കാഞ്ഞങ്ങാട്: ദുരിതമകറ്റാനും മഹാമാരികളില്‍ നിന്ന് രക്ഷനേടാനും കര്‍ക്കിടക തെയ്യങ്ങള്‍ വരവായി. നാട്ടില്‍ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും പകരാനാണ് തെയ്യങ്ങള്‍ കര്‍ക്കടകം ഒന്ന് മുതല്‍ വീടുകളിലെത്തുന്നത്. ശിവന്, പാര്‍വ്വതി, അര്ജുനന് തുടങ്ങിയ മൂന്ന് പുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിച്ചാണ് മൂന്ന് തെയ്യങ്ങള്‍ വീട്ടിലെത്തുന്നത്. മലയ, കോപ്പാളന്‍, വണ്ണാന്‍ തുടങ്ങിയ സമുദായക്കാരാണ് തെയ്യങ്ങള്‍ കെട്ടുന്നത്.
കോപ്പാള സമുദായത്തിന്റെ ഗളിഞ്ചനാണ് ആദ്യമെത്തുന്നത്. കര്‍ക്കിടകം 16 മുതലാണ് മലയ സമുദായത്തിന്റെ ആടിവേടനും വണ്ണാന്‍ സമുദായത്തിന്റെ വേടത്തിയും എത്തുന്നത്. എന്നാല്‍ ദേശപരിതി കൂടുതലായതിനാല്‍ എല്ലായിടത്തുമെത്താനായി കര്‍ക്കിടകം ഒന്ന്മുതല്‍ എല്ലാ തെയ്യങ്ങളുമെത്താറുണ്ട്.
കാരണവര്‍ക്കും ചെണ്ടരനുമൊപ്പം ഗ്രാമീണ വീടുകളിലെത്തുന്ന ആടിവേടനെ സ്വീകരിക്കാന്‍ കത്തിച്ചു വെച്ച നിലവിളക്കും നിറനാഴിയുമായി ഉമ്മറപിടിയില്‍ മുതിര്‍ന്ന സ്ത്രീകളുണ്ടാവും. ശിവ സാന്നിദ്ധ്യത്തിനായി തപസ്സു ചെയ്യുന്ന അര്‍ജ്ജുനന്റെ തപശ്ശക്തിയെ പരീക്ഷിക്കാന്‍ വേടന്റെ രൂപത്തില്‍ അര്‍ജ്ജുനന്റെ മുന്നിലെത്തുന്ന പരമശിവന്റെ കഥയാണ് ആടി വേടന് കെട്ടിയാടി തോറ്റംപാട്ടില്‍ വര്‍ണ്ണിക്കുന്നത്. അതുകഴിഞ്ഞാലുടന്‍ വീട്ടുകാര്‍ ഓരോ പാത്രങ്ങളിലായി പ്രത്യേകം പ്രത്യേകം തയ്യാറാക്കി ഒരുക്കി വെച്ച ചുവപ്പും കറുപ്പും നിറത്തിലുള്ള ‘ ഗുരുസി ‘ മാരിയകറ്റാന്‍ വീടിന്റെ തെക്കുഭാഗത്ത് ചുവപ്പു ഗുരുസിയും വടക്കുഭാഗത്ത് ചേഷ്ടയെ അകറ്റാന്‍ കറുപ്പ് ഗുരുസിയും കമിഴ്ത്തുന്നു ഇങ്ങനെ അനുഷ്ഠിച്ചാല്‍ കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും കാര്‍ഷിക അഭിവൃദ്ധിയും സന്താന സൗഭാഗ്യവും കുടുംബ ഐശ്വര്യവും ഉണ്ടാകുമെന്നാണ് പഴമക്കാരുടെ ആചാര അനുഷ്ഠാന വിശ്വാസം.
അര്ജുനന് തപസിരുന്ന സ്ഥലത്തിന് സമീപത്ത് വളര്‍ന്ന ആല്‍മരം തണലേകിയതിന്റെ പ്രതീകമായി ഓലക്കുട ചൂടിയാണ് തെയ്യക്കോലമെത്തുന്നത്. എന്നാല്‍ കാലം മാറിയതോടെ ചിലയിടങ്ങളില്‍ ഓലക്കുട ശീലക്കുടയായിട്ടുണ്ട്. കുട്ടികളാണ് ഈ തെയ്യം കെട്ടുന്നത്. കുട്ടികളെ കിട്ടാത്തത് മൂലം കുട്ടിത്തെയ്യങ്ങളുടെ എണ്ണം കുറഞ്ഞു വരികയാണ്. സ്കൂള്‍ അവധിദിവസങ്ങളിലും മറ്റും മാത്രമാണ് ഇപ്പോള്‍ തെയ്യങ്ങള്‍ എത്തുന്നത്.തുലാം പത്തിന് യഥാര്‍ത്ഥ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തുന്നതിന് മുമ്പുള്ള ഇടവേളകളിലെ തെയ്യംകലാകാരന്മാരുടെ വരുമാനമാര്‍ഗം കൂടിയാണ്.
മുമ്പ് ആടിവേടന്റെ വരവ് കര്‍ക്കിടക മാസാരംഭത്തിലെ പ്രധാന ചടങ്ങായിരുന്നെങ്കിലും കാലത്തിന്റേയും തലമുറകളുടെയും മാറ്റത്തിനൊപ്പവും നാഗരികതയുടെ വളര്‍ച്ചയും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും മൂലം ഭൂരിഭാഗം പ്രദേശങ്ങളിലും ആടിവേടന്‍ കെട്ടിയാടല്‍ ആചാരവും പാടിപ്പതിഞ്ഞ ചരിത്രമായി മാറിയിരിക്കുകയാണ്. ആടിവേടന്‍ കെട്ടിയാടല്‍ ചില ഗ്രാമങ്ങളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: