തിരുവല്ല:ഃഎസ്എന് ഡിപി യോഗം കവിയൂര്‍ 1118 ശാഖയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും തുടങ്ങി.ശിവഗിരി മഠം ബ്രഹ്മാചാരി സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം നടത്തി. ഭക്തിയില്ലാത്ത ജീവിതം ഉപ്പില്ലാത്ത ആഹാരം പോലെയാണെന്ന ശ്രീനാരായണ ഗുരുദേവന്റെ ഉപദേശം പ്രാവര്‍ത്തികമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് അദേഹം പറഞ്ഞു.
ഉപ്പില്ലാതെ ആഹരിക്കുന്നത് എത്ര വിരസവും അതൃപ്തിയും ഉളവാക്കുവോ അതുപോലെയാണ് പ്രാര്‍ത്ഥനയില്ലാത്ത ജീവിതവും. ധ്യാനാത്മക ജീവിതസരണിയിലൂടെ മാത്രമേ ജീവിതത്തിന് അനുഭൂതി കൈവരിക്കാനാകൂ. അതുകൊണ്ട് ആത്മീയമായ അടിത്തറയും ധ്യാനാത്മകമായ കുടുംബജീവിതവും വാര്‍ത്തെടുക്കാന്‍ ഗുരുദേവന് ഉപദേശിക്കുന്നു. ആത്മീയതയ്ക്ക് കുറവ് സംഭവിച്ചാല്‍ കൂരിരുട്ട് ബാധിച്ച പിശാച് എന്നപോലെ ഭയവും ദുഖവും ഉളവാകുമെന്നും ഗുരു ദര്ശനമാലയില് ഉപദേശിക്കുന്നുണ്ടെന്നും സ്വാമി പറഞ്ഞു.
ശാഖാപ്രസിഡന്റ് എം.ജെ .മഹേശന് പൂര്‍ണ്ണകുംഭം നല്കി സച്ചിദാനന്ദ സ്വാമിയെ സ്വീകരിച്ചു. തുടര്‍ന്ന് ശാന്തിഹവനയജ്ഞവും കോട്ടൂര്‍ ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും ശ്രീനാരായണ ദിവ്യജ്യോതിസ് പ്രയാണവും നടന്നു.
സംഘാടകസമിതി മുഖ്യരക്ഷാധികാരി കെ.ആര്. സദാശിവന്, ശാഖാ സെക്രട്ടറി എന്‍.എസ് അജേഷ് കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു. ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും കവിയൂര്‍ എസ്.എന്‍.ഡി.പി ശാഖാ ഹാളില്‍ നാളെ വരെയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: