മലപ്പുറം: കര്‍ക്കടകവാവ് നാളെ, പിതൃപുണ്യം ഏറ്റുവാങ്ങാന്‍ നിളാതീരം ഒരുങ്ങി. ശ്രീനവാമുകന്ദക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പുലര്‍ച്ചെ രണ്ട് മണിക്ക് ക്ഷേത്രനട തുറക്കുന്നതോടെ ബലിതര്‍പ്പണം ആരംഭിക്കും. ആയിരകണക്കിന് ആളുകള്‍ക്ക് ഒരേ സമയം ബലിതര്‍പ്പണം നടത്താനാകും. ദേവസ്വത്തിന്റെ കീഴില്‍ നിയോഗിച്ച കര്‍മ്മികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. നിള ഓഡിറ്റോറിയത്തിലും പടിഞ്ഞാറെ ആല്‍ത്തറക്ക് സമീപവും പിതൃകര്‍മ്മ കൗണ്ടറും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വയം ബലിയിടുന്ന ഭക്തജനങ്ങള്‍ക്കായി പടിഞ്ഞാറെ ആല്‍ത്തറകടവും ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തനിവാരണസേന പുഴയില്‍ നിലയുറപ്പിക്കും. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി നാല് തോണിയും, ഒരു യന്ത്രവല്‍കൃത തോണിയും മുങ്ങല്‍ വിദ്ഗധരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ പോലീസ്, ഫയര്‍ഫോഴ്സ്, മെഡിക്കല്‍ സംഘം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ക്ഷേത്രങ്ങളിലേ എക്സിക്യൂട്ടിവ് ഓഫീസര്‍മാര്‍, ക്ഷേത്രജീവനക്കാര്‍, ദേവസ്വം ഏര്‍പ്പെടുത്തിയ വളണ്ടിയേഴ്സ്, 300 സേവാഭാരതി പ്രവര്‍ത്തകര്‍ എന്നിവരെ സജ്ജമാക്കിയിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പിതൃതര്‍പ്പണം നടക്കും. ക്ഷേത്രങ്ങളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും പിതൃതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ സമൂഹ പിതൃതര്‍പ്പണം നടക്കും. വഴിക്കടവ് തൃമൂര്‍ത്തി സംഗമസ്ഥാനം, എടക്കര ബലിക്കടവ് എന്നീ സ്ഥലങ്ങളിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്.
കരുവാരക്കുണ്ട്: കക്കറ ആലുങ്ങള്‍ ശ്രീമഹാദേവ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ആലുങ്ങല്‍ കടവില്‍ ബലി തര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കി. രാവിലെ ആറ് മുതല്‍ നടക്കുന്ന ബലിതര്‍പ്പണം നടക്കും
കൊളത്തൂര്‍: ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് ആലിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടക്കും. ബലിദ്രവ്യങ്ങള്‍ ക്ഷേത്രക്കടവില്‍ വിതരണം ചെയ്യും. രാവിലെ അഞ്ച് മണി മുതല്‍ നടക്കുന്ന പിതൃതര്‍പ്പണത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. തിലഹോമത്തിന് മേല്‍ശാന്തി കൃഷ്ണമുരാരിഭട്ടും മുഖ്യകാര്‍മ്മികത്വം വഹിക്കും.
വളാഞ്ചേരി: മിനി പമ്പ എന്നറിയപ്പെടുന്ന മല്ലൂര്‍ മഹാദേവക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ പുലര്‍ച്ചെ അഞ്ച് മുതല്‍ ചടങ്ങുകള്‍ നടക്കും. വിശ്വഹിന്ദു പരിഷത്ത് കേരള അര്‍ച്ചക് പുരോഹിത് വിഭാഗിന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷമായി പൂണ്യനദിയായ ഭാരതപ്പുഴയില്‍ വാവുബലി സംഘടിപ്പിക്കാറുണ്ട്. അപകട സാധ്യതയുള്ള ഇവിടെ മതിയായ സുരക്ഷയൊരുക്കാന്‍ അധികൃതര്‍ക്കായിട്ടില്ലെന്നും പരാതിയുണ്ട്.
പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി തര്‍പ്പണത്തിന് ഒരുക്കങ്ങളായി. ടിക്കറ്റ് ഇന്ന് വൈകിട്ട് മൂന്ന് മുതല്‍ വിതരണം ചെയ്യും. നാളെ പുലര്‍ച്ചെ മൂന്നിന് ചടങ്ങുകള്‍ ആരംഭിക്കും. അരയൂര് ശിവകുമാര്‍ നമ്പീശന്, മംഗലമ്പറ്റ രാധാകൃഷ്ണന് നമ്പീശന്, എന്നിവര്‍ കാര്‍മികത്വം വഹിക്കും. ക്ഷേത്രം ചടങ്ങുകള്‍ക്ക് മേല്‍ശാന്തി വിജയകുമാര്‍ നേതൃത്വം നല്‍കും.
മേലാറ്റൂര്‍: എടപ്പറ്റ പുഴയ്ക്കല്‍ ശിവക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി നാളെ പുലര്‍ച്ച അഞ്ചുമണിമുതല്‍ എട്ടുമണിവരെ ക്ഷേത്രം മേല്‍ശാന്തി വൈക്കം സൗജിത് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും. വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രസമിതി ഒരുക്കിയിട്ടുള്ളത്.
ഊരകം: കാരത്തോട് കുന്നത്ത് കരിങ്കാളി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം നടത്തും. കടലുണ്ടിപ്പുഴയിലെ വള്ളിപ്പാടം കടവില്‍ പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ക്ഷേത്രത്തില്‍ വിശേഷാല്‍പൂജകളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: