പാലക്കാട്: ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമായ മേലാമുറി ജംഗ്ഷന് ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. പാലക്കാട്- കുളപ്പുള്ളി സംസ്ഥാന പാതയിലെ പ്രധാന കവലകൂടിയായ മേലാമുറിയില്‍ സിഗ്നല്‍ സംവിധാനങ്ങളില്ലാത്തതും വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാരുടെയും ദുരിതമാണ്.
ഒറ്റപ്പാലം, പാലക്കാട്, തിരുനെല്ലായ്, ഒലവക്കോട്, വടക്കന്തറ, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ എത്തുക ഇവിടെയാണ്. രാപകലന്യേ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും, അയല്‍ജില്ലകളില്‍ നിന്നുമായാണ് ആയിരക്കണക്കിനു ചെറുതും വലുതുമായ ചരക്കുവാഹനങ്ങളാണ് മേലാമുറിയിലെ വിവിധ മാര്‍ക്കറ്റുകളിലേക്കെത്തുന്നത്. പഴം, പച്ചക്കറി, പലചരക്ക് തുടങ്ങി നിത്യോപയോഗസാധനങ്ങളുടെ നിരവധി ചെറുതും വലുതുമായ മാര്‍ക്കറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
പുലര്‍ച്ചേ നാലുമണിക്കു മുന്നേ ഉണരുന്ന മാര്‍ക്കറ്റില്‍ രാത്രി വൈകിയും ചരക്കുമായെത്തുന്ന വാഹനങ്ങളുടെ നീണ്ട നിര തന്നെ കാണാനാവും. എന്നാല്‍ കാലങ്ങളായി പച്ചക്കറി മാര്‍ക്കറ്റും പരിസരവും ഗതാഗതക്കുരുക്കില്‍ കുടുങ്ങിയിരിക്കുകയാണ്.
ഒറ്റപ്പാലം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്ക് കോഴിക്കോട്, കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോയാല്‍ നഗരത്തിലൂടെ പ്രവേശിക്കാതെ വലിയങ്ങാടി വഴി പോകാമെന്നതിനാല്‍ ഇവിടം ഗതാഗതക്കുരുക്കേറെയായിരിക്കുകയാണ്. പകല്‍ സമയത്ത് കച്ചവടസ്ഥാപനങ്ങള്‍ക്കു മുന്നില്‍ ചരക്കിറക്കാന്‍ നിര്‍ത്തുന്ന വാഹനങ്ങള്‍ മൂലം മിക്കപ്പോഴും വാഹനങ്ങളുടെ നീണ്ട നിര കാണാം.
നോര്‍ത്ത് പോലീസ് സ്റ്റേഷന്, വലിയ അങ്ങാടി സ്കൂള്‍, പള്ളികള്‍, ഗോള്‍ഡന്‍ പാലസ്, കര്‍ണ്ണകി ക്ഷേത്രം എന്നിവയെല്ലാം മാര്‍ക്കറ്റ് റോഡിലാണുള്ളത്. എന്നാല്‍ മേലാമുറിയില്‍ ഗതാഗത നിയന്ത്രണത്തിന് സിഗ്നല്‍ സംവിധാനം സ്ഥാപിക്കാത്തത് കാലങ്ങളായി വാഹനയാത്ര ദുഷ്കരമാക്കുന്നു. ഒലവക്കോട്ടു നിന്നും ചുണ്ണാമ്പുത്തറ വഴി വടക്കന്തറയിലൂടെ മേഴ്സിജംഗ്ഷനിലേക്കുള്ള മിനിബസ്സുകളും ഇതിലൂടെ സവാരി നടത്തുന്നുണ്ട്.
പച്ചക്കറി മാര്‍ക്കറ്റിനു സമീപത്ത് ജീവനക്കാര്‍ക്കോ ചരക്കുമായി എത്തുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്കോ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള അസൗകര്യങ്ങളുടെ കുറവും വ്യാപാരികളെ വലക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: