ഏനാത്ത്: ഏനാത്ത് ഗവ യുപി സ്കൂളിലെ ക്ളാസ്മുറിയില് കയറി അതിക്രമം കാട്ടുകയും ബാത്ത്റൂമില്‍ സൂക്ഷിച്ചിരുന്ന ബക്കറ്റും കപ്പുകളും സ്റ്റൂളും മുറ്റത്തെ മരത്തില്‍ കെട്ടിതൂക്കുകയും ചെയ്ത സംഭവം കുട്ടികളിയാണെന്ന് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് ഇതേ സ്കൂളിലെ ആറാം ക്ളാസിലേയും കലയപുരം സ്വദേശിയായ മറ്റൊരു വിദ്യാര്‍ത്ഥിയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് കേസ് എടുത്തശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. തുടര്‍ നടപടികള്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിലായിരിക്കും നടക്കുക. സ്കൂളുകളിലെ കുട്ടികള്‍ക്ക് പഠിക്കുന്നതിനായ സൂക്ഷിച്ച ചാര്‍ട്ട്, കലണ്ടറുകള്‍, വാഴയില്‍ നിന്നും വെട്ടിയെടുത്ത വാഴകൈകളും ഇവര്‍ കലാപരമായി സ്കൂള്‍ പരിസരത്തുള്ള ഇതേ മരത്തില്‍ കെട്ടിതൂക്കിയിരുന്നു. ഒപ്പം സ്കൂള്‍കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി നട്ടുവളര്‍ത്തിയ 50 മൂടോളം വാഴയും ഇവര്‍ വെട്ടിനശിപ്പിച്ചിരുന്നു. സാമൂഹ്യ വിരുദ്ധരുടെ ആക്രമണമായാണ് ഇത് ചിത്രീകരിക്കപ്പെട്ടത്.
ഏനാത്ത് പൊലീസ് സ്റ്റേഷന്റെ മതിലിനോട് ചേര്‍ന്നുള്ള സ്കൂളില്‍ ഞായറാഴ്ച പട്ടാപ്പകല്‍ നടന്ന സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടാതെ പോയതും ഏറെ വിമര്‍ശന വിധേയമായി. സംഭവം പൊലീസ് മറച്ച് വയ്ക്കുന്നതിന് ശ്രമം നടത്തിയെങ്കിലും പിന്നീട് പുറംലോകം അറിഞ്ഞതോടെ പൊലീസ് തന്നെ വെട്ടിലാവുകയായിരുന്നു. രണ്ട് കുട്ടികള്‍ നടത്തിയ വികൃതിത്തരങ്ങള്‍ എന്തിനുവേണ്ടിയായിരുന്നു എന്നത് സംബന്ധിച്ച് ഇനിയും വ്യക്തമായ ചിത്രം പൊലീസിനും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: