പൂക്കോട്ടുംപാടം: നിലമ്പൂര്‍-തേള്‍പ്പാറ കെഎസ്ആര്‍ടിസി ബസ് സര്‍വീസിന്റെ സമയമാറ്റം പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. പുലര്‍ച്ചെ അഞ്ച് മണിയോടെ നിലമ്പൂരില്‍ നിന്ന് ആരംഭിച്ച് തേള്‍പ്പാറയില്‍ എത്തുകയും തേള്‍പ്പാറയില്‍ നിന്ന് 6.20ന് വണ്ടൂര്‍ വഴി പെരിന്തല്‍മണ്ണയിലേക്ക് പോയിരുന്ന സര്‍വീസിന്റെ സമയം മാറ്റിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. നിലമ്പൂരില്‍ നിന്ന് 8.30ന് തുടങ്ങി തേള്‍പ്പാറയില്‍ എത്തി 9.30ന് തിരിച്ച് നിലമ്പൂര്‍ വഴി മഞ്ചേരിയിലേക്കാണ് പുതിയ സര്‍വീസ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു മുന്നറിയിപ്പുമില്ലാതെ ആദ്യ സര്‍വീസ് നിര്‍ത്തിയിരുന്നു. തുടര്‍ന്നുണ്ടായ സമരത്തിന്റെ ഫലമായാണ് പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ സര്‍വീസിന്റെ സമയത്ത് തന്നെ തേള്‍പ്പാറ ഭാഗത്ത് നിന്ന് നിരവധി സ്വകാര്യ ബസുകള്‍ ഓടുന്നതിനാല്‍ യാത്രക്കാര്‍ കുറവാണന്നും ഇത് മുതലെടുത്ത് കെഎസ്ആര്‍ടിസി സര്‍വീസ് വീണ്ടും നിര്‍ത്താനുള്ള വഴിയൊരുക്കുകയാണെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നു. നല്ല രീതിയില്‍ പോയിരുന്ന സര്‍വീസ് ഏറെക്കാലം മുടക്കിയത് സ്വകാര്യ ബസ്സുടമകളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ബസ് സര്‍വീസ് പഴയ സമയത്തിലേക്ക് മാറ്റാത്തപക്ഷം സമര പരിപാടികള്‍ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: