കാസര്‍കോട്: ട്രെയിനുകള്‍ക്കുനേരെ കല്ലെറിയുന്നവരെ കുടുക്കാന്‍ വയര്‍ലെസ് ക്യാമറകള്‍ വരുന്നു. കേരളത്തിലെ മറ്റുഭാഗങ്ങള്ക്കുപുറമെ കാസര്‍കോട് ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിലും വയര്‍ലെസ് ക്യാമറകള്‍ സ്ഥാപിക്കാന്‍ റെയില്‍വെ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.ജില്ലയില്‍ കാഞ്ഞങ്ങാടിനും കര്‍ണാടകയിലെ മംഗളൂരുവിനും ഇടയിലുള്ള പാളത്തിലാണ് ആദ്യഘട്ടമായി വയര്‍ലെസ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയിലാണ് ട്രെയിനുകള്‍ക്ക് നേരെ തുടര്‍ച്ചയായി കല്ലേറുണ്ടാകുന്നത്. ഇതുമൂലം ഇതുവഴി ട്രെയിന്‍ കടന്നു പോകുമ്പോള്‍ യാത്രക്കാര്‍ കടുത്ത ആശങ്കയിലാണ്.പാലക്കാട് ഡിവിഷന് ആര് പി എഫ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. റെയില്‍വെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നല്കിയ റിപോര്‍ട്ട് പ്രകാരം കഴിഞ്ഞവര്‍ഷം കേരളത്തില്‍ പതിനഞ്ച് ഇടങ്ങളിലാണ് കല്ലേറുണ്ടായത്. വടകരക്കും ഷൊര്‍ണൂരിനും ഇടയിലാണ് ഏറ്റവും കൂടുതല്‍ കല്ലേറ് നടന്നത്. ഇവിടെ എട്ടുകേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാഞ്ഞങ്ങാടിനും മംഗളൂരുവിനും ഇടയില്‍ നാലിടത്താണ് കല്ലേറ് നടന്നത്. ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ക്കും എഞ്ചിനും നേരെയാണ് കൂടുതലായും കല്ലേറുണ്ടായത്. ബേക്കല്‍ ഭാഗത്ത് ട്രെയിനുകള്‍ക്ക് നേരെ നിരന്തരം കല്ലേറുണ്ടായതിനെ തുടര്‍ന്ന് നിരീക്ഷിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: