ലണ്ടന്‍: ബ്രിട്ടനിലെ പ്രഥമ സിക്ക് വനിതാ എംപിയ പ്രീത് കൗര്‍ ഗില്‍ ഭരണത്തില്‍ വലിയ പ്രാധാന്യമുള്ള പാര്‍ലമെന്റ് സമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഹൗസ് ഓഫ് കോമണ്‍സിന്റെ ആഭ്യന്തരവകുപ്പ് സെലക്ട് കമ്മിറ്റിയിലാണ് കൗര്‍ ഇടംപിടിച്ചത്. എഡ്ജ്ബാസ്റ്റണ്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രീത് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കാരിയാണ്.
ആഭ്യന്തര വിഷയങ്ങളില്‍ സ്വന്തം നിലയ്‌ക്ക് അന്വേഷണവും തെളിവെടുപ്പും നടത്താന്‍ അധികാരമുള്ള 11 അംഗ കമ്മിറ്റിയാണിത്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മിറ്റി നല്കുന്ന റിപ്പോര്‍ട്ടില്‍ രണ്ടു മാസത്തിനകം സര്‍ക്കാര്‍ പ്രതികരണം അറിയിച്ചിരിക്കണം. ലേബര്‍ പാര്‍ട്ടിയുടെ തന്നെ യുവെറ്റെ കൂപ്പറാണ് അധ്യക്ഷന്‍. കമ്മിറ്റിയെ ഏറ്റവും കൂടുതല്‍ കാലം നയിച്ച ഇന്ത്യന്‍ വംശജനായ കീത് വാസ് കഴിഞ്ഞ വര്‍ഷം സ്ഥാനം ഒഴിഞ്ഞു.
ബ്രിട്ടനിലെ സിക്കുകാര്‍ക്കായുള്ള ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പിന്റെ അധ്യക്ഷയായും പ്രീത് കൗറിനെ തെരഞ്ഞെടുത്തിട്ടുണ്ട്. മറ്റൊരു പ്രമുഖ ഇന്ത്യന്‍ എംപി വീരേന്ദര്‍ ശര്‍മ, ഇന്തോ-ബ്രിട്ടീഷ് ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പിന്റെ അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ വംശജയായ സീമ മല്‍ഹോത്രയാണ് ഉപാധ്യക്ഷ. ഇരുവരും ലേബര്‍ പാര്‍ട്ടിക്കാരാണ്.














