന്ന നിമിഷത്തിനായുള്ള പ്രാര്‍ത്ഥനയിലായിരുന്നു പ്രകാശ് ബാബുവും കുടുംബവും. സണ്‍ഡേ ഹോളിഡേ റിലീസ് ചെയ്ത ദിവസമാണ് ഇത്രനാളത്തെ കാത്തിരിപ്പിന് ഫലമുണ്ടായത്.
ചൈന്നെയിലുള്ള ഒരു ഗായകന് ആലപിക്കേണ്ടതായിരുന്നു ഈ ഗാനം. ഈശ്വരകൃപകൊണ്ടാണ് ആ അവസരം പ്രകാശ് ബാബുവിന് ലഭിച്ചത്. അത് സ്വപ്നസാക്ഷാത്കാരവുമായി. ഭാര്യയും സ്റ്റേജ്ഗായികയുമായ അഷിതയും അമ്മയും മക്കളുമൊത്ത് സിനിമ കണ്ടതും മറ്റൊരു ഭാഗ്യമായി പ്രകാശ് ബാബു കരുതുന്നു.
കൊച്ചി അമരാവതി സ്വദേശിയായ പ്രകാശ് ബാബു 1988 മുതല്‍ നിരവധി വേദികളില്‍ പാടുന്നു. 2001ല്‍ കോഴിക്കോട് സ്വദേശി അഷിതയുമായി വിവാഹം. മൂന്ന് പെണ്‍കുട്ടികള്‍. മൂന്ന് പതിറ്റാണ്ടിനിടയില്‍ പതിനഞ്ചോളം രാജ്യങ്ങളിലായി ഏഴായിരത്തോളം സ്റ്റേജുകളില്‍ ഗാനാലാപനം നടത്തിക്കഴിഞ്ഞു.
ഹിന്ദി പാട്ടുകളിലൂടെയായിരുന്നു തുടക്കം. മുഹമ്മദ് റാഫിയും കിഷോര്‍ കുമാറും ഇഷ്ടപിന്നണി ഗായകരായിരുന്നു. ഇടയ്ക്ക് ചാനലുകളിലും സംഗീതപരിപാടികളില്‍ സജീവമായി. തുടര്‍ന്ന് മലയാളം, തമിഴ്. തെലുങ്ക്, കന്നഡ, പഞ്ചാബി ഭാഷകളിലുള്ള ഗാനങ്ങളും ആലപിച്ചു.
രവീന്ദ്രന് മാസ്റ്ററിന്റെ ഗാനങ്ങളായിരുന്നു സ്റ്റേജ് ഷോകളിലേറെയും പാടിയത്. പ്രകാശ് ബാബു അഷിതയുമൊത്ത് ഗസല്സന്ധ്യകളും അവതരിപ്പിച്ചുവരുന്നു. എംഎസ്സി ബിരുദധാരിയാണങ്കിലും സംഗീതമാണ് ജീവിതത്തിന് നിറം പകരുന്നത്. പിന്നണിഗാനരംഗത്ത് തുടര്‍ന്നും അവസരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ ഗായകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: