ഭാരതീയ ജനസംഘത്തിന്റെ കോഴിക്കോട് ജില്ലയുടെ സംഘടനാ കാര്യദര്‍ശിയായി ചുമതല ലഭിച്ച് 1967 ജൂലൈ മാസത്തില്‍ എന്നെ അന്നത്തെ കോഴിക്കോട് ജില്ലാ (മയ്യഴിക്കടുത്ത് പൂഴിത്തല മുതല്‍ കുറ്റിപ്പുറം വരെ) പ്രധാന സ്ഥലങ്ങളില്‍ പരിചയപ്പെടുത്താന്‍ അവിടെ ചുമതല ഒഴിഞ്ഞ രാമന്‍പിള്ള കൊണ്ടുപോകുകയുണ്ടായി. അങ്ങനെ ഒരു ദിവസം മഞ്ചേരിയിലെത്തി, അവിടെ കോടതി, താലൂക്കാപ്പീസ് മുതലായ കെട്ടിടങ്ങള്ക്കെതിര്വശത്ത് ഒരു ഇടവഴിയിലൂടെ ഇറങ്ങി കുറേ നടന്നപ്പോള്‍ അതിമനോഹരമായ ക്ഷേത്രവും അമ്പലക്കുളവും കണ്ടു. അതിനടുത്തായി പൂമുഖത്തോടുകൂടിയ പഴയൊരു മഠം. അതിനു മുമ്പില്‍നിന്ന് രാമന്‍പിള്ള വിളിച്ചപ്പോള്‍ മെലിഞ്ഞ ഒരു യുവാവ് ഇറങ്ങിവന്നു. ദേവശിഖാമണിയെന്ന് പേര്. നേരത്തെ ഏറനാട് താലൂക്കിലെ സമ്പര്‍ക്കം ചെയ്യേണ്ട വ്യക്തികളുടെ മേല്‍വിലാസങ്ങള്‍ രാമന്‍പിള്ള തന്നപ്പോള്‍ അതിലെ ദേവശിഖാമണി ഇത്ര ചെറുപ്പമാണെന്നു വിചാരിച്ചില്ല. കഴിഞ്ഞ ദിവസം ജന്മഭൂമിയിലൂടെ ദേവശിഖാമണിയുടെ ചരമവൃത്താന്തം വായിച്ചപ്പോള്‍ ഈ രംഗമാണ് മനസ്സില്‍ വന്നത്. മെയിന്‍ റോഡില്‍ നിന്ന് മഠത്തിലെത്തുമ്പോള്‍ തലകീഴായപോലെ തോന്നുന്നുവെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ആളുകള്‍ പരിഹസിച്ച് അങ്ങനെ പറയാറുണ്ടെന്നു മറുപടി കിട്ടി.
അതിനടുത്തുള്ള ബ്രാഹ്മണജന സമൂഹമഠത്തിന്റെ ഒരു മുറിയിലാണ് സംഘകാര്യാലയവും മഴക്കാലത്ത് ശാഖയും നടന്നുവന്നത്. ഞങ്ങള്‍ എത്തുന്ന വിവരം അറിയിച്ചതിനാല്‍ ജനസംഘത്തില്‍ താല്പര്യമുണ്ടായിരുന്ന ഏതാനും പേര് കൂടി എത്തിയിരുന്നു. മേലാക്കം ഗോപാലകൃഷ്ണന്, ന്യൂചന്ദ്രിക ഫണ്ട്സിലെ എന്‍.സി. വിഷ്ണു നമ്പൂതിരിയും മറ്റൊരാളും ഓര്‍മ്മയില്‍ വരുന്നു. എന്‍സിവി ഇപ്പോഴും സമിതിയില്‍ സമുന്നത സ്ഥാനത്തുണ്ട്. ആ സംഭവം നടന്ന് ഈ ജൂലൈയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. അവരുടെ മഠത്തില്‍ത്തന്നെ അത്താഴവും കഴിഞ്ഞ് മണിയുടെ പിതാവ് ശിവസുബ്രഹ്മണ്യയ്യരും ഞങ്ങളുടെ സംഭാഷണത്തില്‍ ചേര്‍ന്നു. പിറ്റേന്നു രാവിലെ ക്ഷേത്രക്കുളത്തില്‍ കുളിയും ക്ഷേത്രദര്‍ശനവും കഴിഞ്ഞ് ഞങ്ങള്‍ അടുത്ത താവളത്തിലേക്കു നീങ്ങി.
സമൂഹമഠം വളരെ വര്‍ഷങ്ങളോളം കാര്യാലയംപോലെ ഉപയോഗിച്ചിരുന്നുവെന്നാണ് മനസ്സിലാകുന്നത്. സംഘവുമായി ബന്ധപ്പെട്ട എല്ലാ പ്രസ്ഥാനങ്ങളും അവിടെ ചേരാറുണ്ടായിരുന്നു. മഞ്ചേരി അക്ഷരശ്ലോക പരിഷത്തും അവിടെ പ്രവര്‍ത്തിച്ചിരുന്നതായി അറിയാം. അവരുടെ ആ വിജ്ഞാനവിനോദത്തിന്റെ ശ്രോതാവാകാനും ഒരിക്കല്‍ അവസരം ലഭിച്ചു. ശ്ലോകസമുദ്രംതന്നെയാണവിടെ ഒഴുകിയത്. ആദ്യകാലങ്ങളില്‍ മഞ്ചേരിയില്‍ പോയപ്പോഴെല്ലാം മണിയുടെ സഹായത്തോടെയാണ് അവിടെ കൂടിയതും മറ്റും. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം മായങ്കോട്ട് അച്ചുതമേനോന് മലപ്പുറം ജില്ലാ സംഘടനാ കാര്യദര്‍ശിയായപ്പോള്‍ മേലേബസാറില്‍ ഒരു കാര്യാലയം വാടകയ്ക്കെടുത്തു.
എ. പത്മനാഭന് (പിന്നീട് ജ്ഞാനനിഷ്ഠാനന്ദ) ഏറനാട് താലൂക്ക് പ്രചാരകനായിരുന്ന കാലത്ത് 70 കളുടെ ആദ്യം മലപ്പുറം ജില്ലാ രൂപീകരണത്തെത്തുടര്‍ന്ന് ഹിന്ദുക്കളുടെ വിശിഷ്യാ പിന്നാക്കവിഭാഗങ്ങളുടെ ഇടയില്‍ വര്‍ധിച്ചുവന്ന അപര്‍ഷതാബോധം ഇല്ലാതാക്കാന്‍ മാധവജിയുടെ പ്രേരണയോടെ ഉള്‍പ്രദേശങ്ങളില്‍ ധാരാളം സ്വകാര്യ സമ്മേളനങ്ങള്‍ നടന്നുവന്നു. അവ സംഘടിപ്പിക്കുന്നതിനും മറ്റും ദേവശിഖാമണി മുന്നിട്ടിറങ്ങി. മാധവജിയുമായുള്ള പരിചയം അദ്ദേഹത്തില്‍ പരമ്പരയാ ഉണ്ടായിരുന്ന ആത്മീയതയ്ക്കു കൂടുതല്‍ തെളിമയും തന്ത്രശാസ്ത്രാടിത്തറയും ഉണ്ടാക്കാന്‍ സഹായിച്ചു. അങ്ങിനെ പ്രബുദ്ധത നേടിയവര്‍ അസംഖ്യമായിരുന്നല്ലൊ. പിന്നീട് കേരളത്തിലെ ഹിന്ദുസമുദായത്തില്‍ ആഴത്തിലും പരപ്പിലും സൃഷ്ടിക്കപ്പെട്ട നവോത്ഥാനത്തില്‍ ദേവശിഖാമണി മാധവജിക്കൊപ്പം വഹിച്ച പങ്ക് അത്ര അറിയപ്പെടുന്നില്ല. അതിനിടെ അദ്ദേഹത്തിനു വൈദ്യുതി ബോര്‍ഡില്‍ ടൈപ്പിസ്റ്റായി ജോലി ലഭിച്ചു. അതു ജീവിതം പച്ചപിടിക്കാനുള്ള വഴിയായി. അപ്പോഴും ആത്മീയപ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടര്‍ന്നു.
അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ കക്കയം പവര്‍ഹൗസില്‍ ജോലിചെയ്യുകയായിരുന്നു. ഒരിക്കല്‍ അവിടെയെത്തി ക്വാര്‍ട്ടേഴ്സില്‍ താമസിക്കാന്‍ അവസരമുണ്ടായി. അവിടത്തെ വിശേഷങ്ങള്‍, കുപ്രസിദ്ധമായ പോലീസ് മര്ദ്ദനക്യാമ്പും രാജന് സംഭവവും തോക്ക് കേസും മറ്റും അവിടം കേന്ദ്രീകരിച്ചായിരുന്നല്ലൊ. അവയെക്കുറിച്ച് അദ്ദേഹത്തിനറിയുന്നതിനെക്കാള് പുറമെ നമുക്കറിയാന്‍ കഴിഞ്ഞിരുന്നു.
അങ്ങാടിപ്പുറം തളി ക്ഷേത്രസമരത്തിനു ശേഷമാണ് മലബാര്‍ ക്ഷേത്രസംരക്ഷണസമിതി കേരളവ്യാപകമാക്കാന് കേളപ്പജിയും വി.എം. കൊറാത്തും മറ്റു നേതാക്കന്മാരും മാധവജിയും ഭാസ്കര്‍റാവുജിയും മറ്റുമായി ആലോചിച്ച് തീരുമാനം കൈക്കൊണ്ടത്. സംഘത്തിന്റെ പൂര്‍ണ സഹകരണം മാത്രം പോരാ, ഒരു പ്രചാരകനെത്തന്നെ അതിനു നിയോഗിക്കണമെന്ന അവരുടെ ആവശ്യവും അംഗീകരിക്കപ്പെട്ടു. അങ്ങനെയാണ് പി. രാമചന്ദ്രന് ക്ഷേത്രസംരക്ഷണ സമിതിയുടെ പ്രചാരകനായത്.
പിന്നീട് അടിയന്തരാവസ്ഥയ്ക്കുശേഷം സമിതിയുടെ പ്രവര്‍ത്തനം വ്യാപകമായി പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ അതില്‍ സജീവമായി അദ്ദേഹത്തെ തന്ത്രശാസ്ത്രത്തിന്റെയും ദേവോപാസനയുടെയും ഉന്നതതലങ്ങളിലെത്തിക്കാന് മാധവജി സഹായിച്ചിരുന്നു. സമിതിയുടെ ഏറ്റവും മികച്ച പ്രഭാഷകനുമായി അദ്ദേഹം പ്രസിദ്ധി നേടി.
ജന്മഭൂമിയുടെ കാര്യത്തിനായി എറണാകുളത്തായശേഷം അദ്ദേഹവുമായി ബന്ധപ്പെടാന്‍ എനിക്ക് സാധിച്ചിട്ടില്ല. ക്ഷേത്രസംരക്ഷണ സമിതിയടെ പഠനശിബിരങ്ങളില്‍ ചില വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ പോയ അവസരങ്ങളില്‍ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞിട്ടുണ്ട്. ഇടയ്ക്ക് സമിതി സജീവമായിരുന്നില്ല എന്നും അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ധാരാളം ശിഷ്യന്മാരെ സമ്പാദിച്ചുവെന്ന് കേട്ടിരുന്നു. കോഴിക്കോട്ട് കിളിപ്പറമ്പില്‍ സമിതി ആസ്ഥാനമായ കേളപ്പജി മന്ദിരം ഉദ്ഘാടനം ചെയ്ത വേളയില്‍ എത്തിയ അദ്ദേഹത്തെ കാണാനും അല്പനേരം സൗഹൃദം പുലര്‍ത്താനും കഴിഞ്ഞിരുന്നു. പിന്നീട് ബന്ധപ്പെടാന്‍ അവസരമുണ്ടായില്ല. താന്ത്രികവിഷയത്തില് ദേവശിഖാമണി എഴുതിയ ലേഖനങ്ങള്‍ സമാഹരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.
അന്പതുവര്ഷത്തെ പരിചയമുള്ള അദ്ദേഹത്തിന്റെ ചരമവാര്‍ത്ത അറിഞ്ഞപ്പോള്‍ തോന്നിയ വിചാരങ്ങള്‍ കുറിക്കുകയായിരുന്നു. എനിക്കു പരിചയമില്ലാത്ത അദ്ദേഹത്തിന്റെ കുടുംബത്തോട് സംവേദന അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: