മലയാളിയുടെ തീന്മേശയില് തൈരിന് ഒഴിച്ചു കൂടാനാകാത്ത സ്ഥാനമുണ്ട്. തൈരിനെ നേര്‍പ്പിച്ച് മോര്, സംഭാരം എന്നിവയായും നാം ഉപയോഗിച്ചു വരുന്നു. ഇന്ത്യയില്‍ വളരെ പ്രാചീനകാലം മുതല്‍ തൈര് പ്രചാരത്തിലുണ്ട്. തൈരിന്റെ ഔഷധപരവും ആരോഗ്യപരവുമായ പ്രാധാന്യത്തെക്കുറിച്ച് പണ്ടുമുതല്ക്കേ ഭാരതീയ ഭിഷഗ്വരന്മാര് ബോധവാന്മാരായിരുന്നു.
പാല് പുളിച്ചു തൈരാകുന്നത് സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം മൂലമാണെന്ന് ലൂയി പാസ്ചര്‍ കണ്ടുപിടിച്ചത് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. തൈരിനു സമാനമായ പാലുല്പന്നങ്ങളാണ് യോഗര്‍ട്ട്, കെഫീര്‍, കുമിസ് എന്നിവ. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ യോഗര്‍ട്ടിനാണ് പ്രചാരം കൂടുതല്‍.
പലരൂപഭാവങ്ങളില്‍
കൊക്കേഷ്യന്‍ പര്‍വതപ്രാന്തങ്ങളില്‍ ഉപയോഗിക്കുന്ന കെഫീര്‍ ഉത്പാദിപ്പിക്കുന്നത് കോലാട്, ചെമ്മരിയാട്, പശു എന്നിവയുടെ പാലില്‍നിന്നാണ്. റഷ്യയില്‍ പ്രചാരമുള്ള കുമിസ് ഉണ്ടാക്കുന്നത് കുതിരപ്പാലില്‍നിന്നാണ്. ടാറോ (ബാള്‍ക്കന്‍ ദ്വീപുകള്‍), മസ്സുന്‍ (യു.എസ്.), ഗിയോസു, മെസ്സോര്‍ഡ്സ്, സ്കിര്‍ എന്നിവയ്ക്ക് യോഗര്‍ട്ടിനോടു സാദൃശ്യമുണ്ട്. ടാറ്റെ എന്ന ഇനം പാലുത്പന്നമാണ് സ്കാന്ഡിനേവിയന് രാജ്യങ്ങളില്‍ തൈരിനു സമാനമായി ഉപയോഗിക്കുന്നത്. തൈരും ഈന്തപ്പഴവും റംസാന് നോമ്പ് വീടുന്നതിന് പശ്ചിമേഷ്യയില്‍ ഉപയോഗിച്ചു വരുന്നു.
പുരാതനനാടോടി കാലഘട്ടം മുതലുള്ള തുര്‍ക്കികളുടെ ഭക്ഷണത്തിന്റെ ഭാഗമാണ് തൈര്. പരമ്പരാഗതപാത പിന്തുടര്ന്ന്, തുര്‍ക്കികള്‍ ഏതാണ്ടെല്ലാ ഭക്ഷണവിഭവങ്ങള്‍ക്കുമൊപ്പം തൈര് ഉപയോഗിക്കുന്നു. യോഗര്‍ട്ട് എന്ന പദം തുര്‍ക്കിഷ് ഭാഷയില്‍ നിന്നുള്ളതാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ മഹ്മൂദ് കാശ്ഗാരി എഴുതിയ ദിവാന് ലുഗാത് അല്‍ തുര്‍ക്ക് (തുര്‍ക്കിഷ് ഭക്ഷണവിഭവങ്ങള്‍) എന്ന ഗ്രന്ഥത്തില്‍ തൈരിന്റെ ഔഷധഗുണങ്ങള്‍ വിവരിക്കുന്നുണ്ട്.
ഫ്രഞ്ച് രാജാവിന് രോഗശാന്തി നല്കിയ യോഗര്‍ട്ട്
പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് യോഗര്‍ട്ട് യൂറോപ്പിലെത്തിയത്. ഫ്രഞ്ച് രാജാവ് ഫ്രാന്‍സിസ് ഒന്നാമന് (1515 -47) കലശലായ വയറിളക്കം ബാധിക്കുകയും അന്നാട്ടിലെ വൈദ്യന്മാര്ക്ക് അത് സുഖമാക്കാന്‍ കഴിയാതെ വരുകയും ചെയ്തപ്പോള്‍, ഓട്ടൊമന്‍ തുര്‍ക്കിയിലെ സുല്‍ത്താന്‍ സുലെയ്മാന് അയച്ചു കൊടുത്ത അദ്ദേഹത്തിന്റെ കൊട്ടാരം വൈദ്യനാണ് അത് ഭേദമാക്കാന്‍ കഴിഞ്ഞത്. അസുഖം മാറ്റുന്നതിന് യോഗര്‍ട്ടാണ് വൈദ്യന് മരുന്നായി ഉപയോഗിച്ചത്.
വിഷാദരോഗവും തൈരും
തൈരിന്റെ ഉപയോഗം വിഷാദരോഗത്തെ പ്രതിരോധിക്കുമെന്നാണ് വാഷിങ്ടണിലെ വിര്‍ജീനിയ സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. തൈരിലുളള ലാക്ടോബാസിലസ് ബാക്ടീരിയയ്ക്ക് ഒരാളുടെ മാനസികാരോഗ്യത്തെ സ്വാധിക്കാനാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
സൗന്ദര്യ സംരക്ഷണത്തിന്
നിത്യവും ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തിയാല്‍ ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും ഉണ്ടാകും. തൈരില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ ദഹന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനാല്‍ അസിഡിറ്റി ഉണ്ടാവില്ല എന്ന് മാത്രമല്ല അമിതവണ്ണം ഉണ്ടാവാതെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
തൈര് നല്ലൊരു ക്ളെന്‍സറാണ്. ചര്‍മ്മം വൃത്തിയാക്കാന്‍ അത് ഉപയോഗിക്കാറുണ്ട്. തൈര് ശരീരത്തിലും തലയിലും പുരട്ടുന്നത് ശരീര സൗന്ദര്യത്തിനും നല്ലതാണ്. തൈരും കടലമാവും തുല്യ അളവിലെടുത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയുന്നത് മുഖക്കുരു മാറാനും മുഖത്തെ ചുളിവുകള്‍ കുറയുവാനും സഹായിക്കും.
തൈരും തക്കാളി നീരും യോജിപ്പിച്ച് ലേപനം ചെയ്താല്‍ മുഖകാന്തിയും മൃദുത്വവും വര്‍ദ്ധിക്കും. ഒരു പകുതി ചെറുനാരങ്ങയുടെ നീരും 50 ഗ്രാം തൈരും യോജിപ്പിച്ച് മുഖത്ത് പുരട്ടി അഞ്ച് മിനിറ്റിന് ശേഷം ഒരു ഫ്ളാനല്‍ ഉപയോഗിച്ച് തുടച്ചെടുക്കുക. പിന്നീട് ഒരു ഉണങ്ങിയ ടവ്വല്‍ കൊണ്ട് തുടയ്ക്കുക. തുടര്‍ന്ന് സോപ്പുപയോഗിക്കാതെ തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ മുഖത്തിന്റെ ഇരുണ്ട നിറം മാറിക്കിട്ടും.
ഒരു ഷാംപൂ ആയും തൈര് ഉപയോഗിക്കാം. അരക്കപ്പ് ശുദ്ധമായ തൈര് വിരല്‍ത്തുമ്പുകള്‍ കൊണ്ട് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഇരുപത് മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ തല കഴുകുക. പയര്‍ പൊടിയും തൈരും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം ഉപയോഗിച്ച് മുടി കഴുകിയാല്‍, തലമുടി പട്ട് പോലെ മിനുസമുള്ളതായി തീരും.
താരന് മാറാന്‍
മൂന്നോ നാലോ ദിവസം പഴക്കമുള്ള അരക്കപ്പ് തൈരില്‍ ഒരു മുട്ടയുടെ വെള്ള അടിച്ച് ചേര്‍ക്കുക. ഈ മിശ്രിതം താരനുള്ള ഭാഗത്ത് തേച്ച് പിടിപ്പിച്ച്, ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.
ചിലതരം ചര്‍മ്മങ്ങളില്‍ തൈര് അലര്‍ജി ഉണ്ടാക്കാറുണ്ട്. ഇതറിയുന്നതിനായി ഒരല്പം തൈര് കൈതലങ്ങള്ക്ക് ഉള്ളിലോ താടിയുടെ താഴെ ഭാഗത്തോ പുരട്ടി നോക്കുക. നീറ്റലോ ചുവപ്പ് നിറമോ തടിപ്പോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുകയാണെങ്കില്‍ തുടര്‍ന്ന് ഉപയോഗിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: