അടൂര്‍: ബലക്ഷയം സംഭവിച്ച ഏനാത്ത് പാലത്തിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ഓണത്തിന് മുന്‍പ് തുറന്ന് കൊടുക്കുമെന്ന് കെഎസ്ടിപി ചീഫ് എന്‍ജിനീയര്‍ ഡാര്‍ളിന്‍ സി. ഡിക്രൂസിന്റെ ഉറപ്പ്. പാലത്തിന്റെ പണികളുടെ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു. ജനുവരി 10 നാണ് പാലത്തിന്റെ രണ്ട് തൂണുകള്‍ക്ക് ബലക്ഷയം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്.
അന്ന് സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് ആറ് മാസത്തിനുള്ളില്‍ പാലം ബലപ്പെടുത്തി ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന ഉറപ്പ് നാട്ടുകാര്‍ക്ക് നല്‍കിയിരുന്നു. കഴിഞ്ഞ 10 ന് ആറ് മാസം പൂര്‍ത്തിയായെങ്കിലും പാലം പണി ഇനിയും എങ്ങുമെത്തിയില്ല. ഇത് സംബന്ധിച്ച ആക്ഷേപം ഉയരുന്നതിനിടെയാണ് കെഎസ്ടിപി ചീഫ് എന്‍ജിനീയറുടെ സന്ദര്‍ശനം. കാലവര്‍ഷത്തെ തുടര്‍ന്ന് നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍മ്മാണം പലഘട്ടങ്ങളിലും താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കേണ്ടി വന്നെങ്കിലും ആദ്യഘട്ടങ്ങളിലുണ്ടായ ഇഴച്ചിലാണ് നിശ്ചിത സമയപരിധിക്കുള്ളില്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാതെപോയത്.
പുതിയ തൂണുകളുടെ പൈലിംഗ് പണികളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ബലക്ഷയം സംഭവിച്ച രണ്ട് തൂണുകളും പൊളിച്ചുമാറ്റിയാണ് നിര്‍മ്മാണം നടത്തുന്നത്. പ്രത്യേകമായി നിര്‍മ്മിച്ച സംവിധാനത്തില്‍ പാലം ഉയര്‍ത്തി നിര്‍ത്തിയാണ് ബലക്ഷയം സംഭവിച്ച തൂണുകള്‍ പൊളിച്ചുമാറ്റിയത്. ബലക്ഷയം സംഭവിച്ച ആദ്യ തൂണിന്റെ ഭാഗത്ത് നാല് പൈല് തൂണുകള്‍ക്ക് മുകളില്‍ ഇവയെ ബന്ധിപ്പിച്ച് 7.8 മീറ്റര്‍ വീതിയും 7.3 മീറ്റര്‍ നീളവും 17. 5 മീറ്റര്‍ ഉയരവുമുള്ള പൈല്‍ക്യാപ്പ് നിര്‍മ്മിച്ചശേഷം അതിന് മുകളില്‍ ഒറ്റ കോണ്‍ക്രീറ്റ് തൂണിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി. ഇനി കോണ്‍ക്രീറ്റ് ഉറയ്ക്കാന്‍ രണ്ടാഴ്ച സമയം വേണ്ടിവരും. ഇതിനിടെ ബലക്ഷയം സംഭവിച്ച മൂന്നാം തൂണിന്റെ ഭാഗത്തെ പൈല്‍ക്യാപ്പ് നിര്‍മ്മിക്കുന്ന ജോലി അടുത്ത ദിവസങ്ങളിലായി നടക്കും.
പാലത്തെ താങ്ങിനിര്‍ത്താനുള്ള രണ്ട് തൂണുകളുടേയും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉറയ്ക്കുന്ന മുറയ്ക്ക് ഇരുമ്പ് ഗര്‍ഡറില്‍ ഉയര്‍ത്തി വച്ചിരിക്കുന്ന പാലത്തിന്റെ സ്ളാബ് പിയര്ക്യാപ്പിലേക്ക് ഇറക്കിവെയ്ക്കും. തുടര്‍ന്ന് സ്ളാബിന് മുകളില്‍ ടാറിംഗും ഇരുവശത്തുമുള്ള പുതിയ നടപ്പാതയ്ക്ക് മുകളില്‍ ടൈലും പാകിയശേഷം പെയിന്റിംഗ് ജോലികള്പൂര്ത്തീകരിച്ച് പാലം തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ദീപു, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി. എസ്. ഗീത, അസി. എന്‍ജിനീയര്‍ റോഷ്മോന്‍ എന്നിവരും ചീഫ് എന്‍ജിനീയര്‍ക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: