തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയുടെ സ്വപ്നപദ്ധതിയായ കണ്ണംകുളങ്ങര മള്‍ട്ടീപ്ലസ് തീയേറ്ററിനും ഷോപ്പിംഗ് കോംപ്ലക്സിനുമായി നിര്‍മ്മിച്ച നഗരസഭാ കെട്ടിടത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരം. യുഡിഎഫ് ഭരണ സമിതി അധികാരത്തിലെത്തിയപ്പോള്‍ കോടികള്‍ മുടക്കി പണിത കെട്ടിടം പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും നടത്തിയിരുന്നു.
കോടികള്‍ മുടക്കിയ കെട്ടിടം ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. പുതിയ ഭരണസമിതി വന്നതിനു ശേഷം ഇത് പൂര്‍ത്തീകരിക്കാന്‍ ഒരുകോടിയോളം രൂപ പാസ്സാക്കിയെങ്കിലും പണികള്‍ മന്ദഗതിയിലാണ്. പുതിയ ഭരണസമിതി അധികാരത്തില്‍ വന്നപ്പോള്‍ നഗരസഭാ പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുഴുവന്‍ തള്ളിയിരുന്നത് ഈ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ആണ്. ഇതിനെതിരെ വ്യാപക പ്രതിഷേധം നടത്തി. പ്രതിപക്ഷഅംഗങ്ങളും പ്രദേശവാസികളും സമരവുമായി രംഗത്തെത്തിയെങ്കിലും നഗരസഭാ ഇതിനെതിരെ മൗനം പാലിക്കുകയായിരുന്നു.
മഴക്കാലംവന്നതോട് കൂടി മഴവെള്ളം കുത്തിയൊലിച്ചു എത്തുന്നത് ഈ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് ഏരിയയിലേക്കാണ്. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അഴുകി കുമിഞ്ഞു കൂടിയതോടെ എലികളും പെറ്റു പെരുകി. മഴവെള്ളം പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് നിറഞ്ഞതോടു കൂടി പ്രദേശത്തു ദുര്‍ഗന്ധവും പ്ലാസ്റ്റിക് മാലിന്യങ്ങളോടൊപ്പം ചത്ത എലികളും ഒഴുകി പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും പുറത്തേക്കു വരുന്ന അവസ്ഥയാണ്. പകര്‍ച്ചവ്യാധികള്‍ പകര്‍ന്നു പിടിക്കുന്നതിനു വഴിതെളിക്കുമെന്നു പരിസരവാസികളുടെ ആശങ്ക ദൂരീകരിക്കുന്നതിനായിട്ടുള്ള ഒരു നടപടിയും നഗരസഭാ കൈകൊണ്ടട്ടില്ലെന്ന് ബിജെപി ആരോപിച്ചു.
കെട്ടിടത്തിനുള്ളില്‍ കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ഉടന്‍ തന്നെ നീക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ബിജെപിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നു അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: