കോഴഞ്ചേരി: കോഴഞ്ചേരി പുത്തന്‍ പള്ളിയോടം അണിഞ്ഞൊരുങ്ങുന്നു. പത്തൊമ്പത് പള്ളിയോടങ്ങള്‍ക്ക് രൂപം പകര്‍ന്ന ചങ്ങങ്കരി വേണുവാചാരിയാണ് പള്ളിയോടം സാക്ഷാത്കരിക്കുന്നത്. തിരുവാറന്മുളയപ്പന്റെ അനുഗ്രഹം ആവോളം പള്ളിയോടനിര്മ്മാണത്തിന് ലഭ്യമായിട്ടുണ്ട്. പഴയ പള്ളിയോടം മഴുക്കീര്‍ കരക്കാര്‍ക്ക് വിറ്റശേഷം പുതുതായി നിര്‍മ്മിക്കുന്ന പള്ളിയോടം കെട്ടിലും മട്ടിലും മികച്ചതാണ്. ഓഗസ്റ്റ് 24ന് വള്ളം നീരണിയുന്നതിന് മുഹൂര്‍ത്തം കുറിച്ചിരിക്കുകയാണ് കരക്കാര്. അതിന് രണ്ടുനാള്‍ മുമ്പ് പണിപൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് വേണുവാചാരി.
നാല്പ്പത്താറര കോല് നീളവും അറുപത്തിയാറ് അംഗുലം ഉടമയും പതിനെട്ടടി അമരഉയരവുമായി കോഴഞ്ചേരി വഞ്ചിപ്പേട്ടയ്ക്ക് ശോഭ പകരുകയാണ് പള്ളിയോടം. കൂമ്പിന്റെ പണി ഏറെകുറെ പൂര്‍ണമായി കഴിഞ്ഞു. കൊത്തുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്. കാറ്റുമറയില്‍ ദേവരൂപങ്ങള്ക്ക് പകരം പുഷ്പ്പചക്രമാണുള്ളത്. അമരത്ത് മൂന്നുപലകകള് കൂടി ഉറപ്പിച്ചാല്‍ ചുണ്ടന് പൂര്‍ണരൂപം കൈവരും. തൊപ്പിതടിയില് നവഗ്രഹങ്ങള്‍ ശോഭ പരത്തുന്നു. ശേഷിക്കുന്നത് പടികളുടെയും ആളോടി പലകയുടെയും വില്ലിന്റെയും പണികള്‍ മാത്രം. അതിന് ഒരുമാസം ഇനിയും ബാക്കിയുണ്ട്.
വേണുവാചാരി സ്വന്തം കൈകള്‍കൊണ്ട് രൂപപ്പെടുത്തുന്ന ഇരുപതാമത്തെ വള്ളമാണ് കോഴഞ്ചേരി. പിതാവ് ചങ്ങങ്കരി തങ്കപ്പനാചാരി 1996-ല്‍ ഇടനാട് പള്ളിയോടം പണിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിച്ച് വീതുളി കൈകളില്‍ എടുത്ത് തിരുവാറന്മുളയപ്പനില് നിന്നും അനുജ്ഞവാങ്ങിയ മുഹൂര്‍ത്തം ഇന്നും വേണു ഓര്‍ക്കുന്നു. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 1998-ല്‍ ഇടയാറന്മുള ചുണ്ടന് പണിതിറക്കിയപ്പോള് അത് ആറന്മുളയിലെ ഏറ്റവും വലിയ പള്ളിയോടമായി മാറി. പിന്നീട് ഇടയാറന്മുള കിഴക്ക്, ളാക ഇടയാറന്മുള, ഇടശേരിമല, ഇടശേരിമല കിഴക്ക്, കീഴ്വന്വഴി, വന്വഴി, ഇടപ്പാവൂര്‍ പേരൂര്‍, പുന്നംതോട്ടം, അയിരൂര്‍, ചെന്നിത്തല, മാരാമണ്‍, ഓതറ കുന്നേക്കാട്ട്, തെക്കേമുറി, നെല്ലിക്കല്‍, കുറിയന്നൂര്‍, പടിഞ്ഞാറന്‍ ചുണ്ടനായ സെന്റ് ജോര്‍ജ്, മല്ലപ്പുഴശേരി എന്നിങ്ങനെ 19 പള്ളിയോടങ്ങള്‍ക്ക് ശില്പ്പിയായി. ഇരുപതാമത് വള്ളമാണ് കോഴഞ്ചേരി. ഇതില്‍ മല്ലപ്പുഴശേരിയും മാരാമണ്ണും രണ്ടും മൂന്നും ഘട്ടങ്ങളിലായാണ് പണിതിറക്കിയത്.
ഓരോ പള്ളിയോടവും നിര്‍മ്മിക്കുമ്പോള്‍ അതിന് ഏന്തെങ്കിലും ഒരു പ്രത്യേകത വരുത്താന്‍ വേണു ശ്രമിക്കാറുണ്ട്. അതിനുള്ള മനോധര്‍മ്മം തിരുവാറന്മുളയപ്പന് കനിഞ്ഞുനല്കിയിട്ടുണ്ട്. കോഴഞ്ചേരി പള്ളിയോടത്തിന്റെ അച്ചുനിര്‍മ്മാണം മുതല്‍ മകനും ഏയര്‍ക്രാഫ്റ്റ് എന്‍ജിനിയറുമായ വിഷ്ണുവിനെ കൂടെ ഉള്‍പ്പെടുത്തി. ഇംഗ്ലീഷ് അക്ഷരമാലയിലെ കണ്ണിയായ ‘വി’ ആകൃതിയില്‍ നിന്നും അല്‍പ്പം മാറി ‘യു’ ആകൃതിക്ക് സമമായാണ് അച്ചുകള്‍ നിര്‍മ്മിച്ചത്. കോഴഞ്ചേരി മുതല്‍ ആറന്മുള സത്രക്കടവുവരെ പമ്പയുടെ അടിത്തട്ടിന് ആഴം കുറവായതിനാല്‍ വള്ളം ഉറയ്ക്കാതിരിക്കാനാണ് ഈ തന്ത്രം. നഗരമധ്യത്തില്‍ വച്ച് നിര്‍മ്മിക്കുന്ന ആദ്യ പള്ളിയോടമാണ് കോഴഞ്ചേരി. പള്ളിയോടത്തിന്റെ നീരണിയല്‍ ചടങ്ങിനൊപ്പം പൂരകാഴ്ച്ച ഒരുക്കാനുള്ള തിടുക്കത്തിലാണ് നാട്ടുകാര്‍. ശേഷിക്കുന്ന ഒരുമാസം അതിനുള്ള തയ്യാറെടുപ്പാണ്. വേണുവാചാരിക്കും മകന് വിഷ്ണുവിനുമൊപ്പം മുരാരി ചമ്പക്കുളം, സുനില്‍ കുറിയന്നൂര്‍, ഓമനക്കുട്ടന് മേലുകര, ഗോപാലകൃഷ്ണന് തലവടി, ചന്ദ്രന് തലവടി, കൃഷ്ണന്‍കുട്ടി അയിരൂര്‍ എന്നിവരാണ് പള്ളിയോട നിര്‍മ്മാണത്തിന് പങ്കാളിത്തം വഹിക്കുന്നത്. രാധാകൃഷ്ണന് ഇടയാറന്മുളയുടെ നേതൃത്വത്തില്‍ ഇരുമ്പുനിര്മ്മാണവും നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: