കാക്കനാട്: പൂര്‍ണ്ണ മാലിന്യ രഹിത സംസ്ഥാനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഊര്‍ജിത ശുചിത്വ മാലിന്യ സംസ്കരണ യജ്ഞം ജില്ലയില്‍ സംഘടിപ്പിക്കും. ആഗസത് 15ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ശേഷം മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപനം നടത്തിയാണ് യജ്ഞത്തിനു തുടക്കം. മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ ജില്ല പ്ലാനിംഗ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിത കേരള മിഷന് പ്രവര്‍ത്തനങ്ങളുടെ അവലോകനവും ഭാവി പ്രവര്‍ത്തനങ്ങളുടെ വിശദമായ ചര്‍ച്ചയും നടന്നു. ഹരിത കേരള മിഷന്റെ ഉപദൗത്യം എന്ന നിലയിലാണ് ശുചിത്വ മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നല്‍കിയുള്ള സമഗ്ര യജ്ഞം ആരംഭിക്കുന്നത്.
ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും പരിധിയിലുള്ള പ്രദേശങ്ങള്‍ മാലിന്യ രഹിതമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വ്യക്തി, കുടുംബം, സ്വകാര്യ വീടുകള്‍, ഗേറ്റഡ് കോളനികള്‍, ഫല്‍റ്റ് സമുച്ചയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, കമ്പോളങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ അവരവരുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ സംസ്കരിക്കുന്നതിന് ഓരോരുത്തരെയും പ്രേരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. സ്ഥലപരിമിതിയുള്ള സാഹചര്യത്തില്‍ കമ്മ്യൂണിറ്റി തല മാലിന്യ സംസ്കരണ പദ്ധതികള്‍ തയാറാക്കും. ഈ ലക്ഷ്യത്തോടെയാണ് ക്യാമ്പയ്ന് ആരംഭിക്കുന്നത്.
ഗൃഹതല വിവരശേഖരണവും അവബോധം സൃഷ്ടിക്കലുമാണ് ആദ്യപടി. ഓരോ വീട്ടിലെയും മാലിന്യസംസ്കരണം സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുകയും ജൈവ മാലിന്യ സംസ്കരണത്തിന് ഏതു സംവിധാനമാണ് ഓരോ വീടിനും അനുയോജ്യമെന്നും കണ്ടെത്തുകയും വീട്ടുടമകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതിനാണ് സന്ദര്‍ശനം.
സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, എന്‍എസ്എസ്, എന്‍സിസി., കുടുംബശ്രീ, സാമൂഹികസാസ്കാരിക സംഘടനകള്‍, ക്ലബ്ബുകള്‍, യുവജന സംഘടനകള്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തവും ഉറപ്പാക്കും. രണ്ടു പേരടങ്ങുന്ന ടീമാണ് ഓരോ വാര്‍ഡിലും വീടുകളില്‍ സന്ദര്‍ശനം നടത്തുക. ഒരു ടീം 4050 വീടുകള്‍ വരെ ഒരു ദിവസം സന്ദര്‍ശിച്ച് രണ്ടു ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കും. ഗൃഹസന്ദര്‍ശനം നടത്തുന്ന ടീമുകള്‍ക്ക് കൃത്യമായ പരിശീലനം നല്‍കും.
ഹരിത കേരള മിഷന് സെക്രട്ടറിമാര്‍ മിഷന് അധ്യക്ഷന്മാരുമായി ആലോചിച്ച് സമയബന്ധിതമായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ വ്യക്തമായ കര്‍മ്മ പദ്ധതി തയാറാക്കും. സാങ്കേതികവിദഗ്ദരുടെ സഹായവും തേടാവുന്നതാണ്. കോളനികള്‍, ഫ്ളാറ്റുകള്‍ എന്നിവിടങ്ങളിലെ വിവരശേഖരണത്തിന് റസിഡന്‍സ് അസോസിയേഷന് ഭാരവാഹികളുടെ പ്രത്യേക യോഗം പഞ്ചായത്ത്/നഗരസഭ/കോര്പ്പറേഷന് തലത്തില്‍ വിളിച്ചു ചേര്‍ക്കണം.
ജൈവ കൃഷി വ്യാപനം, കുളം നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വലിയ ജനപങ്കാളിത്തത്തോടെ നിര്‍വഹിക്കാന്‍ കഴിഞ്ഞുവെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു.
എംഎല്‍എമാരായ പി.ടി. തോമസ്, അന്‍വര്‍ സാദത്ത്, കൊച്ചി മേയര്‍ സൗമിനി ജെയിന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: