ഒറ്റപ്പാലം: നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനും വികസനത്തിനായി സ്വകാര്യവ്യക്തികള്‍ സര്‍ക്കാരിനു ഭൂമി വിട്ടുകൊടുത്തപ്പോള്‍ പ്രതീക്ഷിച്ച വികസനം പേരിലൊതുങ്ങി.
അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കുകയുണ്ടായി. ബന്ധപ്പെട്ട വകുപ്പിന്റെ നിസംഗതയാണ് ഇതിനുകാരണമെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു. ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ ഓപ്പറേഷന് അനന്തയിലൂടെ ശാശ്വതപരിഹാരം കണ്ടെത്തുവാന്‍ കഴിയുമെന്ന നാട്ടുകാരുടെ പ്രതീക്ഷയാണ് അസ്തമിച്ചത്.
ടി.ബി.റോഡ് കവലയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഇരുപത്തിമൂന്നുസെന്റ് സ്ഥലം തുടര്‍ നടപടികളില്ലാതെ വെറുതെ കിടപ്പാണ്. ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ആഗസ്റ്റിലായിരുന്നു കൈയേറ്റമൊഴിപ്പിക്കല്‍ നടന്നത്. തുടര്‍ന്നു കവലയുടെ വികസനത്തിനായി ഇരുപത്തിയഞ്ചു ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി.
എന്നാല്‍ വകുപ്പുതല നടപടികള്‍ എങ്ങുമെത്തിയില്ല. കലയില്‍ പാതയോടു ചേര്‍ന്നു നില്ക്കുന്ന വൈദ്യുത തൂണുകളും സിഗ്നല്‍ ലൈറ്റുകളും പാതയോരത്തെ ചാല് നിര്‍മ്മാണവും അടങ്ങുന്നതായിരുന്നു എസ്റ്റിമേറ്റ്.
കഴിഞ്ഞ നവംബറില്‍ പിഡബ്ല്യുഡിയും, കെഎസ്ഇബിയും ചേര്‍ന്നു തയ്യാറാക്കിയ എസ്റ്റിമേറ്റ് ഫയലുകളിലൊതുങ്ങുകയായിരുന്നു. ഡിസംബര്‍ 31ന് മുമ്പ് ടെണ്ടര്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.
ടിബി റോഡ് കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയെന്ന പ്രധാനലക്ഷ്യത്തോടെയാണുഓപ്പറേഷന് അനന്തക്കു തുടക്കമിട്ടത്.
എന്നാല്‍ കേസും കോടതിയുമായി ഓപ്പറേഷന് അനന്ത അനന്തതയിലാണിപ്പോള്.
പാതയോട് ചേര്‍ന്നു നില്ക്കുന്ന വൈദ്യുതി കാലുകളും, നോക്കുകുത്തിയായി മാറിയ സിഗ്നല്‍ ലൈറ്റും ടി.ബി.റോഡ് കവലയിലെ സ്ഥലം കൈയടക്കിയതോടെ ഇരുചക്രവാഹനങ്ങള്‍ക്കു പോലും ഗതാഗതത്തിനു ഉപയോഗിക്കുവാനാകുന്നില്ല.അധികൃതരുടെ ഇത്തരം നടപടിയില്‍ നാട്ടുകാരും രാഷ്ട്രീയപാര്‍ട്ടികളും പ്രതിഷേധിക്കാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: