അതൊരു ഗംഭീര സമരമായിരുന്നു. അമ്പും വില്ലും കല്ലും കവണയുമേന്തിയ നിഷ്കളങ്കരായ കുറേ ആദിവാസികളുടെ സമരം. തങ്ങളുടെ മലദൈവം കുടിയിരിക്കുന്ന പച്ചക്കുന്നുകളെ സംരക്ഷിക്കാനുള്ള സമരം. പത്ത് വര്‍ഷം നീണ്ടുനിന്ന ആ സമരം അവസാനിച്ചത് ബഹുരാഷ്ട്ര കുത്തകയായ ‘വേദാന്ത’ മുട്ടുമടക്കിയപ്പോള്‍ മാത്രം. നിരക്ഷരായ ‘ഡോണ്‍ ഗാരിയ കോന്ത്’ ആദിവാസി വര്‍ഗ്ഗം തങ്ങളുടെ ജീവസ്വമായ നിയാമഗിരി മലമടക്കുകള്‍ സംരക്ഷിക്കാന്‍ വേണ്ടി നടത്തിയ ആ പോരാട്ടം അങ്ങനെ ഹരിത ചരിത്രത്തിന്റെ ഭാഗമായി. സമരത്തിന് നേതൃത്വം നല്കിയ പ്രഫുല്ല സമന്താര എന്ന 65 കാരനെ തേടി ഗോള്‍ഡ്മാന്‍ പരിസ്ഥിതി പുരസ്കാരമെത്തിയതാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. അടിസ്ഥാനവര്‍ഗ്ഗ പരിസ്ഥിതി പ്രവര്ത്തകന് ലഭിക്കാവുന്ന ഏറ്റവും അന്തസ്സുറ്റ അന്തര്‍ ദേശീയ പുരസ്കാരം ആ പുരസ്കാരത്തിന്റെ വിളിപ്പേര് ‘ഗ്രീന്‍ നോബല്‍’ അഥവാ ഹരിത നോബല്‍!
ദാരിദ്ര്യം വിട്ടൊഴിയാത്ത നാടാണ് ഒഡീഷ എന്ന ഒറീസ. മൂന്നിലൊരാള്‍ ദാരിദ്ര്യ രേഖയ്ക്കു താഴെയെന്ന് ഏകദേശ കണക്ക്. പക്ഷേ, പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഒഡീഷ. അവയൊക്കെ തുരന്നെടുത്താല്‍ സംസ്ഥാനം സമ്പന്നമാകുമെന്ന് സര്‍ക്കാര്‍ വിശ്വസിച്ചു. അങ്ങനെയാണ് ബഹുരാഷ്ട്രകുത്തകകള്‍ക്കായി 79 പടുകൂറ്റന്‍ പദ്ധതി കരാറുകള്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത്. ഖനനം നടത്താനും ഖനിജം സംസ്ക്കരിച്ച് ലോഹങ്ങളാക്കി മാറ്റാനുമൊക്കെ അക്കൂടെയാണ് നിയാമഗിരി കുന്നുകളും തീറെഴുതാന്‍ തീരുമാനമുണ്ടായത്. നറുക്കുവീണത് വേദാന്ത അലുമിനിയം ലിമിറ്റഡ് എന്ന ബഹുരാഷ്ട്ര ഭീമന്. ബോക്സൈറ്റിന്റെയും അലുമിനിയം അയിരിന്റെയും നിധി ശേഖരമാണത്രെ നിയാമഗിരിയില്‍.
പക്ഷേ, ആദിവാസികളുടെ വിശുദ്ധ വനമാണ് നിയാമഗിരി. അവരുടെ ദൈവം ‘നിയാമം രാജാ’ യുടെ വാസസ്ഥാനമായ ആ മലകള്‍ കൊണ്ടാണ് 8000 ത്തില്പരം ആദിവാസികള്‍ ജീവിക്കുന്നത്; കൃഷിചെയ്യുന്നത്. ജൈവവൈവിധ്യത്തിന്റെ ഈറ്റില്ലമായ നിയാമഗിരിയിലെ മരം മുറിക്കുന്നതുപോലും ആദിവാസികള്‍ക്ക് കൊടുംപാപമാണ്. കാലവര്‍ഷത്തില്‍ നിയാമഗിരിയില്‍ ഉറവെടുക്കുന്ന നീര്‍ച്ചാലുകളില്‍ നിന്നാണ് അവരുടെ ആശ്രയമായ ‘വംശധാരാ’ നദിയും ‘നാഗര്ബലി’ നദിയും പിറക്കുന്നത്. വന്യജീവി നിയമത്തിലെ 18-ാം വകുപ്പ് പ്രകാരം സംരക്ഷണം ഉറപ്പാക്കിയ കാട്. ഒഡീഷ സര്‍ക്കാരിന്റെ രേഖകളില്‍ ആനകളുടെ സംരക്ഷിത വനം.
2003 ജൂണ്‍ ഏഴിനായിരുന്നു വേദാന്ത അലുമിനിയം ലിമിറ്റഡ് ആ കരാര്‍ ഒപ്പുവച്ചത്.
പ്രതിവര്‍ഷം ദശലക്ഷം ടണ്‍ ഉത്പാദന ശേഷിയുള്ള അലുമിന ഫാക്ടറി. 75 മെഗാവാട്ട് ശേഷിയുള്ള കല്‍ക്കരി താപനിലയം നിയാമഗിരിയിലെ നിയാമം മലകളില്‍ കണ്ടെത്തിയ 70 ദശലക്ഷം ടണ്‍ ബോക്സൈറ്റ് ഖനനം ചെയ്യുന്നതിനുള്ള ജോലി വേദാന്തയുടെ കീഴിലുള്ള സ്റ്റാര്‍ലൈറ്റ് ഇന്‍ഡസ്ട്രീസിന്. ഈ ഖനനമൊക്കെ നടത്തുന്നത് നിയാമഗിരിയുടെ മൂര്‍ധാവില്‍ തന്നെയാണെന്നും അറിയുക. വെള്ളം വറ്റുമെന്നും കൃഷി നശിക്കുമെന്നും വന്യജീവികളും സസ്യങ്ങളും നശിക്കുമെന്ന അവസ്ഥ സ്വന്തം ദൈവത്തിന്റെ ആലയം തന്നെ കുഴിതോണ്ടപ്പെടുന്ന ഒരു ദയനീയ അവസ്ഥ. തുറന്ന ഖനനത്തിന്റെ കാതടപ്പിക്കുന്ന ശബ്ദവും ബോക്സൈറ്റ് അയിര് ശുദ്ധിചെയ്ത് അലുമിന ഉണ്ടാക്കുമ്പോഴുണ്ടാകുന്ന റെഡ് മഡ് എന്ന ചുവന്ന ചെളിയും. റെഡ് മഡ് കൃഷിയും വെള്ളവുമൊക്കെ ഇല്ലാതാക്കും. തീര്‍ന്നില്ല, ബോക്സൈറ്റ് സംസ്കരണത്തിന്റെ ഉപോത്പന്നമായ ‘കാസ്റ്റിക് സോഡ’ മണ്ണിനെയും ജലത്തെയും മലിനമാക്കും.
അതിലെ സോഡിയം കലര്‍ന്ന ജലം മനുഷ്യനില്‍ ഹൈപ്പര്‍ടെന്‍ഷനും ഹൃദയരോഗങ്ങളുമുണ്ടാക്കും. പക്ഷേ ഇതൊന്നും പാവപ്പെട്ട ആ ആദിവാസികള്ക്കറിവുണ്ടായിരുന്നില്ല. തങ്ങളുടെ ജീവസ്വമായ നിയാമഗിരിക്കുന്നുകളുടെ നാശത്തെ സര്‍വ്വശക്തിയുമുപയോഗിച്ച് ചെറുക്കാന്‍ മാത്രമാണ് അവര്‍ മുന്നോട്ടുവന്നത്. അവരെ ശാക്തീകരിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് ആദ്യം മുന്നോട്ടുവന്നവരില്‍ പ്രധാനിയായിരുന്നു പ്രഫുല്ല സമാന്തരയും അദ്ദേഹം നേതൃത്വം നല്കുന്ന ലോക ശക്തി അഭിയാനും. ഏഴ് ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം വരുന്ന നിയാമഗിരി ഏറ്റെടുക്കുന്നതിന് നടത്തിയ ‘പൊതുതെളിവെടുപ്പ്’ വാര്‍ത്തയാണ് സമാന്തരയെ അവിടേക്കാകര്‍ഷിച്ചത്. തുടര്‍ന്ന് ജനപക്ഷത്തു ചേര്‍ന്ന അദ്ദേഹം ‘ഡോണ്‍ ഗാരിയ കോന്ത്’ ആദിവാസികളെ ബോധവത്കരിക്കാന്‍ ശ്രമം തുടങ്ങി. ഗ്രാമ ഗ്രാമാന്തരങ്ങള്‍ തോറും സഞ്ചരിച്ച് കാല്‍നടയായും സൈക്കിളിലും ഒക്കെ. അങ്ങനെ ആദിവാസികള്‍ സംഘടിച്ചു. നിയാമഗിരി ഏറ്റെടുക്കലിനെതിരെ സുപ്രീം കോടതിയെ ആദ്യം സമീപിച്ചതും മറ്റാരുമായിരുന്നില്ല.
ആദിവാസികള്‍ കരുത്തോടെ മുന്നോട്ടുനീങ്ങി. നാട്ടിന് പുറത്തും നഗരങ്ങളിലും തുടര്‍ച്ചയായി യോഗങ്ങള്‍; എന്നെന്നും പ്രതിഷേധപ്രകടനങ്ങള്‍. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ ജന ജീവിതം സ്തംഭിപ്പിച്ചു കൊണ്ടാണ് ആദിവാസികള്‍ നഗരം കയ്യടക്കിയത്. അതിനിടെ ഫാക്ടറി നിര്‍മ്മാണവും ഖനനവും പലകുറി തടസ്സപ്പെട്ടു. സര്‍ക്കാരും കോടതിയും, പ്രക്ഷോഭകരുമൊക്കെ പരസ്പരം നടത്തി കഴിഞ്ഞത് പത്ത് വര്‍ഷം. ഒടുവില്‍ സുപ്രീം കോടതിയുടെ ചരിത്ര പ്രസിദ്ധമായി ഉത്തരവുണ്ടായി. 2012 ആഗസ്റ്റില്‍. തങ്ങളുടെ ഭൂമി ഖനനത്തിന് വിട്ടുകൊടുക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ അധികാരം ‘ഡോണ്‍ ഗാരിയ കോന്ത്’ കള്‍ക്ക് തന്നെ-കോടതി പറഞ്ഞു.
അത് പറയേണ്ടത് വില്ലേജ് കൗണ്‍സില്‍ എന്ന ഗ്രാമസഭകള്‍. നിയാമഗിരി മേഖലയില്‍ ആകെയുള്ളത് 12 വില്ലേജ് കൗണ്‍സിലുകള്‍. ആ 12 കൗണ്‍സിലുകളും ഏകകണ്ഠമായെടുക്കുന്ന തീരുമാനമായിരുന്നു ‘തങ്ങളുടെ പിതൃഭൂമിയില്‍ ഖനനം പാടില്ല’ എന്ന തീരുമാനം. ആ തീരുമാനം കോടതി അംഗീകരിച്ചു. 2015 ആഗസ്റ്റില്‍ വേദാന്ത അവരുടെ കമ്പനികള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചു. ‘നമ്മുടെ ആവശ്യവും ലക്ഷ്യബോധവും ശരിയാണെങ്കില്‍ കോര്‍പ്പറേറ്റ് താല്പര്യങ്ങളെ ജനശക്തികൊണ്ട് തോല്‍പ്പിക്കാം. നിയാമഗിരിയിലെ പോരാട്ടം നിലനില്‍പ്പിനു വേണ്ടിയുള്ളതായിരുന്നു. സമാന്തര ഓര്‍മ്മിക്കുന്നു. ജനകീയ താല്പര്യങ്ങള്ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഈ 65 കാരന് ഇപ്പോള്‍ മറ്റൊരു ജനമുന്നേറ്റത്തിന്റെ മുന്‍നിര പോരാളിയാണ്. ജഗത്സിംഹപുര് ജില്ലയിലെ നിര്‍ദ്ദിഷ്ട അയണ്‍ ആന്‍ഡ് സ്റ്റീല്‍ പ്ലാന്റിനെതിരായ പ്രക്ഷോഭണത്തില്‍.
അതിനിടയിലാണ് പ്രകൃതിക്കായുള്ള ജനകീയ മുന്നേറ്റത്തിന് അംഗീകാരമായി ‘ഗ്രീന്‍ നോബല്‍’ സമാന്തരയെ തേടിയെത്തിയത്. അവാര്‍ഡ് മുല്യം 175000 അമേരിക്കന്‍ ഡോളര്‍. കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ഗോള്‍ഡ്മാന്‍ എന്വയണ്മെന്റല് ഫൗണ്ടേഷന് നല്കുന്ന ഈ പുരസ്കാരം ലോകത്തെ വിവിധ ഭൗമമേഖലകളെ പ്രതിനിധാനം ചെയ്യുന്ന ആറ് പേര്‍ക്കാണ് നല്‍കിവരുന്നത്. ബാറ്ററിയിലെ കറുത്തീയ വിഷബാധമൂലം പൊറുതിമുട്ടുന്നവര്ക്കായി പടനയിച്ച മാര്‍ക്ക് ലോപ്പസ് (യു.എസ്.), മാലിന്യ സംസ്കരണ ചൂളകള്‍ക്കെതിരെ മുന്നേറ്റം നയിച്ച ജൈവ കര്ഷകന് ഉറോസ് മാസെല്‍ (സ്ലോവേനിയ) വന്യമായ ഒരു താഴ്വാരത്തെയാകെ കല്‍ക്കരി ഖനിയാക്കാനുള്ള ബഹുരാഷ്ട്ര കുത്തകയുടെ നീക്കം ചെറുത്ത വെന്‍ഡി ബോമന്ഡ (ആസ്ട്രേലിയ), തന്റെ സമൂഹത്തിലെ നിക്കല്‍ ഖനനത്തിനെതിരെ ജനങ്ങള്‍ക്ക് നേതൃത്വം നല്കിയ ‘റോഡ്രിഗോ ടോട്ട് (ഗ്വാട്ടിമാല) വിരുംഗാ നാഷണല്‍ പാര്‍ക്കില്‍ എണ്ണ ഖനനം നടത്താനുള്ള ശ്രമത്തെ തോല്‍പ്പിച്ച കുടെംബോ (കോംഗോ) എന്നിവരാണ് ഇത്തവണ ഹരിത നോബല്‍ നേടിയ മറ്റ് അഞ്ചുപേര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: