പത്തനംതിട്ട: വള്ളംകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രാമസ്വരാജ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ന്യായവിലക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനത്തിനുനേരെ ഗുണ്ടാ ആക്രമണമെന്ന് പരാതി. വാഹനത്തില്‍ കഴിഞ്ഞ 10 മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിത്യോപയോഗസാധനങ്ങള്‍ എത്തിച്ചുവരികയായിരുന്നുവെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 10ന് മല്ലപ്പള്ളി ചന്തയിലും 19ന് ഓമല്ലൂര്‍ ചന്തയിലും തങ്ങളുടെ വാഹനത്തിനുനേരെ ഒരു കൂട്ടം വ്യാപാരികള്‍ ആക്രമണം നടത്തുകയും കച്ചവടം തടയുകയും ചെയ്തുവെന്നാണ് പരാതി. കുറഞ്ഞ വിലയില്‍ സവാള, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവയാണ് പ്രധാനമായും വില്പന നടത്തിയത്.
ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിക്കുന്നതും ഗുണമേന്മയുള്ളതുമായ സാധനങ്ങളാണ് തങ്ങള്‍ വില്പനയ്ക്കെത്തിച്ചിരിക്കുന്നത്. കൊള്ളലാഭം എടുത്തുകൊണ്ടുള്ള വ്യാപാരത്തിനെതിരെ ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്കു ന്യായവില നല്കി ഏറ്റെടുത്ത ഉത്പന്നങ്ങളാണ് വിപണിയില്‍ എത്തിച്ചത്. ഇത്തരത്തില്‍ വില്പന നടത്താന്‍ തങ്ങള്‍ക്ക് ഹൈക്കോടതി അനുമതി നല്കിയിട്ടുള്ളതുമാണ്. കണ്ടാലറിയാവുന്ന വ്യാപാരികളാണ് തങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നതെന്നും സൊസൈറ്റി പ്രസിഡന്റ് വള്ളംകുളം ശശിധരന് നായര്‍, ജെ.വി. ഫിലിപ്പ് എന്നിവര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: