മലയാള സിനിമയുടെ ആദ്യപാദത്തില്‍ നിര്‍മ്മാണരംഗത്തേക്ക് കടന്നുവന്നവരില്‍ ഭൂഭിഭാഗത്തിനും സിനിമയെക്കുറിച്ച് യാതൊരു ഗ്രാഹ്യവുമുണ്ടായിരുന്നില്ല. ഒരു കൗതുകത്തിന്റെ പേരില്‍ ഭ്രമിക്കുകയും ഗ്ലാമര്‍ മോഹിച്ച് ചാടിയിറങ്ങുകയും ചെയ്തവരായിരുന്നു അവര്‍. (അന്നും ഇന്നും സിനിമയ്ക്കൊരു കാരുണ്യമറ്റ സ്വഭാവമുണ്ട്. കളരി വഴി നേര്മുറയ്ക്കോ അല്ലാതെയോ ആടി തട പഠിയ്ക്കാതെ വന്നാല്‍ പൂഴിക്കടനടി പലഭാഗത്തുനിന്നുമുയര്ന്നു ആ വന്നവനെ നിലംപരിശാക്കും). അങ്ങിനെയൊരനുഭവമാണ് ചെങ്ങന്നൂരില്‍ ഡെയ്ലി ചിട്ടി ഫണ്ട് നടത്തിയിരുന്ന ജോസഫ് പള്ളിപ്പാടന്‍ സിനിമ പിടിയ്ക്കാനിറങ്ങിയപ്പോള് അദ്ദേഹത്തിനുമുണ്ടായത്.
ചിട്ടി ഫണ്ടില്‍നിന്നും സ്വരൂപിച്ച പണവും അഭിനയാര്ത്ഥികളില്നിന്നും പിരിച്ചെടുത്ത പണവുമായിരുന്നു പള്ളിപ്പാടന്റെ കോര്‍ഡിനേറ്റേഴ്സ് സിനി പ്രൊഡക്ഷന്‍സ്, കോയമ്പത്തൂരിന്റെ മൂലധനം എന്നാണ് ചേലങ്ങാട്ട് ഗോപാലകൃഷ്ണന് എഴുതിക്കണ്ടത്.
ചിത്രത്തിന് പള്ളിപ്പാടന്‍ ആദ്യം കയറി ഒരു പേരങ്ങു നിശ്ചയിച്ചു, ‘സുഹൃത്ത്.’
അതിനു ഒരു ന്യായമുണ്ടായിരുന്നുവെന്നും ചേലങ്ങാട്ട് ചൂണ്ടിക്കാട്ടുന്നു. പലര് ചേര്‍ന്നാണ് മൂലധനം സമാഹരിച്ചത്. മുതല്‍മുടക്കിന്റെ സൗഹൃദം അന്വര്‍ത്ഥമാക്കുകയായിരുന്നു സുഹൃത്തിലൂടെ! പോരാത്തതിന് ഒരു ഗാനവും. കഥയും സംഭാഷണവും എഴുതി ചിത്രം സംവിധാനം ചെയ്തത് പള്ളിപ്പാടന്‍ തന്നെയായിരുന്നു. സ്വാഭാവികമായും അങ്ങിനെയൊരു ചിത്രത്തിന് ഒരുപാടു കുറവുകളുണ്ടാകാതെ വയ്യ. പക്ഷെ അക്കൂട്ടത്തില്‍ രണ്ട് സവിശേഷതകളുമുണ്ടായിരുന്നു. അത് കാണാതിരുന്നുകൂടാ.
അവയില്‍ ഏറ്റവും പ്രധാനം ഇന്ത്യയിലെ മികച്ച ചലച്ചിത്രനടനുള്ള ഭരത് അവാര്‍ഡ് മലയാളത്തില്‍ ആദ്യമായി നേടിയ പി.ജെ. ആന്റണിയുടെ ചലച്ചിത്രപ്രവേശത്തിന് ‘സുഹൃത്ത്’ വേദിയൊരുക്കി എന്നുള്ളതാണ്. എം.എസ്. നമ്പൂതിരിയുടെയും ആദ്യചിത്രമായിരുന്നു ഇത്. പി.കെ. ശങ്കര്‍, പി. അലക്സ്, പി. കര്‍മ്മചന്ദ്രന്‍, പി.എം. രേവമ്മ, കെ.പി. വിജയലക്ഷ്മി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍.
ആ അര്‍ത്ഥത്തില്‍ ഏറ്റവും കൂടുതല്‍ (ഏതാണ്ട് പൂര്‍ണമായിത്തന്നെ) മലയാളികളെ അണിനിരത്തിക്കൊണ്ടു നിര്‍മ്മിച്ച ചിത്രമായി ‘സുഹൃത്ത്.’ ആര്.എ. കൊല്ലങ്കോടും പി.ജെ. ആന്റണിയുമാണ് സുഹൃത്തിലെ മറ്റുഗാനങ്ങള്‍ എഴുതിയത്. ആകെ പത്തു ഗാനങ്ങള്‍. അഞ്ചെണ്ണം ആന്റണി. നാലെണ്ണം കൊല്ലങ്കോട്. ഒരെണ്ണം മുന്‍പേ പറഞ്ഞതുപോലെ ജോസഫ് പള്ളിപ്പാടനും.
പി.ജെ. ആന്റണിയുടെ ഗാനരചയിതാവെന്ന നിലയിലുള്ള അരങ്ങേറ്റ ചിത്രംകൂടിയായി ‘സുഹൃത്ത്.’ ജി. വിശ്വനാഥനായിരുന്നു സംഗീതസംവിധായകന്. പാട്ടുകളുടെ പ്രകൃതത്തെക്കുറിച്ചോ, ആരെല്ലാമായിരുന്നു ഗായകര്‍ എന്നതിനെക്കുറിച്ചോ വിവരങ്ങളൊന്നുമറിയില്ല. ‘ചിത്രഗാനസ്മരണിക’യിലും വിവരങ്ങള്‍ ലഭ്യമല്ലെന്ന കുറിപ്പു മാത്രമാണുള്ളത്.
ആലുവയിലെ ചെമ്പോലത്തറവാട്ടിലെ ശേഖരന് ഒരു റിട്ടയേര്‍ഡ് തഹസില്‍ദാരാണ്. വീട്ടുകാര്യങ്ങളില്‍ അയാള്‍ക്കൊരു താല്പര്യവുമില്ല. ഭാര്യ കമലമ്മയുടെ ചുമലിലാണ് ആവക ഭാരങ്ങള്‍. രാജഗോപാലന്‍, രാധാകൃഷ്ണന് എന്നീ രണ്ടാണ്മക്കളാണവര്ക്ക്. ഒരനഥാലയത്തിന്റെ നടത്തിപ്പുകാരിയായ വിധവ മേരിയായിരുന്നു ഇതില്‍ രാധാകൃഷ്ണന്റെ ടീച്ചര്‍. രാധാകൃഷ്ണന് മദിരാശിയില്‍ ഉപരിപഠനത്തിനുപോയി.
അപ്പോഴതാ അനുജന് രാജഗോപാലിനും പോകണം പഠിയ്ക്കുവാന്‍ മദിരാശിയില്‍. മേരി ടീച്ചര്‍ തന്റെ സ്വത്ത് വിറ്റ് പണമുണ്ടാക്കിയാണ് അയാളെ പഠിയ്ക്കുവാനയക്കുന്നത്. (തഹസില്‍ദാരുടെയും ഭാര്യയുടെയും സ്വത്ത് എവിടെപ്പോയെന്നു ചോദിയ്ക്കരുത്. അതു മറ്റൊരാവശ്യത്തിനായി കഥാകൃത്ത് കരുതി മാറ്റിവച്ചിരിക്കുകയാണ്.) രാധാകൃഷ്ണന് ആണല്ലോ ആദ്യം മദിരാശിക്കു പോയത്.
അയാളില്ലാത്ത തക്കത്തിന് രാജഗോപാലന്‍ സ്വത്ത് സ്വന്തം അധീനതയിലാക്കി മദിരാശിയില്‍ പഠിക്കുവാന്‍ ചെന്നു. വൈകാതെ അതത്രയും ധൂര്‍ത്തടിക്കുകയും ചെയ്തു. അപ്പോള്‍ ശേഖരനും കമലമ്മയുമോ എന്ന ചോദ്യവും വേണ്ട. ചോദ്യങ്ങള്‍ കഥയില്‍ അനുവദനീയമല്ല.
രാജഗോപാല്‍ മദിരാശിയില്‍ വച്ച് വിമല എന്ന പെണ്‍കുട്ടിയുമായി പ്രേമത്തിലായി.
രാധാകൃഷ്ണനാകട്ടെ രാജു എന്നൊരു ചങ്ങാതിയേയും നേടി. മദിരാശിയിലെത്തിയ രാജഗോപാലിന് ആ ചങ്ങാത്തം രുചിച്ചില്ല. പിന്നെ വൈകിച്ചില്ല. അയാള്‍ തോക്കെടുത്തു രാജുവിനെ വെടിവച്ചു. കൊണ്ടത് പക്ഷെ രാധാകൃഷ്ണനായിപ്പോയെന്നു മാത്രം! രാജഗോപാലന്‍ പിന്നെ സമയം കളയാതെ ഉടന്‍ നാട്ടിലേയ്ക്കു തിരിച്ചു.
മേരിടീച്ചറെയും മകള്‍ ലീലയേയും നാട്ടില്‍നിന്ന് പായിച്ചോടിച്ചു. വെടികൊണ്ടുവെങ്കിലും രാധാകൃഷ്ണന് കഥാകൃത്ത് ആയുസ്സ് പിന്നെയും ബാക്കിവച്ചിട്ടുണ്ടായിരുന്നു. അയാള്‍ രാജഗോപാലിന്റെ പുറകെ നാട്ടിലെത്തി. മുഖ്യലക്ഷ്യം മേരിടീച്ചറെയും ലീലയേയും കണ്ടെത്തുകയാണ്. ഒരുപാടു ശ്രമിച്ചശേഷം ഒടുവില്‍ കണ്ടെത്തി.
ഇനിയെന്ത് എന്നു ശങ്കിച്ചുനില്ക്കുവാനൊന്നും കഥാകൃത്ത് സമ്മതിച്ചില്ല. ആജ്ഞാനുവര്‍ത്തിയായി കഥാപുരുഷന് മുന്പില് നോക്കാതെ ലീലയെ പാണിഗ്രഹണം ചെയ്തു. അപ്പോഴും എന്തോ കൂടി കഥയില്‍ ബാക്കി. എന്നാല്‍പ്പിന്നെ രാജു വിമലയെ കല്യാണം കഴിയ്ക്കട്ടെ; കഴിച്ചു. ഇനിയെന്തിനു കഥ നീട്ടണം. നീട്ടിയില്ല. ശുഭം കര്ട്ടന്!
ഇതെന്താ ഇങ്ങിനെ? ശേഖരനും കമലമ്മയും എവിടെ? രാജഗോപാല്‍ പിന്നെന്തു ചെയ്തു? വിമലയ്ക്കു രാജഗോപാലുമായിട്ടായിരുന്നില്ലേ പ്രേമം?
ചോദ്യങ്ങള്‍ ഒരുപാടു കാണുമെന്നറിയാം. അതുകൊണ്ടാണ് കഥയില്‍ ചോദ്യങ്ങള്‍ വിലക്കിയിരിക്കുന്നു എന്നാദ്യമേ സൂചിപ്പിച്ചത്.
ക്ലേശിച്ചു ക്ലേശിച്ചാണ് ചിത്രപ്പരപ്പില്നിന്നും ഇത്രയും കഥ തെളിച്ചെടുത്തത്. മൊത്തത്തില്‍ ഒരാശയക്കുഴപ്പം ആദ്യമിതില് പ്രകടമായനുഭവപ്പെട്ടില്ലേ? അതിന്റെ പത്തിരട്ടി സിനിമ കണ്ടപ്പോള്‍ പ്രേക്ഷകനുമുണ്ടായി. ഫലം, ലളിതം! എറണാകുളത്തെ കൊച്ചിന് പിക്ചേഴ്സ് പ്രദര്‍ശനത്തിനെത്തിച്ച ‘സുഹൃത്ത്’ കെങ്കേമമായി പരാജയപ്പെട്ടു.
പക്ഷെ പള്ളിപ്പാടനുണ്ടോ വിടുന്നു! അതുകൊണ്ടുമരിശം തീരാതെ വീണ്ടുമൊരു ചിത്രംകൂടി പടയ്ക്കുവാനൊരുമ്പെട്ടു. ഇക്കുറി അങ്കം തമിഴിലായിരുന്നു. ചിത്രം ‘പേച്ചൊല്ല്.’ ‘സുഹൃത്തി’ന്റെ ഗതിതന്നെ ‘പേച്ചൊല്ലി’നുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
1937 ല്‍ സ്ഥാപിതമായ ഈ സ്റ്റുഡിയോയുടെ ഉടമ കൊച്ചിയില്‍ ചീഫ് ജസ്റ്റിസായിരുന്ന ജോസഫ് തളിയത്തിന്റെ പുത്രന് ജോസഫ് തളിയത്ത് ജൂനിയറായിരുന്നു. തമിഴില്‍ ‘ജ്ഞാനസുന്ദരി’ എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടായിരുന്നു സിറ്റാഡലിന്റെ അരങ്ങേറ്റം.
അവര്‍ നിര്‍മ്മിച്ച അധികവും തമിഴ് ചിത്രങ്ങളായിരുന്നു. ആ നിലയില്‍ മദിരാശിയില്‍ തളിയത്തിനു തെന്നിന്ത്യന്‍ ചിത്രരംഗത്തു സാമാന്യമായ ഒരു സ്ഥാനവുമുണ്ടായിരുന്നു. ‘ജീവന്താര’ എന്ന ഒരു ഹിന്ദി ചിത്രവും ‘ആത്മശാന്തി’ എന്ന മലയാള ചിത്രവുമാണ് അതല്ലാതെ തെളിയത്ത് നിര്‍മ്മിച്ചിട്ടുള്ളത്.
മണിരത്നത്തിന്റെ നിര്‍മ്മാണത്തില്‍ പ്രതാപ് പോത്തന് സംവിധാനം ചെയ്യേണ്ടിയിരുന്ന (നടക്കാതെ പോയി) ഒരു തമിഴ് ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് കുറച്ചു നാളുകള്‍ പൂനമലെ ക്രോസ് റോഡിലുള്ള പ്രതാപിന്റെ ഫ്ളാറ്റില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. എട്ടാം നിലയിലെ ഫ്ളാറ്റിന്റെ ബെഡ്റൂം ജനാല തുറന്നാല്‍ നാലുവശവും മതില്കെട്ടിയ ഒരു വലിയ കോമ്പൗണ്ട് താഴെ പിന്‍ഭാഗത്തു കാണാമായിരുന്നു.
ആ കോമ്പൗണ്ടിനകത്തുണ്ടായിരുന്ന കെട്ടിടങ്ങളുടെ അവശേഷിപ്പുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതാപിന്റെ അക്കാലത്തെ സെക്രട്ടറി കം സാരഥി കം അംഗരക്ഷകനായിരുന്ന താഹഭായ് അവിടെയാണ് മുന്‍പ് സിറ്റാഡല്‍ സ്റ്റുഡിയോ ഉണ്ടായിരുന്നതെന്നു പറഞ്ഞത് ഓര്‍ക്കുന്നു.
സിറ്റാഡലിന്റെ ബാനറിലാണ് ‘ആത്മശാന്തി’ ഇറങ്ങുന്നത്. സംവിധായകനായി ‘വെള്ളിനക്ഷത്രം’ വാരികയുടെ 2010 ലെ ഫിലിം ഇയര്‍ബുക്കില്‍ കാണിച്ചിരിക്കുന്നത് ജോസഫ് തളിയത്തിന്റെ പേരാണ്. സിനിക്കിന്റെ ‘ചിത്രശാല’യിലെ പരാമര്‍ശവും സിറ്റാഡല്‍ കേന്ദ്രീകൃതമാണ്. ചേലങ്ങാട്ടു ഗോപാലകൃഷ്ണന് പക്ഷെ ഒരു ലേഖനത്തില്‍ ജോസഫ് ഡൊമിനിക് കുരുവിനാക്കുന്നേലായിരുന്നു നിര്‍മ്മാതാവെന്നു എഴുതിക്കണ്ടു.
അതേ ലേഖനത്തില്‍ ജോസഫ് തളിയത്ത് നിര്‍മ്മിച്ച തമിഴിതര ചിത്രങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ ‘ആത്മശാന്തി’യും ഉള്‍പ്പെടുത്തിക്കാണുന്നു. അതിനര്‍ത്ഥം ജോസഫ് തളിയത്താണ് ചിത്രം നിര്‍മ്മിച്ചതെന്നാണ്. അപ്പോള്‍ കുരുവിനാക്കുന്നേലോ? രണ്ടും ഒരാളാണെന്നനുമാനിക്കുക വയ്യ.
തളിയത്തും കുരുവിനാക്കുന്നേലും പ്രശസ്തമായ രണ്ടു തറവാടുകളാണ്. കുരുവിനാക്കുന്നേല്‍ നിര്‍മ്മിച്ച് തളിയത്ത് സംവിധാനം ചെയ്ത ചിത്രമാണോ? അങ്ങിനെയെങ്കില്‍ സിറ്റാഡല്‍ എന്ന ബാനര്‍ എങ്ങിനെ വരും? കുരുവിനാക്കുന്നേല്‍ തുടങ്ങി സിറ്റാഡല്‍ ഏറ്റെടുത്ത ചിത്രമാണോ? അതോ ചേലങ്ങാടിനു പിഴവുപറ്റി കുരുവിനാക്കുന്നേലിനെ ചിത്രവുമായി ബന്ധപ്പെടുത്തിയതാണോ?
മുന്‍പേ പറഞ്ഞതുപോലെ യാഥാര്‍ത്ഥ്യം ചോദിച്ചറിയുവാന്‍ സ്രോതസ്സുകള്‍ പ്രാപ്യമല്ലാത്ത സാഹചര്യത്തില്‍ ഈ ആശയക്കുഴപ്പം അതേപടി ഏറ്റു രേഖപ്പെടുത്തുവാനേ സത്യസന്ധമായി കഴിയുന്നുള്ളൂ; ക്ഷമിയ്ക്കുക.
അഭയദേവ് രചിച്ച 12 പാട്ടുകളുണ്ടായിരുന്നു ‘ആത്മശാന്തി’യില്‍. ടി.ആര്. പാപ്പയായിരുന്നു സംഗീതസംവിധായകന്. തമിഴ് ചലച്ചിത്രരംഗത്ത് അക്കാലത്ത് പ്രസിദ്ധനായിരുന്നു പാപ്പ. അല്‍ഫോന്‍സ, സന്ദേഹി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ക്കൂടി അദ്ദേഹം സഹവര്‍ത്തിച്ചു. ആകാശവാണിയുടെ മദിരാശി നിലയത്തില്‍ സംഗീത സംവിധായകനായി ഏറെക്കാലം സേവനമനുഷ്ഠിച്ചിട്ടുമുണ്ട്.
പില്ക്കാലത്ത് പ്രസിദ്ധയായ എ.പി. കോമളയുടെ ആദ്യ മലയാളഗാനം ഈ ചിത്രത്തിലായിരുന്നു. പന്ത്രണ്ടില്‍ ആറ് പാട്ടുകള്‍ കോമള പാടി. ”മറുവതില്ലേ ലോകമേ…, ”മറയുകയായ്…വരവായ് പ്രിയതരമായ്…, ”മധുരഗായകാ….”, ”പാഴായ ജീവിതം….”. പി. ലീല, ജാനമ്മ ഡേവിഡ്, വിജയറാവു, മോത്തി എന്നിവരായിരുന്നു മറ്റു ഗായകര്‍. ഇവരില്‍ മോത്തിയുടെയും പ്രഥമ മലയാള ഗാനമായിരുന്നു ചിത്രത്തിലേത്. ഹിന്ദി, തമിഴ് ചിത്രങ്ങളില്‍ ഏറെക്കുറെ അറിയപ്പെട്ടിരുന്ന ഗായകനായിരുന്ന മോത്തി തുടര്‍ന്നും ചില മലയാള ചിത്രങ്ങളില്‍ പാടിയിട്ടുണ്ടെന്നാണറിവ്.
വഞ്ചിയൂര്‍ മാധവന്‍നായര്‍, കൊട്ടാരക്കര, ഫ്രണ്ട് രാമസ്വാമി മഹാദേവന്, എസ്.പി. പിള്ള, മിസ് കുമാരി, കെ. കോമളം, ആറന്മുള പൊന്നമ്മ, ലക്ഷ്മീദേവി, മേനക തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. അതില്‍ മികച്ചുനിന്നത് സാമ്പ്രദായിക വില്ലന്‍ വേഷമായിരുന്നിട്ടും കൊട്ടാരക്കര ശ്രീധരന്നായരാണെന്നാണ് സിനിക്കിന്റെ വിലയിരുത്തല്‍. നടിമാരില്‍ ഭേദപ്പെട്ടതു ആറന്മുള പൊന്നമ്മയാണ്. മിസ്സ് കുമാരി ഈ ചിത്രത്തിലും നിരൂപക കനിവ് നേടാതെ പോയി. നായകവേഷത്തില്‍ അഭിനയിച്ച വഞ്ചിയൂര്‍ മാധവന്നായരുടെ പ്രകടനം ആദ്യന്തം കൃത്രിമമായാണത്രെ അനുഭവപ്പെട്ടത്.
എന്‍.പി. ചെല്ലപ്പന്നായരുടേതായിരുന്നു രചന. ഇതിനുമുന്‍പിറങ്ങിയ ചിത്രങ്ങളുടെ വാര്‍പ്പില്‍, അതിനാടകീയത കുത്തിത്തിരുകിയ സംഭാഷണ ഭാഗങ്ങളായി ഒരു തട്ടിക്കൂട്ടുകഥ. സിറ്റാഡലിന്റെ പ്രവര്‍ത്തനമേഖല യഥാര്‍ത്ഥത്തില്‍ തമിഴിലായതുകൊണ്ടുകൂടിയാവണം ചിത്രത്തിനൊരു തമിഴ്പതിപ്പുകൂടിയുണ്ടായിരുന്നു. അതു മനസ്സില്‍ കണ്ടുകൊണ്ടുള്ള മേമ്പൊടികളുടെ കൃത്രിമത്വം കഥയില്‍ കനംതൂങ്ങി നിന്നുമിരുന്നു.
ഒരു സസ്പെന്‍സോടെയാണ് ചിത്രമാരംഭിക്കുന്നത്. തിരുവനന്തപുരത്തെ ഒരു പ്രൗഢമായ കുടുംബത്തിലെ അംഗങ്ങളാണ് ശ്രീധരപ്പണിക്കരും ഭാര്യ ജാനകിയമ്മയും. അവര്‍ക്കൊരു ഓമനക്കുഞ്ഞുമുണ്ട്. അവര്‍ വീണ്ടും ഗര്‍ഭിണിയുമാണ്. ജാനകിയമ്മയുടെ സഹോദരന് ജയിലിലാണ്. അയാള്‍ ജയില്‍ ചാടുന്നു. സഹോദരീഗൃഹത്തില്‍ വന്ന് ഒളിക്കുന്നു. പണിയ്ക്കരുടെ പഴയ വിരോധിയാണ് പോലീസ് ഓഫീസര്‍.
ജയില്‍ ചാടിയ പുള്ളിയെ അയാള്‍ ആ വീട്ടില്‍നിന്നും പിടിച്ചു. ജാനകിയമ്മയായി അതിന്റെ പിഴ. ഗര്‍ഭിണിയായ ഭാര്യയെ പണിക്കര്‍ കൈയ്യൊഴിയുന്നു. അവര്‍ ജയിലിലായി. കാരാഗൃഹവാസം കഴിഞ്ഞു കൈക്കുഞ്ഞുമായെത്തുമ്പോഴും മനസ്സലിയാതെ അയാള്‍ അവരെ ആട്ടിയോടിച്ചു. അഭയം തേടി അമ്മയും കുഞ്ഞും മദിരാശിയിലെത്തി.
വിശാലഹൃദയനായ ഡോ. ഭാസ്ക്കര്‍ അവര്‍ക്കഭയം നല്കി. ഡോക്ടര്‍ക്കൊരു മകളുണ്ട്, വിമല. ജാനകിയമ്മയുടെ മകള്‍ ശാരദയും നിര്‍മ്മലയും സഖികളായി. അവരൊന്നിച്ചു വളര്‍ന്നു. പണിയ്ക്കരുടെ ആദ്യസന്താനമായ നിര്‍മ്മലയും ഭാഗിനേയനായ മധുവും അനുരാഗബദ്ധരാണ്. ഒരു യാത്രാമധ്യേ ട്രെയിന്‍ ടിക്കറ്റ് നഷ്ടപ്പെട്ടു ചകിതയായ നിന്ന ശാരദയെ മധു രക്ഷപ്പെടുത്തി. അവര്‍ പരിചയക്കാരായി.
മധു ഗായകനാണ്. അയാളെ മുന്‍നിര്‍ത്തി പൊതുജനങ്ങളെ പറ്റിച്ചു പണം പിടുങ്ങുന്നവരാണ് ശേഖറും രഘുവും. അവര്‍ ആസ്സാം ദുരിതാശ്വാസ ഫണ്ടിലെ പണമപഹരിക്കുമ്പോള് മധു എതിര്‍ക്കുന്നു. തങ്ങളുടെ കുടില പ്രവൃത്തികള്‍ക്ക് തടസ്സം നില്ക്കുന്ന മധുവിനെ കുടുക്കുവാനായി ദുഷ്ടബുദ്ധികളുടെ ശ്രമം. ആപത്ത് പിണഞ്ഞ മധു ഡോ. ഭാസ്ക്കറുടെ വീട്ടില്‍ ചികിത്സയ്ക്കു വന്നപ്പോള്‍ മുന്പരിചയംവച്ചു ശാരദ അയാളെ പരിചരിക്കുന്നു.
ഇരുവരെയും ചേര്‍ത്തു ശേഖറും രഘുവും പരത്തിയ അപവാദം ശ്രീധരപ്പണിക്കരുടെ അടുത്തെത്തി. കുപിതനായി മദിരാശിയിലെത്തിയ അയാളുടെ മനസ്സില്‍ ശേഖറും രഘുവും കൂടുതല്‍ വിഷം പടര്‍ത്തുന്നു. വിവരമറിയുന്ന നിര്‍മ്മല മധുവിനോടു പൊരുത്തപ്പെടുവാന്‍ തയ്യാറായി. തിരുവനന്തപുരത്തു അവളെ തേടിവന്ന മധുവിനെ നിന്ദിച്ചു പുറംതള്ളി.
നിര്‍മ്മലയുടെ എതിര്‍പ്പിനെ അവഗണിച്ച ശ്രീധരപണിക്കര്‍ അവര്‍ക്കു വേറെ വിവാഹം തീര്‍ച്ചപ്പെടുത്തുന്നു. തന്മൂലം പഴിയേറ്റ മധുവിനെച്ചൊല്ലി ശാരദ ദുഃഖിയ്ക്കുന്നു. നിര്‍മ്മലയുടെ വിവാഹവിവരം അറിഞ്ഞ മധു ശാരദയെ വിവാഹംചെയ്യുവാനുറയ്ക്കുന്നു. വിവാഹ ദിവസം ഹൃദ്രോഗബാധയേറ്റ് നിര്‍മ്മല ബോധരഹിതയായി വീഴുന്നു.
നാട്ടിലെ ചികിത്സിക്കാതെ ശ്രീധരപണിക്കര്‍ മകളെയും കൂട്ടി ഡോ. ഭാസ്ക്കറുടെയടുത്തെത്തി. ശാരദയെ മധു കൈയ്യേല്ക്കുന്നതോടെ ജാനകിയമ്മ ഇതിനിടയില്‍ കാശിക്കു പോയിരുന്നു. മധുവും ശാരദയും നിര്ദ്ധനരായെങ്കിലും അവര്‍ ഒരു കൊച്ചു ജോലി സംഘടിപ്പിച്ചു സന്തോഷമായി കഴിയവെയാണ് രോഗിണിയായ നിര്മ്മലയേയുംകൊണ്ടുള്ള പണിക്കരുടെ വരവ്. മധുവിന്റെ മനസ്സില്‍ നിര്‍മ്മലയെക്കുറിച്ച് ദുഃഖം. അതു ശാരദയറിയുന്നു.
ബാല്യകാലസഖിയും കാമിനിയുമായ നിര്മ്മലയില്നിന്നും മധുവിനെ അകറ്റിയതില്‍ തനിക്കുള്ള പങ്കിനെക്കുറിച്ചവള് തപിച്ചു. അതിനവള് കണ്ട ഉപായം മധുവിനെ തെറ്റിദ്ധരിപ്പിച്ചു തന്നെ വെറുക്കുന്ന സാഹചര്യം ഉണ്ടാക്കുകയാണ്. അതു കുറിക്കുകൊണ്ടു. പിന്നെ തനിയ്ക്കെന്തിനി ജീവിതം? ആത്മഹത്യ ചെയ്യുവാനിറങ്ങിയ ശാരദയെ ശേഖര്‍ കാറില്‍ ബലാല്‍ക്കാരമായി തട്ടിക്കൊണ്ടുപോകുന്നു. പോലീസുകാര്‍ അതു തടയുന്നു.
അതിനിടയില്‍ ശേഖറിന്റെ കാറ് മറിഞ്ഞ് ശാരദക്ക് ഗുരുതരമായി പരിക്കുപറ്റിയിരുന്നു. അതിനിടയില്‍ ഭാര്യാസഹോദരന്‍ വന്ന് ജാനകിയമ്മയെക്കുറിച്ചു പണിക്കരുടെ മനസ്സിലെ തെറ്റിദ്ധാരണകള്‍ നീക്കി. കാശിയാത്ര കഴിഞ്ഞ് മടങ്ങിവന്ന ജാനകിയമ്മയെ പണിക്കര്‍ സ്വീകരിച്ചു.
ശാരദ എവ്വിധവും രക്ഷപ്പെട്ട് അവളും മധുവും സസുഖം വാഴണമെന്നതിലാണ് തന്റെ ആത്മശാന്തി എന്ന് നിര്‍മ്മല പ്രഖ്യാപിക്കുന്നു. ഈശ്വരന് ആ മനസ്വിനിക്കു ആ ഭാഗ്യഗമരുളുന്നു. മധു-ശാരദമാരുടെ കുഞ്ഞിനെ ലാളിച്ചുകൊണ്ട് ത്യാഗിനിയായ നിര്‍മ്മല നിര്‍വൃതിയടയുന്ന ദൃശ്യത്തോടെ ചിത്രം പര്യവസാനിക്കുന്നു.
‘ചിത്രശാല’യിലെ തന്റെ കുറിപ്പ് സിനിക്ക് അവസാനിപ്പിക്കുന്നതിങ്ങനെയാണ്:
”ആ സംഭവജടിലമായ കഥ, അവിദഗ്ധമായ ഷിനേറിയോ, ഒട്ടുമുക്കാലും ഭാവനാശൂന്യമായ സംവിധാനം, അസംഖ്യം സാങ്കേതിക ന്യൂനതകള്‍, ഇമ്പം നല്കാനാവാത്ത സംഗീതം…..ഇവയെല്ലാമടങ്ങിയ ഈ മുഷിപ്പന്‍ മലയാളപടം കാണുവാനും ആളുകള്‍ മിനക്കെട്ടു വരുന്നതെങ്ങനെയെന്നാലോചിക്കുമ്പോഴാണ്, ഓര്‍മ്മ വരുന്നത്, കല്ലും നെല്ലും ചെളിക്കട്ടയും കലര്‍ന്ന നാറുന്ന പച്ചരിയാണ് റേഷന്‍ തരുന്നതെങ്കില്‍ അതും തിന്ന് ഒച്ചപ്പാടുണ്ടാക്കാതെ പുലരുന്നവരല്ലേ നാം എന്ന്!”
പ്രതികരിക്കാൻ ഇവിടെ എഴുതുക: