പാലക്കാട്: റൈസ് പുള്ളര്‍ ഇടപാടിന് പാലക്കാടെത്തിയ തമിഴ്നാട് സ്വദേശികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം,സ്വര്‍ണ്ണം,കാര്‍ മുതലായവ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന കൂട്ടുപ്രതി അറസ്റ്റില്‍.
മലപ്പുറം,താഴേക്കോട് ,വട്ടപ്പറമ്പ് സ്വദേശി അലി എന്ന ഷബീര്‍അലി(31)നെയാണ് ടൗണ്‍നോര്‍ത്ത് സിഐ ആര്. ശിവശങ്കരനും സംഘവും അറസ്റ്റു ചെയ്തത്.ഒന്നാം പ്രതി കല്ലിങ്കല്ലാത്താണി,വട്ടപ്പറമ്പ് സ്വദേശി പൂവത്താണി റഫീഖിന്റെ സുഹൃത്താണ്.ഇയാള്‍ നേരത്തെ അറസ്റ്റിലായി.
23 നാണ് റൈസ് പുള്ളര്‍ ബിസിനസ്സില്‍ ചേര്‍ത്താമെന്ന് പറഞ്ഞ് തമിഴ്നാട് തിരിപ്പൂര് സ്വദേശികളായ നാഗരാജ്, ഭാസ്കര്‍ എന്നിവര്‍ 10 ലക്ഷം രൂപയുമായി പട്ടാമ്പി സ്വദേശിയുമായ സുഹൃത്ത് ജുനൈദിനുമൊപ്പം ഒലവക്കോടെത്തിയത്.
ഈസമയം റഫീഖും സംഘവും ഇന്നോവ കാറില്‍ കാത്തു നിന്ന് ഇരുവരെയും കാറില്‍ കയറ്റി.ജുനൈദിനെ തോക്കു ചൂണ്ടി ഓടിച്ച ശേഷം മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോയ കാറിനകത്തുവെച്ച് മര്ദ്ദിക്കുകയുംനാഗരാജിന്റെ കയ്യിലുണ്ടായിരുന്ന 25000 രൂപയും, സ്വര്‍ണ്ണ മോതിരവും തട്ടിയെടുക്കുകയും,എടിഎമ്മില്‍ നിന്നും ബലം പ്രയോഗിച്ച് 22000 രൂപ പിന്‍വലിക്കുകയും ചെയ്തു.
ശേഷം 10 ലക്ഷം രൂപ ആവശ്യപ്പെട്ട് മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ അത്കാറിനകത്തുണ്ടെന്ന് പറഞ്ഞ് ഒലവക്കോട് തിരിച്ചെത്തി. ഇതിനിടെ ജുനൈദ് കാറിന്റെ ചില്ലുതകര്‍ത്ത് പണവുമായി രക്ഷപ്പെടുകയായിരുന്നു. പണമില്ലാതായതോടെ മുദ്രപത്രങ്ങളിലും,വാഹന വില്‍പ്പനക്കരാര്‍ പത്രങ്ങളിലും തോക്കു ചൂണ്ടി ഒപ്പിട്ടു വാങ്ങി ഇരുവരെയും ഇറക്കിവിട്ടു. ഭയപ്പെട്ട ഇവര്‍ പരാതി നല്‍കാതെ തിരികെ പോയി. കാറില്‍ നിന്നെടുത്ത 10 ലക്ഷം ജുനൈദ് പിന്നീട് നാഗരാജിന് കൈമാറി.
കുറച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നാഗരാജുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകള്‍, വിവിധ സ്ഥലങ്ങളിലെ സിസിടിവികള്‍,സമാനരീതിയിലുള്ള കേസ്സിലെ പ്രതികള്‍ എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഒന്നാം പ്രതിയായ റഫീഖ് ഉപയോഗിച്ചിരുന്ന ഇന്നോവ കാര്‍, തട്ടിയെടുത്ത മാരുതി കാര്‍, എന്നിവ ഉള്‍പ്പെടെ നാലോളം കാറുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നാഗരാജിനെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച തോക്കും, ഒപ്പിട്ടു വാങ്ങിയ മുദ്രപത്രങ്ങളും കാറില്‍ നിന്നും കണ്ടെടുത്തിരുന്നു.
എസ്ഐ ആര്.രഞ്ജിത്,ജെഎസ്ഐ പ്രദീപ് കുമാര്‍,എഎസ്ഐ ഷേണു, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആര് കിഷോര്‍, കെ.അഹമ്മദ്കബീര്‍,ആര്.വിനീഷ്,ആര്.രജീദ്,സിപിഒമാരായ പ്രജീഷ്,ഷിബു, സുദേവന് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: