ഇപ്പോള്‍ സംസാരവിഷയം സ്ത്രീയാണ്. അവള് നേരിടുന്ന പ്രശ്നങ്ങള്‍, സുരക്ഷ, ഉത്തരവാദിത്തങ്ങള്‍ അങ്ങനെ നീളുന്നു സ്ത്രീയുടെ വിഷയങ്ങള്‍. പുരുഷമേധാവിത്വ സമൂഹത്തില്‍ സ്ത്രീ അവളുടെയിടം കണ്ടെത്താന്‍ അനുഭവിക്കേണ്ട യാതനകളും ഏറെയാണ്.
മലയാള ചലച്ചിത്ര മേഖലയിലാവട്ടെ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ വിരലില്‍ എണ്ണാവുന്നവ മാത്രം.
ന്യൂജെന്‍ സിനിമകളെടുത്താലും സ്ത്രീ പ്രാതിനിധ്യമുള്ള സിനിമകള്‍ വിരളം. ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസിന്റെ നേതൃത്വത്തില്‍ ഇതിന് ഒരു മാറ്റത്തിന് തുടക്കംകുറിച്ചിരിക്കുകയാണ്. ഒന്നല്ല, പത്ത് സിനിമകള്‍, പത്ത് സംവിധായകര്‍, പത്ത് നായികമാര്‍.
15 മിനിട്ട് ദൈര്‍ഘ്യമുള്ള പത്ത് സിനിമകള്‍ ചേര്‍ത്തൊരുക്കുന്ന ക്രോസ് റോഡ് റീലിസിനൊരുങ്ങുകയാണ്. ഈ മാസം 28 ന് തീയറ്ററുകളില്‍ എത്തും. സ്ത്രീയുടെ ചുമതല, അവളുടെ സുരക്ഷ, അദ്ധ്വാനം, അവള് അനുഭവിക്കുന്ന ഏകാന്തത, അവളുടെ സ്വപ്നം, ത്യാഗം, മാതൃത്വം, സ്വാതന്ത്ര്യം, ദയ, പക എന്നിങ്ങനെയുള്ള വ്യത്യസ്ത തലത്തിലൂടെയാണ് ഓരോ സിനിമയും കടന്നുപോകുന്നത്.
സംവിധായകന് ലെനിന് രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഇത്തരത്തിലൊരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പത്ത് വ്യത്യസ്ത സ്ത്രീകളുടെ കഥകളാണ് ക്രോസ് റോഡ് പറയുന്നത്. പത്ത് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ജീവിതത്തിലെ വ്യത്യസ്തമായ പ്രശ്നങ്ങള്‍, അവര്‍ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ് ഇതിലെ ഇതിവൃത്തം. പത്ത് വ്യത്യസ്ത സ്ത്രീ കാഴ്ചപ്പാടുകള്‍ അതാണ് ക്രോസ് റോഡ് എന്ന സിനിമ.
മംമ്ത മോഹന്‍ദാസ്, ഇഷ തല്‍വാര്‍, പത്മപ്രിയ, സൃന്ദ, മൈഥിലി, പ്രിയങ്കാ നായര്‍, റിച്ച പാനി, പുന്നശ്ശേരി കാഞ്ചന, മാനസ, അഞ്ജന ചന്ദ്രന് എന്നവരാണ് പത്ത് നായികമാരെ അവതിരിപ്പിക്കുന്നത്. ലെനിന് രാജേന്ദ്രന്, മധുപാല്‍, ശശി പരവൂര്‍, ആല്‍ബര്‍ട്ട്, അവിര റെബേക്ക, പ്രദീപ് നായര്‍, നേമം പുഷ്പരാജ്, അശോക് ആര്. നാഥ്, ബാബു തിരുവല്ല, നയന സൂര്യന് എന്നിവരാണ് ഓരോ ചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്.
അഴകപ്പന്‍, മധു അമ്പാട്ട് പോലുള്ള പ്രശസ്ത ഛായാഗ്രാഹകരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബിജിബാല്‍, എം.ജയചന്ദ്രന്, രാഹുല്‍ സുബ്രഹ്മണ്യന് എന്നീ സംഗീത സംവിധായകരും ചിത്രങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. ക്രോസ് റോഡ് എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം നല്‍കിയിരിക്കുന്നത് ഗായികമാരും സഹോദരിമാരുമായ അമൃത സുരേഷും അഭിരാമി സുരേഷും ചേര്‍ന്നാണ്.
യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ആശോക് ആര്.നാഥ് സംവിധാനം ചെയ്ത് മംമ്ത മോഹന്‍ദാസ് കേന്ദ്രകഥാപാത്രത്തെ അവതിപ്പിക്കുന്ന ബാദര്‍ എന്നതാണ് ആദ്യ സിനിമ. മതം അടിച്ചേല്‍പ്പിക്കുന്ന പ്രതിബന്ധങ്ങള്‍ തരണം ചെയ്യുന്ന സ്ത്രീ അന്ധമായ വിഭ്രാന്തിക്ക് അപ്പുറം പോകാന്‍ ധൈര്യപ്പെടുന്നു, അത് ഒരു സമൂഹത്തിന് തന്നെ മാതൃകയായി മാറുന്നതാണ് ഇതിന്റെ ഇതിവൃത്തം.
മംമ്തയെ കൂടാതെ ബാബു അനൂര്, കൈലാഷ്, കൊച്ചുപ്രേമന്, മുന്‍ഷി വേണു, ജെ.സി. കൊട്ടാരക്കര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജെ.സി കൊട്ടാരക്കര നിര്‍മ്മിക്കുന്ന ബാദറിന്റെ ഛായാഗ്രഹണം സുനില്‍ പ്രേമാണ്. ചിത്രസംയോജനം സുജേഷ് എസ്, സംഗീതം വിശ്വജിത്ത് എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.
രണ്ടാമത്തെ സിനിമയാണ് ചെരിവ്, സ്ത്രീസുരക്ഷയാണ് മുഖ്യവിഷയം. അവള് അഭിമുഖീകരിക്കുന്ന ദുരൂഹതകള്‍ നിറഞ്ഞ യാഥാര്‍ത്ഥ്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമാണിത്. അപരിചിതനായ ഒരാളോടൊപ്പം രാത്രിയില്‍ യാത്രചെയ്യേണ്ടിവരുന്ന യുവതിയുടെ കഥയാണ്. സൃന്ദയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മനോജ്.കെ. ജയനാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവിര റെബേക്ക കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നു. റോബിന് കരിംകുട്ടിയാണ് നിര്‍മ്മാതാവ്. നെല്‍സണ്‍ രചന നര്‍വഹിച്ചിരിക്കുന്നു. എം.ജെ. രാധാകൃഷ്ണനാണ് ക്യാമറ. അഭിലാഷ് വിശ്വനാഥ് എഡിറ്റിങ്, ബിജിബാല്‍ സംഗീതം.
ഒരമ്മയുടെ അദ്ധ്വാനത്തിന്റെ കഥപറയുന്ന ചിത്രമാണ് കാവല്‍. നേമം പുഷ്പരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക നായരാണ് മുഖ്യ വേഷം അവതരിപ്പിക്കുന്നത്. പ്രണവ് നായര്‍, പ്രദീപ് കോട്ടയം, പ്രതീഷ് നായര്‍, റോസ്ലിന്, ഷൈലജ.പി, അംബു എന്നിവരാണ് അഭിനേതാക്കള്‍. അഴകപ്പനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സലിന് മാങ്കുഴി രചനയും കാര്‍ത്തിക് എഡിറ്റിംഗും രമേശ് നാരായണന് സംഗീതവും നിര്‍വ്വഹിക്കുന്നു.
നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന മുത്തശ്ശിയുടെ ഏകാന്തതയുടെ കഥയാണ് കൊടേഷ്യന്‍. പുന്നശ്ശേരി കാഞ്ചനയാണ് കേന്ദ്രകഥാപാത്രം. പ്രദീപ് സംവിധാനം ചെയ്യ്ത ചിത്രം നാസ് നാസറാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിഖില്‍ എസ്. പ്രവീണ്‍ ക്യാമറയും ജയരാജ് രചനയും സൂരജ് എസ്.കുറപ്പ് സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു.
സ്വപ്നങ്ങള്‍ക്കൊണ്ട് നിര്‍മ്മിച്ച ലേക്ക് ഹൗസില്‍ കാമുകനെയും കാത്തിരിക്കുന്ന യുവതിയുടെ കഥയാണ് പ്രമേയം. റിച്ച പനായിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാഹുല്‍ മാധവ്, ശോഭാ മോഹന്‍, ചന്ദ്രമോഹന് എന്നിവരും അഭിനയിക്കുന്നു.
ശശി പരവൂര്‍ സംവിധാനം ചെയ്ത ചിത്രം ചന്ദ്രമോഹന് നിര്‍മ്മിക്കുന്നു. കെ.ജി. ജയന് ക്യാമറ, കാര്‍ത്തിക് ജോഗേഷ് എഡിറ്റിങ്, എം. ജയചന്ദ്രന് സംഗീതം, രാഹുല്‍ സുബ്രഹ്മണ്യന് പശ്ചാത്തല സംഗീതം.
ത്യാഗത്തിന്റെ കഥയാണ് മൗനം. മാനസ രാധാകൃഷ്ണന് എന്ന പുതുമുഖ നായികയാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. ബാബു തിരുവല്ല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എം.ജി. രാധാകൃഷ്ണന് ക്യാമറ കൈകാര്യ ചെയ്യുന്നു. ബിജിബാലാണ് സംഗീതസംവിധാനം. സന്ദീപ് നന്ദകുമാര്‍ എഡിറ്റിംഗ്. സീമ.ജി. നായര്‍, അനുമോഹന്‍, രാധിക ഹരി, ജോജന്‍ മുക്കാടന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
മാതൃത്വത്തിന്റെ കഥയുമായി ‘ഒരു രാത്രിയുടെ കൂലി’ എന്ന ചിത്രത്തിലൂടെ പത്മപ്രിയ ഏറെ നാളുകള്‍ക്ക് ശേഷം മലയാള ചലച്ചിത്ര രംഗത്തേയ്ക്ക് തിരിച്ചുവരുന്നു. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബേബി നന്ദന, ഗായത്രി, വി.കെ. ബൈജു, ശിവന് കൃഷ്ണന്‍കുട്ടി നായര്‍, ജോബി, ചന്ദ്രകാന്ത് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ക്യാമറ പ്രതാപ് നായര്‍, രചന പി.എഫ്. മാത്യു, എഡിറ്റിംഗ് പ്രദീപ് ശങ്കര്‍, സംഗീതം ബിജിബാല്‍. ബാബു നായര്‍ കൈപ്പമംഗലം, പി. ദീപു എന്നിവരാണ് നിര്‍മ്മാതാക്കള്‍.
സ്ത്രീ സ്വതന്ത്ര്യമാണ് ‘പക്ഷികളുടെ മണം’ എന്ന സിനിമയ്ക്ക് അടിസ്ഥാനം. പക്ഷി നിരീക്ഷകയായ കുടുംബിനിയായ യുവതിയുടെ കഥയാണിത്. മൈഥിലി, വിജയ്ബാബു, മാസ്റ്റര്‍ ചേതന്‍ ഭഗത്, സിദ്ധാര്‍ത്ഥ് ശിവ, ഗംഗാധര മേനോന് എന്നിവരാണ് അഭിനേതാക്കള്‍. നയന സൂര്യനാണ് സംവിധായിക. സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളുടെ ചിത്രമായ ക്രോസ്റോഡിലെ ഏക വനിതാ സംവിധായികയാണ് നയന. അനില്‍ കെ. കുമാറാണ് നിര്‍മ്മാതാവ്. ഗൗതം ലെനിനാണ് ഛായാഗ്രാഹകന്‍. കാര്‍ത്തിക ജോഗേഷ് ചിത്രസംയോജനം, അജയ് തിലക് സംഗീതം.
പ്രഗത്ഭയായ ഒരു നര്‍ത്തകിയുടെ കഥയാണ് മുദ്ര. ഇഷ തല്‍വാറാണ് നായിക. നഷ്ടപ്പെട്ടുപോയ പൂര്‍വ്വകാല സുഹൃത്തിനെ തേടിയുള്ള യാത്ര അതാണ് മുദ്ര. സംവിധായകനായ ശശി പരവൂരിന്റെതാണ് കഥ. ആല്‍ബര്‍ട്ടാണ് സംവിധായകന്. ഇഷയെ കൂടാതെ അഞ്ജലി നായര്‍, പൂജപ്പുര രാധാകൃഷ്ണന്, കൃഷ്ണന് ബാലകൃഷ്ണന് എന്നിവരാണ് അഭിനേതാക്കള്‍. സാദത്താണ് ക്യാമറ. എം. ജയചന്ദ്രന് സംഗീതം. ജയന് പിഷാരടി പശ്ചാത്തല സംഗീതം. പ്രതാപ് മോഹന്‍ നിര്‍മ്മാണം.
സ്ത്രീയുടെ പകയുടെ കഥപറയുന്നതാണ് മുമ്പേ നടന്നവള്‍. ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഞ്ജന ആര്. ചന്ദ്രനാണ് മുഖ്യകഥാപാത്രത്തെ അവരതരിപ്പിക്കുന്നത്. ജോയ് മാത്യു, സാഗര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബേബി മാത്യു സോമതീരമാണ് നിര്‍മ്മാതാവ്. മധു അമ്പാട്ട് ക്യാമറ, മഹേഷ് നാരായണ്‍ എഡിറ്റിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: