വയനാട്ടിലെ പ്രശസ്ത വിഷ്ണുക്ഷേത്രമാണ് ‘തിരുനെല്ലിക്ഷേത്രം’. പിതൃക്കള്‍ക്ക് ബലി അര്‍പ്പിക്കുന്നതിന് വടക്കന്‍ മലബാറിലെ ഒരു പ്രധാനക്ഷേത്രവും കൂടിയാണിത്. മലനിരകളും, അരുവികളും ചോല വനങ്ങളും ഒന്നുചേര്‍ന്ന വശ്യമായ പ്രകൃതിഭംഗി. ബ്രഹ്മഗിരി മലനിരകളിലെ കരമല, കമ്പമല, വരഡിഗ മലകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട ഈ ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. 30 തൂണുകളാല്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന തിരുനെല്ലിക്ഷേത്രം ഒരു വിസ്മയമാണ്.
‘തിരുനെല്ലി’ എന്ന പേരിന്റെ ഉല്പ്പത്തിയെപ്പറ്റി പല ഐതിഹ്യങ്ങളുമുണ്ട്. കാലങ്ങള്‍ക്കു മുമ്പ് ഭക്തരായ മൂന്നു ബ്രാഹ്മണര്‍ കാശിവിശ്വനാഥ ദര്‍ശനത്തിന് കാല്‍നടയായി പുറപ്പെട്ടു. ഒരുപാടു ദൂരം യാത്രചെയ്ത് വിജനമായ സ്ഥലത്ത് എത്തി. ചുറ്റും അന്തകാരം. അവിടെയുള്ള അരുവി തീരത്ത് തങ്ങളുടെ ഭാണ്ഡം ഇറക്കിവെച്ച് അവര്‍ വിശ്രമിച്ചു. ഒന്നു മയങ്ങി ഉണര്‍ന്ന് ചുറ്റും നോക്കിയപ്പോള്‍ ദൂരെ ഒരു മരത്തില്‍ നെല്ലിക്ക കായ്ച്ചു നില്ക്കുന്നതുകണ്ടു. മൂന്നുപേരും ഓരോ നെല്ലിക്ക വീതം പറിച്ചു. കുളിയും കര്‍മ്മങ്ങളും കഴിഞ്ഞ് നെല്ലിക്ക ഭക്ഷിക്കാമെന്നു തീരുമാനിച്ച അവര്‍ മൂന്നു നെല്ലിക്കയും ഭാണ്ഡത്തിനരികില്‍ വച്ചു. കുളി കഴിഞ്ഞതും ക്ഷീണവും വിശപ്പും എവിടെയോ മറഞ്ഞു. വിഭവസമൃദ്ധമായ സദ്യയുണ്ട പ്രതീതി. അത്ഭുതപ്പെട്ടുപോയ അവര്‍ തങ്ങളുടെ ഭാണ്ഡത്തിനടുത്തെത്തി. അവിടെ നെല്ലിക്കയ്ക്കു പകരം മൂന്നു കല്ലുകള്‍, പിന്നീട് കേട്ടത് ഒരു അശരീരിയാണ്. ”ഇവിടെ നിന്നും അല്‍പ്പം തെക്കോട്ടു മാറി ഭഗവാന് ശ്രീപരമേശ്വരന് കുടികൊള്ളുന്നുണ്ടെന്നും ശിവനെ വണങ്ങിയശേഷം കിഴക്കോട്ടു ചെന്നാല്‍ സംശയനിവാരണം ലഭിക്കും എന്നുമായിരുന്നു കേട്ടത്”. ബ്രാഹ്മണര്‍ അപ്രകാരം ചെയ്തു.
തെക്ക് ദിശയില്‍ വലിയ പാറയുടെ അടിയിലായി മനോഹരമായ ഗുഹ അതിനകത്ത് ജ്വലിക്കുന്ന തേജസ്സോടെ ഒരു ശിവലിംഗം. ഭഗവാനെ ഭക്തിപൂര്‍വ്വം വണങ്ങിയ ശേഷം കിഴക്കോട്ടു നടന്നു. നെല്ലിക്ക പറിച്ച മരത്തിനു സമീപത്തായി ശംഖ് ചക്ര-ഗദാ-പത്മത്തോടുകൂടി കരുണാകടാക്ഷം പൊഴിച്ചു നില്ക്കുന്ന മഹാവിഷ്ണുവിനെയാണ് കാണാന്‍ കഴിഞ്ഞത്. അതിശയത്തോടെയും അതിലേറെ ഭക്തിയോടെയും ഭഗവാനെ നമസ്കരിച്ച അവര്‍ വീണ്ടും അശരീരി കേട്ടു. ”യഥാര്‍ത്ഥ ഭക്തിയാല്‍ നിങ്ങളുടെ ഈ ജന്മം സഫലമായിരിക്കുന്നു. ഇനി ഈശ്വരനെ തേടി എങ്ങും അലയേണ്ട. ഇതുതന്നെ കാശിവിശ്വനാഥസന്നിധി. മാത്രമല്ല ഭക്ഷ്യയോഗ്യമായ ഫലം തീര്‍ത്ഥക്കരയിലെ പാറയില്‍ അര്‍പ്പിച്ചതുമൂലം നിങ്ങളുടെ പിതൃക്കളും നിങ്ങളില്‍ സംപ്രീതരായിരിക്കുന്നു. ഇനി ഏതൊരുവന് ഈ തീര്‍ത്ഥക്കരയില്‍ പിതൃപിണ്ഡം അര്‍പ്പിക്കുന്നുവോ ആ പിതൃക്കള്‍ വിഷ്ണുപാദങ്ങളില്‍ വിലയം പ്രാപിച്ച് മോക്ഷം നേടും”. ഇതാണ് ഒരു ഐതിഹ്യം.
മറ്റൊരു ഐതിഹ്യം പറയുന്നത് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് ഹംസാരൂഢനായി താന്‍ സൃഷ്ടിച്ച ലോകങ്ങള്‍ ചുറ്റി സഞ്ചരിക്കുമ്പോള്‍ ബ്രഹ്മഗിരി മലയുടെ അടിത്തട്ടില്‍ എത്തിച്ചേരുകയും ആ പ്രദേശത്തെ മനോഹാരിത കണ്ട് അവിടെയിരുന്ന് മഹാവിഷ്ണുവിനെ തപസ്സു ചെയ്തു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ നെല്ലിമരത്തിനു ചാരെ ഭഗവാന് ശ്രീനാരായണന് പ്രത്യക്ഷപ്പെട്ടു. നാരായണന് ബ്രഹ്മാവിനോടു പറഞ്ഞു, ശ്രീ പരമേശ്വരന്റെ സാന്നിദ്ധ്യത്തില്‍ പരമപവിത്രമായ ഈ സ്ഥലത്ത് നമ്മള് രണ്ടുപേരും എത്തിയിരിക്കുന്നു. ഇപ്പോള്‍ ഈ സ്ഥലം ത്രിമൂര്‍ത്തികളുടെ സംഗമസ്ഥലമായി മാറിയിരിക്കുന്നു. കൂടാതെ അങ്ങ് എന്നെ ദര്‍ശിച്ചത് നെല്ലിമരത്തിന്റെ ചാരത്തും, അതിനാല്‍ ഈ സ്ഥലം ഇനി തിരുനെല്ലി എന്ന പേരില്‍ അറിയപ്പെടട്ടെ. കാശിക്കുതുല്യമായ ഈ സ്ഥലത്തെ അരുവിയില്‍ സ്നാനം ചെയ്ത് പിണ്ഡപ്പാറയില്‍ പിതൃക്കള്‍ക്കായി ആരാണോ പിതൃപിണ്ഡം അര്‍പ്പിക്കുന്നത് ആ പിതൃക്കള്‍ വിഷ്ണുപാദത്തില്‍ മോക്ഷം പ്രാപിക്കും.
ബ്രഹ്മാവിനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതുകൊണ്ടുതന്നെ ഈ ക്ഷേത്രത്തിന്റെ കാലപ്പഴക്കത്തെപ്പറ്റി ഊഹിക്കാം. ദിനംതോറും രാത്രികാലങ്ങളില്‍ ബ്രഹ്മാവ് പൂജ നടത്തിവരുന്നു എന്ന വിശ്വാസം ഇന്നും നിലനില്ക്കുന്നു. മറ്റു ക്ഷേത്രങ്ങളില്‍ അത്താഴപ്പൂജ കഴിഞ്ഞ് നട അടച്ചാല്‍ അടുത്ത ദിവസം പുലര്‍ച്ചെയാണ് നിര്‍മാല്യം മാറ്റുന്ന പതിവ്. എന്നാല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ അത്താഴപ്പൂജയ്ക്കു ശേഷം നിര്‍മാല്യം മാറ്റി ഒരു പൂജയ്ക്കുള്ള സകല സാധനസാമഗ്രികളും ഒരുക്കിവെച്ചതിനുശേഷമേ ശ്രീകോവില്‍ നട അടയ്ക്കുകയുള്ളൂ. രാത്രി ബ്രഹ്മാവ് പൂജ ചെയ്യുന്നു എന്ന വിശ്വാസമാണ് കാരണം. ബ്രഹ്മാവിനാല്‍ അര്‍പ്പിക്കപ്പെട്ട പൂജാപുഷ്പങ്ങളാണ് പ്രഭാതത്തില്‍ പ്രസാദമായി ലഭിക്കുന്നതെന്നാണ് വിശ്വാസം. മറ്റു ക്ഷേത്രങ്ങളിലെ പൂജാവിധികളില്‍ നിന്നും വ്യത്യസ്തമാണ് തിരുനെല്ലിയിലേത്. ഈ ക്ഷേത്രത്തില്‍ തന്ത്രിയുടെ പ്രത്യേക കാര്‍മ്മികത്വത്തില്‍ കര്‍മ്മാനുഷ്ഠാനങ്ങളോടെ ‘അവരോധനം’ എന്ന ചടങ്ങ് നിര്‍വ്വഹിച്ചവര്‍ക്ക് മാത്രമേ അവിടെ പൂജ നടത്തുവാന്‍ അര്‍ഹതയുള്ളൂ. അത് ഇന്നും അനുഷ്ഠിച്ചുവരുന്നു. ഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്ന തീര്‍ത്ഥജലം ശ്രീകോവിലില്‍ നിന്നും ഓവില്‍ക്കൂടി തീര്‍ത്ഥക്കുഴിയില്‍ പതിക്കുന്നു. അത് ഒരിക്കലും പുറത്തേക്ക് പോകുന്നില്ല. എത്ര കുടം ജലം അഭിഷേകം ചെയ്താലും തീര്‍ത്ഥക്കുഴി കവിഞ്ഞ് പുറത്തുപോകാതെ കുഴിയില്‍ത്തന്നെ വറ്റിപ്പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
കൊട്ടിയൂര്‍ ക്ഷേത്രവും തിരുനെല്ലി ക്ഷേത്രവുമായി ബന്ധപ്പെടുത്തി പല ഐതിഹ്യങ്ങളുമുണ്ട്. കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഉത്സവദിനമായ ഇടവമാസത്തിലെ ചോതിനാളില്‍ തിരുനെല്ലിക്ഷേത്രത്തില്‍ നിന്ന് ദൂതനെ അയയ്ക്കുക എന്ന ചടങ്ങുണ്ട്. പണ്ടുകാലത്ത് കൊട്ടിയൂര്‍ ഉത്സവത്തിന് ആവശ്യമായ അരി തിരുനെല്ലിയില്‍ നിന്നാണ് കൊണ്ടുവന്നിരുന്നത്. കൊട്ടിയൂര്‍ പെരുമാള്‍ ശിവഭൂതങ്ങളെ അയച്ച് കൊണ്ടുപോവുകയാണ് പതിവ്. ഒരു തവണ ശിവഭൂതങ്ങളിലൊരാള് തെറ്റു ചെയ്തു. മഹാവിഷ്ണു ആ ഭൂതത്തെ വധിക്കുകയും പകരമായി കൊട്ടിയൂര്‍ ഉത്സവം കഴിയുംവരെ തിരുനെല്ലിയിലെ ഭൂതങ്ങളില്‍ ഒരംഗത്തെ കൊട്ടിയൂര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. ഭൂതത്തെ അയയ്ക്കുന്ന ചടങ്ങ് ഇന്നും നടന്നുവരുന്നു.
തിരുനെല്ലിയിലെ പാപനാശിനി അല്ലെങ്കില്‍ മോക്ഷദായിനി എന്നു വിളിക്കുന്ന പുഴയില്‍ സ്നാനം ചെയ്താല്‍ സകലപാപങ്ങളില്‍ നിന്നും മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. പാപനാശിനി ഒഴുകിയെത്തുന്നത് പിണ്ഡപ്പാറയിലേക്കാണ്. ഇവിടെ പിതൃകര്‍മ്മം ചെയ്യുന്നവര്‍ ആദ്യം തൃശ്ശിലേരി ശിവക്ഷേത്രത്തില്‍ കുളിച്ചുതൊഴുത് വഴിപാടു നടത്തിയതിനുശേഷം വേണം പിതൃകര്‍മ്മം ചെയ്യാന്‍. തിരുനെല്ലിയുടെ ശിരസ്സാണ് തൃശ്ശിലേരി എന്നാണ് ജ്ഞാനികളുടെ മതം. തലേദിവസം രാത്രി മുതലേ ബലികര്‍മ്മങ്ങള്‍ക്കായി ആളുകള്‍ എത്തിത്തുടങ്ങും. പാപനാശിനിയില്‍ കുളിച്ച് പൂജാരിക്കു മുമ്പിലിരുന്ന് പിതൃക്കളെ ധ്യാനിച്ച് വാഴയിലയില്‍ നനച്ച എള്ളും അരിയും ദര്‍ഭയും വെച്ച് പൂജിച്ച് അത് ശിരസ്സിലേറ്റി പുഴയിലേക്കിറങ്ങി പിന്നിലേക്കിടുന്നു. വാവു ദിവസത്തെ ഉച്ചഭക്ഷണം സദ്യയാണ്. കൂടാതെ രാത്രിയില്‍ പിതൃക്കള്‍ക്കായി സദ്യയൊരുക്കുന്ന പതിവുമുണ്ട്. പിതൃക്കള്‍ രാത്രിയില്‍ എത്തുമെന്നാണ് വിശ്വാസം. ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ ഒരു വര്‍ഷംവരെ നീളുന്ന ബലിയാണ് ദീക്ഷാപിണ്ഡം. ഇതൊരു വഴിപാടാണ്. തിലഹോമം, അന്നദാനം, പ്രതിമ ഒപ്പിക്കല്‍, പിതൃനമസ്ക്കാരം, പിതൃപൂജ തുടങ്ങിയ വഴിപാടും ഇവിടെ നടത്തുന്നു.
കര്‍ക്കടകം, തുലാം, കുംഭം, വൈശാഖമാസങ്ങളിലെ വാവുദിനങ്ങളാണ് പിതൃകര്‍മ്മത്തിന് പ്രധാനം എന്നു പറയുന്നുണ്ടെങ്കിലും എല്ലാ ദിവസങ്ങളിലും പിതൃകര്‍മ്മം നടക്കുന്നു. ക്ഷേത്രക്കിണര്‍ ഇല്ലാത്ത ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം.
തിരുനെല്ലിക്ഷേത്രത്തിലെ ബലിക്കല്ല് മറ്റുക്ഷേത്രങ്ങളുടേതുപോലെ നടയ്ക്കു നേരെയല്ല. വലതുവശം മാറിയാണ് കാണുന്നത്. തിരുനെല്ലി ക്ഷേത്രത്തിന്റെ നാലുവശങ്ങളിലുമായി നാലു ശിവക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നു. കിഴക്ക് മാതൃവള്ളി, പടിഞ്ഞാറ് കൊട്ടിയൂര്‍, തെക്ക് തൃശ്ശിലേരി, വടക്ക് ഇരിപ്പ്. ഈ നാലുക്ഷേത്രങ്ങളുമായും തിരുനെല്ലി ക്ഷേത്രത്തിന് ബന്ധമുണ്ട്. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് പാപനാശിനിയിലേക്കുള്ള വഴിയരികിലായി പഞ്ചതീര്‍ത്ഥക്കുളം ഉണ്ട്. ശംഖതീര്‍ത്ഥം, ചക്രതീര്‍ത്ഥം, ഗദാതീര്‍ത്ഥം, പത്മതീര്‍ത്ഥം, പാദതീര്‍ത്ഥം എന്നിവ കൂടിച്ചേരുന്ന കുളമായതുകൊണ്ട് പഞ്ചതീര്‍ത്ഥം എന്നറിയപ്പെടുന്നു.
തിരുനെല്ലി ക്ഷേത്രത്തിന് മുമ്പ് ഉണ്ടായിരുന്നു എന്നു വിശ്വസിക്കുന്ന ഒരു ഗുഹാക്ഷേത്രമാണ് ഗുണ്ഡികാക്ഷേത്രം. ഇവിടെ പരമശിവന് സ്വയംഭൂവായി കുടികൊള്ളുന്നു.
പിതൃകര്മ്മങ്ങള്ക്കുശേഷം ഗുണ്ഡികാക്ഷേത്രത്തില്‍ പരമശിവനെ തൊഴുതു വണങ്ങിയതിനുശേഷമേ തിരുനെല്ലിക്ഷേത്രത്തില്‍ ദര്‍ശനം നടത്താവൂ എന്നാണ് വിശ്വാസം. പത്മപുരാണം, ഗരുഡപുരാണം, ഉണ്ണിയാച്ചീ ചരിതം തുടങ്ങി പല പുരാണഗ്രന്ഥങ്ങളിലും ഈ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ത്രിമൂര്‍ത്തികളുടെ സാന്നിധ്യം നിറഞ്ഞുനില്ക്കുന്ന തിരുനെല്ലിക്ഷേത്രം വയനാട് വന്യജീവി സംരക്ഷണത്തിനു നടുക്കാണ്. വയനാടിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നതും തിരുനെല്ലിക്ഷേത്രം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: