പുരാണഗ്രന്ഥപാരായണത്തിന്റെ തിരക്കിലാണ് ഇന്ദിരാദേവി. കര്‍ക്കടകത്തില്‍ രാമായണപാരായണവും നാരായണീയവും ദേവീഭാഗവതവും ഭഗവത് ഗീതാപാരായണവുമെല്ലാം ഇന്ദിരാദേവിക്ക് ആത്മീയ അനുഭൂതി പകരുന്ന നിമിഷങ്ങളാണ് നല്‍കുന്നത്.
ബാല്യത്തില്‍ തുടങ്ങിയ ശീലങ്ങളിലൊന്നാണ് ഗ്രന്ഥപാരായണം. അതിന്നും തുടരുന്നു. പുരാണ ഗ്രന്ഥപാരായണത്തില്‍ കാല് നൂറ്റാണ്ട് പിന്നിടുന്ന കൊച്ചിക്കാരുടെ ഇന്ദിരാമ്മ നാരായണീയ പാരായണത്തിലും പ്രഗത്ഭയാണ്. കര്‍ക്കടകവും മണ്ഡലക്കാലവും വൈശാഖ മാസവുമെല്ലാം ഇന്ദിരാദേവിയ്ക്ക് തിരക്കിന്റേതാണ്.
കൊച്ചിയിലെ വിവിധ ക്ഷേത്രങ്ങളിലും സ്വകാര്യ ടിവി ചാനലിലും രാമായണ പാരായണം നടത്തുന്നുണ്ട്. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തോടൊപ്പം സംസ്കൃതത്തിലെ വാല്മീകിരാമായണവും തമിഴിലെ കമ്പരാമായണവും ഇന്ദിരാദേവി ഹൃദിസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍ മലയാളിക്കെന്നും പ്രിയം അദ്ധ്യാത്മരാമായണമെന്നാണ് ഇന്ദിരാദേവിയുടെ പക്ഷം.
ഗ്രാമീണമേഖലയിലെ രാമായണപാരായണ ശൈലിയില്‍ നിന്ന് നഗരമേഖലയില്‍ രാമായണമാസാചരണത്തില്‍ അര്‍ച്ചനയും നൈവേദ്യവും സീതാരാമ കല്യാണവും അഭിഷേകവുമെല്ലാം പാരായണത്തില്‍ സവിശേഷമായെത്തുന്നു.
അമ്മയാണ് രാമായണ പാരായണത്തില്‍ ഇന്ദിര ദേവിയുടെ ഗുരു. പാലക്കാട് കൊല്ലംക്കോട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന അച്ഛന് രാവുണ്ണിയാരത്ത് ശങ്കരമേനോനും അമ്മ രുഗ്മിയുമൊത്ത് കര്‍ക്കടകരാവുകളെ രാമായണ പാരായണത്തിന്റെതാക്കി മാറ്റുമായിരുന്നു. ഭൂപരിഷ്ക്കരണത്തില്‍ കുടുംബം നേരിട്ട കഷ്ടനഷ്ടങ്ങളാല്‍ നാടുവിട്ട് കൊച്ചിയിലെത്തി. പിന്നീട് നവീന്‍ ചന്ദ്രനുമായി വിവാഹം.
ഇതിനിടെ രവിപുരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിന്ന് നാരായണീയം പാരായണം ചെയ്യുന്നത് പഠിച്ചു. അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. നല്ലൊരു ശിഷ്യ സമ്പത്തുള്ള ഇന്ദിരാദേവി ഇതിനകം സംസ്ഥാനത്തിനകത്തും തമിഴ്നാട്ടിലും നാരായണീയ പാരായണം നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: