പത്തനംതിട്ട: ഫണ്ട് അനുവദിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും വടശേരിക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് നിര്‍മ്മാണം ആരംഭിച്ചില്ല. കെട്ടിടം പണിയാനായി വടശേരിക്കര വില്ലേജ് ഓഫിസിനു സമീപമുള്ള പമ്പാ ജലസേചന പദ്ധതിയുടെ 30 സെന്റ് സ്ഥലം വിട്ടുകൊടുത്തിരുന്നു. തുടര്‍ന്നു നിര്‍മ്മാണത്തിനായി 50 ലക്ഷത്തോളം രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പണി കരാര്‍ നല്‍കിയിട്ടില്ല. നാലു വര്‍ഷം മുന്‍പു വരെ വാടക കെട്ടിടത്തിലാണു സിഐ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തിനു ബലക്ഷയം നേരിട്ടപ്പോള്‍ മുന്‍പു പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റുകയായിരുന്നു. ശബരിമല തീര്‍ത്ഥാടനക്കാലത്ത് വടശേരിക്കരയില്‍ താല്‍ക്കാലിക പോലീസ് സ്റ്റേഷന് തുറക്കാറുണ്ട്. ഗവ.എല്‍പി സ്കൂളിന്റെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടത്തിലാണു സ്റ്റേഷന് തുറക്കുന്നത്. ഇവിടെയും സ്ഥലപരിമിതി പ്രയാസം സൃഷ്ടിക്കുന്നു. പൊലീസ് സ്റ്റേഷനും കൂടി പ്രയോജനപ്പെടുന്ന വിധത്തില്‍ സിഐ ഓഫിസ് കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യവും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: