പടിഞ്ഞാറത്തറ : ബാണാസുരസാഗര്‍ വീണ്ടും കണ്ണീരണിഞ്ഞു. കാലങ്ങളായി നിരവധിപേരുടെ ജീവനെടുത്ത ബാണാസുരസാഗര്‍ അണക്കെട്ടില്‍ കഴിഞ്ഞദിവസം നാലുപേരെ കാണാതായി. തിരച്ചില്‍ നടത്തുന്നതിന് ജില്ലാഭരണകൂടം നാവിക സേനയുടെ സഹായം തേടിയിരുന്നു. പതികൂല കാലാവസ്ഥയെ തുടര്‍ന്ന് അണക്കെട്ടില്‍ തെരച്ചില്‍ ദുഷ്ക്കരമായതിനാലാണ് ജില്ലാ ഭരണകൂടം നാവികസേനയുടെ അടിയന്തിര സഹായം ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച്ച നാല് മണിയോടെ കൊച്ചിയില്‍നിന്നെത്തിയ നാവികസേനയുടെ പ്രത്യേക സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്നു.
തിങ്കളാഴ്ച്ച മുങ്ങല്‍ വിദഗ്ധര്‍ സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്തിന്റെ 300 മീറ്റര്‍ ചുറ്റളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ചില സ്ഥലങ്ങളില്‍ 70 അടിവരെ താഴ്ചയുണ്ട്. 40 അടിയില്‍ കൂടുതല്‍ താഴ്ചയിലേക്ക്പോകാന് സാധിക്കുന്നില്ലെന്ന് മുങ്ങല്‍വിദഗ്ധര്‍ പറഞ്ഞു. അസഹ്യമായ തണുപ്പും വെള്ളത്തിന്റെ സാന്ദ്രതയുമാണ് പ്രശ്നം. രാത്രിയില്‍ നടന്ന അപകടമായതിനാല്‍ രക്ഷപെട്ടവര്‍ക്ക് കൃത്യസ്ഥലം ഓര്‍മ്മയില്ലാതായത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. കാണാതായവരില്‍ ഒരാളൊഴികെ ബാക്കിയുള്ളവര്‍ക്ക് നീന്തലറിയാമെന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു. അപകടം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനായി പോലീസ രക്ഷപെട്ടവരില്നിന്ന് മൊഴിയെടുക്കും.
ജില്ലാകലക്ടര്‍ എസ്.സുഹാസിന്റെ നേതൃത്വത്തില്‍ അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റുകള്‍, മാനന്തവാടിയിലെ അഗ്നിശമന സേനയുടെ സ്കൂബ ഡൈവിങ്ങ് ടീം, കോഴിക്കോട്നിന്നുള്ള അണ്ടര്‍വാട്ടര്‍ സെര്‍ച്ചിങ്ങ് ടീം, തുര്‍ക്കി ജീവന് രക്ഷാസമിതി, റവന്യു, പോലീസ്, വനം വകുപ്പ്, കെഎസ്ഇബി തുടങ്ങിയവര്‍ സ്ഥലത്തുണ്ട്. ഞായറാഴ്ച രാത്രി 11മണിയോടെ മത്സ്യബന്ധനത്തിനായി അണക്കെട്ടിലിറങ്ങിയ ഏഴംഗസംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് അനുമാനം. ഇവര്‍ സഞ്ചരിച്ച കൊട്ടത്തോണി മുങ്ങുകയായിരുന്നു. കോഴിക്കോട് തുഷാരഗിരി ചെമ്പൂക്കടവ് നെല്ലിപ്പൊയില്‍ സച്ചിന്(20), മോളക്കുന്നില്‍ ബിനു(42), മണിത്തൊട്ടി മെല്വിന്(34), തരിയോട് സിങ്കോണ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍(44) എന്നിവരെയാണ് കാണാതായത്. തുഷാരഗിരി ചിറ്റിലപ്പള്ളി ജോബി(35), കോടഞ്ചേരി കൂരാന്തോട് ജോബിന് (22), ചെമ്പൂക്കടവ് പുലക്കുടിയില്‍ മിഥുന്(19) എന്നിവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അപകടം നടന്ന സ്ഥലംസന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. കാണാതായവരുടെ കുടുംബത്തിന് അടിയന്തിര സഹായമെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. അണക്കെട്ടില്‍ കാണാതായ പാറേക്കുടി വില്‍സണിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. സി.കെ.ശശീന്ദ്രന് എം എല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാകളക്ടര്‍ എസ്. സുഹാസ്, ജില്ലാ പോലീസ് മേധാവി രാജ്പാല് മീണ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: