വെവിധ്യങ്ങളുടെ സംഗമഭൂമിയായ ഭാരതത്തെ അടുത്തറിയുക പ്രയാസമാണ്. നാടും വീടും ഉറ്റവരേയും ഉടയവരേയും ഉപേക്ഷിച്ച് ഏകാന്തപഥികനായി ഭാരതമെങ്ങും ചുറ്റി സഞ്ചരിച്ച് ഭാരതീയ ജീവിതശൈലിയുമായി ഇഴുകിച്ചേര്‍ന്നാല്‍ മാത്രമേ ദേവനിര്‍മിതമായ ഈ ശാദ്വലഭൂമിയുടെ ആത്മാവിനെ ദര്‍ശിക്കാനാകൂ. അവധൂത തപശ്ചര്യ ഒന്നുകൊണ്ടു മാത്രമേ ആ ദിവ്യാത്മാവിനെ പ്രകാശിപ്പിക്കുന്ന ഗ്രാമങ്ങളേയും സംസ്കൃതിയേയും തിരിച്ചറിയാനാകൂ. അങ്ങനെ തിരിച്ചറിഞ്ഞ അപൂര്‍വം ചിലരാണ് സ്വാമി വിവേകാനന്ദന്, സ്വാമി ദയാനന്ദന്, ഗുരുനാനാക് തുടങ്ങിയവര്‍.
ഈ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്ന മഹാപരിക്രമയാത്ര പൂര്‍ത്തിയാക്കി ഒരു അവധൂതന് ത്രിവേണി സംഗമഭൂമിയായ കന്യാകുമാരിയില്‍ നിന്ന് ലോകത്തോട്, മാനവസമൂഹത്തോട് വിളിച്ചു പറയുന്നു- ”ഗ്രാമങ്ങളിലേക്ക് മടങ്ങൂ” എന്ന്. അവധൂതചര്യയിലൂടെ ഭാരതമെങ്ങും ചുറ്റിനടന്ന് രാഷ്ട്രത്തിന്റെ അകക്കാമ്പ് ദര്‍ശിച്ച ആ പരിവ്രാജകന് മറ്റാരുമല്ല, ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ സേവാപ്രമുഖ് സീതാറാം കേത്ലായ എന്ന ജ്ഞാനവൃദ്ധനാണ്. 74-ാം വയസ്സില്‍ നാലുവര്‍ഷം 11 മാസം നീണ്ടുനിന്ന മഹാപരിക്രമയില്‍ ഭാരതത്തിലെ 23 സംസ്ഥാനങ്ങളിലും നേപ്പാള്‍, ഭൂട്ടാന് തുടങ്ങിയ രാജ്യങ്ങളിലെ അതിര്‍ത്തിപ്രദേശങ്ങളിലും കാല്‍നടയായി സഞ്ചരിച്ച് ജനപദങ്ങളുമായി അദ്ദേഹം സംവദിച്ചു.
മഞ്ഞും മഴയും വെയിലും വകവയ്ക്കാതെ 23,100 കിലോമീറ്റര്‍ പിന്നിട്ട് സുജലയും സുഫലയും മലയജശീതളയും സസ്യശ്യാമളയും സുഖദയും വരദയുമായ ഭാരതാംബയെ ദര്‍ശിച്ചു. വാത്സല്യനിധിയും അഭീഷ്ടവരദായനിയുമായ ആ അമ്മ യാത്രയിലുടനീളം തന്നോടൊപ്പമുണ്ടായിരുന്നെന്നാണ് സീതാറാം കേത്ലായ സാക്ഷ്യപ്പെടുത്തുന്നത്.
ഓരോ ദിവസവും രാവിലെ 6.15ന് ഗോപൂജയോടെ ആരംഭിക്കുന്ന യാത്ര, രാത്രി ഏഴിന് സത്സംഗത്തോടെയാണ് സമാപിച്ചിരുന്നത്. ഭൂമി, പശു, മരം, ജലം, ഗ്രാമീണതൊഴില്‍, ഗ്രാമവളര്‍ച്ച, ഭാരതീയ സംസ്കാരം എന്നിവയുടെ സംരക്ഷണത്തെ കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തിയും ഗ്രാമസങ്കീര്‍ത്തനം, ഭജന, സത്സംഗം എന്നിവ സംഘടിപ്പിച്ചുമാണ് ഓരോ ദിവസത്തെയും യാത്ര. ചെന്ന നാട്ടിലെല്ലാം സീതാറാമിനെ ജാതി-മത-വര്‍ഗ-വര്‍ണ-ലിംഗ ഭേദമില്ലാതെ ജനങ്ങള്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. അവരുടെ ക്ഷേമൈശ്വര്യങ്ങളും കഷ്ടനഷ്ടങ്ങളും മനസ്സിലാക്കി.
ഗ്രാമങ്ങളിലെ ദരിദ്രനാരായണന്മാരെങ്കിലും, സംസ്കാരസമ്പന്നരായ രാഷ്ട്രത്തെ അന്നമൂട്ടുന്ന കര്‍ഷകരെ നേരില്‍കണ്ടു. അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി. പരിസ്ഥിതിക്കു നേരെ ഉയരുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞു. അവ ഭാവിയിലുയര്‍ത്താന്‍ പോകുന്ന ഭീഷണികളെക്കുറിച്ചും ബോധവാനായി. നഗര-ഗ്രാമ-വന-വ്യത്യാസമില്ലാതെ 1797 ദിവസങ്ങള്‍ കൊണ്ട് പരിക്രമം പൂര്‍ത്തിയാക്കി.
ഭാരതത്തെ അറിയുക, ഭാരതീയനായി ജീവിക്കുക, ഭാരതത്തെ ലോകഗുരുവാക്കി മാറ്റുക എന്ന തത്ത്വം വിളംബരം ചെയ്ത് 2012 ആഗസ്ത് ഒമ്പതിന്, യോഗേശ്വരനായ ശ്രീകൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമിക്കാണ് മഹാപരിക്രമ ആരംഭിച്ചത്. ഗ്രാമവികസനത്തിലൂടെ മാത്രമേ ഭാരതത്തിന്റെ ശരിയായ വികസനം സാധ്യമാകൂ, അതിനാല്‍ ഗ്രാമങ്ങളിലേക്ക് മടങ്ങൂ എന്ന ആഹ്വാനത്തോടെ ആരംഭിച്ച യാത്ര സമാപിച്ചതാകട്ടെ 2017 ജൂലൈ ഒമ്പതിന് ഗുരുപൂജയ്ക്ക് വിശേഷപ്പെട്ട ഗുരുപൂര്‍ണിമ ദിനത്തിലും.
യാത്രയുടെ സമാപനം കുറിച്ച് സീതാറാം ജൂലൈ ഒമ്പതിന് രാവിലെ നാലിന് വിവേകാനന്ദ കേന്ദ്രത്തില്‍ നിന്ന് ത്രിവേണി സംഗമത്തിലേക്ക് നീങ്ങി. 4.30ന് കന്യാകുമാരി ഭഗവതിയമ്മന്‍ ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്ത് നിര്‍മാല്യദര്‍ശനം നടത്തി. തുടര്‍ന്ന് ത്രിവേണി സംഗമത്തിലെ പ്രത്യേക പൂജയ്ക്കും ഹോമത്തിനും ശേഷം യാത്രയിലുടനീളം സൂക്ഷിച്ചിരുന്ന ധ്വജം കടലില്‍ നിമജ്ജനം ചെയ്താണ് പദയാത്ര സമാപിപ്പിച്ചത്.
മഹാപരിക്രമയാകട്ടെ ലോകജനത്തിന് മംഗളം നേര്‍ന്നു കൊണ്ടുള്ള വിശ്വജഗീഷത്ത് യാഗത്തോടെയാണ് പൂര്‍ത്തിയാക്കിയത്. വിവേകാനന്ദ കേന്ദ്രത്തിലെ ഗണപതി ക്ഷേത്രത്തില്‍ നടന്ന യാഗത്തില്‍ ചിക്കമംഗളൂര്‍ വേദവിജ്ഞാന കേന്ദ്രത്തിലെ ആചാര്യന് കെ.എസ്. നിത്യാനന്ദസ്വാമി മുഖ്യആചാര്യനായി. 35 പേരടങ്ങുന്ന വൈദികര്‍ സഹകാര്‍മികത്വം വഹിച്ചു. ധര്‍മം, സത്യം, ലോകക്ഷേമം ഇവ ലക്ഷ്യമാക്കിയുള്ള യാഗം ഇരുനൂറ്റി അമ്പതുവര്‍ഷത്തിനുശേഷം ആദ്യമായാണ് നടക്കുന്നത്. നാലുവേദങ്ങളിലെയും മന്ത്രങ്ങളുരുവിട്ട് അഞ്ച് ഹോമകുണ്ഡങ്ങളില്‍ നെയ്യ് ആഹുതി ചെയ്താണ് യാഗം പൂര്‍ത്തിയാക്കിയത്.
ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഹോമകുണ്ഡത്തില്‍ ഹവിസ് അര്‍പ്പിച്ച് യാഗം പൂര്‍ത്തിയാക്കി. സീതാറാം യജമാന സ്ഥാനവും ക്ഷേത്രീയപ്രചാരക് സ്ഥാണുമാലയന്‍ സ്ഥാനീയ സ്ഥാനവും വഹിച്ചു. അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്, പ്രജ്ഞാപ്രവാഹ് അഖിലഭാരതീയ സംയോജക് ജെ. നന്ദകുമാര്‍, തമിഴ്നാട് പ്രാന്തപ്രചാരക് സെന്തില്‍, കേരളത്തിന്റെ പ്രാന്തപ്രചാരക് ഹരികൃഷ്ണന്, പ്രാന്തീയ സേവാപ്രമുഖ് എ. വിനോദ് തുടങ്ങിയവരും പങ്കെടുത്തു. വൈകിട്ട് നാഗര്‍കോവിലിലെ നാഗരാജാ മൈതാനത്തു നടന്ന പൊതുസമ്മേളനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് മഹാപരിക്രമയുടെ പ്രസക്തി വിശദീകരിച്ചു.
ഭാരതത്തിന്റെ ശക്തിസ്രോതസ്സ് ഗ്രാമങ്ങളാണെന്നും അവയുടെ വിശുദ്ധി നഷ്ടപ്പെടാന്‍ അനുവദിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വമ്പിച്ച നഗരവത്കരണം ഗ്രാമങ്ങളെ ശുഷ്കവും ശൂന്യവുമാക്കും. ഇത് ഭാരതീയ പൈതൃകത്തിന് വിരുദ്ധമാണ്. ഗ്രാമ-വന-നഗരവാസികളെല്ലാം പരിസ്ഥിതി സന്തുലനത്തിനും മാനവ സമൂഹത്തിന്റെ നിലനില്‍പ്പിനും ഒഴിച്ചുകൂടാനാകാത്തതാണ്. പരിസ്ഥിതി സംരക്ഷിച്ച് നഗരവത്കരണം കുറച്ച് ഗ്രാമവിശുദ്ധി നിലനിര്‍ത്തണമെന്നും അദ്ദേഹം ഉദ്ഘോഷിച്ചു.
കേന്ദ്ര ഉപരിതല, കപ്പല്‍ ഗതാഗത സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് രചിച്ച ‘ശ്രീരാമാനുജം’ എന്ന കൃതി അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ സര്‍സംഘചാലക്, വെള്ളിമല ആശ്രമം മഠാധിപതി സ്വാമി ചൈതന്യാനന്ദയ്ക്ക് നല്കി പ്രകാശിപ്പിച്ചു. പുസ്തകത്തിന്റെ ഹിന്ദി പരിഭാഷ നിര്‍വഹിച്ച എ.വി.എം. ശര്‍മ, നാരായണ സ്വാമി, രാഹുല്‍ എന്നിവരെ മോഹന്‍ ഭാഗവത് പൊന്നാട അണിയിച്ചു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, വിഎച്ച്പി ദേശീയ ജനറല്‍ സെക്രട്ടറി ചമ്പത് റായ്, തമിഴ് സിനിമാസംവിധായകന് വിശു, ഗാനരചയിതാവ് പിറൈചൂഢന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കെട്ടുറപ്പുള്ള മാനവസമൂഹത്തിന്റെ നിര്‍മ്മിതിക്കായി, ഭാരതത്തെ വിശ്വഗുരുസ്ഥാനത്ത് പുനരവരോധിക്കാന്‍ നമുക്ക് ഒത്തുചേര്‍ന്ന് ഗ്രാമങ്ങളിലേക്ക്, ഗ്രാമജീവിതത്തിലേക്ക് മടങ്ങാം…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: