കോഴഞ്ചേരി : ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ വിലമതിക്കാനാവാത്ത 60 അത്യപൂര്‍വ്വ ചുമര്‍ചിത്രങ്ങള്‍ ഇടമില്ലാത്ത ചെറിയ മുറിയില്‍ തള്ളിയിരിക്കുന്നു. 24 വര്‍ഷമായി ഉപയോഗിച്ചിരുന്ന നാലുകെട്ടില്‍ നിന്നും ചിത്രങ്ങള്‍ മാറ്റിയപ്പോള്‍ ബദല്‍ സംവിധാനമില്ലാത്ത ക്രൂരനടപടിയാണ് ഈ അവസ്ഥയ്ക്ക് കാരണം.
ആറന്മുളയുടെ വര്‍ത്തമാനകാല പ്രതാപത്തിന് തിലകമായി പ്രവര്‍ത്തിച്ച സ്ഥാപനമാണ് ഗുരുകുലത്തിന്റെ മ്യൂറല്‍ ആര്‍ട്സ് ഗാലറി. ആറന്മുളയിലെ ചുമര്‍ചിത്രവിഭാഗം സ്വാഭാവിക ചായക്കൂട്ടുകള്‍ കൊണ്ടു തീര്‍ത്ത ചിത്രങ്ങള്‍ വിദേശരാജ്യങ്ങളില്‍ പോലും എത്തിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധപ്രദേശങ്ങളിലെത്തിയ ആറന്മുള ചുമര്‍ചിത്രങ്ങള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിയ്ക്കും മുമ്പ് നല്‍കിയിട്ടുണ്ട്. കേരളകലാമണ്ഡലം ചങ്ങനാശ്ശേരി എന്‍ എസ് എസ് ആസ്ഥാനം, കോഴിക്കോട് തളിയില്‍ ക്ഷേത്രം, എസ് ബി കോളേജ്, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്, എസ് ബി ഐ ഹെഡ്ക്വാര്‍ട്ടേഴ്സ് തുടങ്ങി നിരവധി പ്രസിദ്ധങ്ങളായ സ്ഥാപനങ്ങളെ ആറന്മുളയിലെ ചുമര്‍ചിത്ര കലാകാരന്മാരുടെ ചിത്രങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചിട്ടുള്ളത്. 30 ലക്ഷം രൂപയിലധികം ചിലവുവരുന്ന ചുവര്‍ചിത്രങ്ങളാണ് പത്തനംതിട്ട കളക്ട്രേറ്റിനെ അലങ്കരിക്കുന്നത്.
ഒരു ചതുരശ്രഅടി മുതല്‍ 24 ചതുരശ്ര അടി വരെ വലിപ്പമുള്ള 60 ചിത്രങ്ങളാണ് ഇപ്പോള്‍ അനാഥമായി നശിച്ചുകൊണ്ടിരിക്കുന്നത്. രാധാമാധവം, ഗജേന്ദ്രമോക്ഷം, രാധാകൃഷ്ണ, ക്രിസ്തുമുഖം, ഉണ്ണിയേശു, ഗാന്ധിയുടെ ദണ്ഡിയാത്ര അടക്കം പുരാണ ഇതിഹാസ ബൈബിള്‍ കഥകളുടെ സംസാരിക്കുന്ന ദൃശ്യാവിഷ്കാരമാണ് ഇവയിലുള്ളത്. മൂല്യം നിശ്ചയിക്കാന്‍ കഴിയാത്ത അമൂല്യമായ ചിത്രങ്ങളാണ് അനാഥമായി നശിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: