പള്ളിക്കല്‍: പഠനചിലവിന് പണമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ധീരതാപുരസ്കാര ജേതാവ് ശാലിനിക്ക് സഹായഹസ്തവുമായി അന്നപൂര്‍ണ്ണേശ്വരി ചാരിറ്റബിള്‍ ട്രസ്റ്റ്. ശാലിനിയുടെ പഠനചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന വാക്ക് പാലിക്കപ്പെടാതെ വന്നതോടെയാണ് ട്രസ്റ്റ് ഇടപെട്ടത്. ബിഎ ഹിസ്റ്ററിക്ക് പഠിക്കുന്ന ശാലിനിയുടെയും സഹോദരിമാരുടെയും വിദ്യാഭ്യാസ ചിലവ് പൂര്‍ണ്ണമായും ഇനി ട്രസ്റ്റ് വഹിക്കും. ട്രസ്റ്റ് ഭാരവാഹികളായ കെ.ചാരു, വി.ചന്ദ്രന്, ഒ.കെ.ഹരിദാസ്, എ ബാലകൃഷണന് എന്നിവരും പ്രദേശവാസികളായ സുനില്‍, ഗോപി എന്നിവരും ചേര്‍ന്ന് ശാലിനിയുടെ വീട്ടിലെത്തി പുസതകം, വസ്ത്രം, ബാഗ് തുടങ്ങിയവ കൈമാറി.
2012 മാര്‍ച്ച് 18നാണ് ശാലിനി തന്റെ ജീവന്റെ സുരക്ഷപോലും വകവെക്കാതെ കടലുണ്ടിപ്പുഴയിലെ കൂരിയാടിനടുത്ത് പനമ്പുഴക്കടവില്‍ പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന എട്ടുവയസ്സുകാരി അഞ്ജിതയെ രക്ഷിച്ചത്. അന്നു ശാലിനിക്ക് വയസ്സ് 13. ശാലിനി വേങ്ങര കുറ്റൂര്‍ യു.പി. സ്കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് സംഭവം. ദിവസവും കടലുണ്ടിപ്പുഴയില്‍ കുളിക്കാന്പോകാറുള്ള ശാലിനി പനമ്പുഴക്കടവിലെത്തി കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുടുംബത്തോടൊപ്പം കുളിക്കാന്‍ വന്ന അഞ്ജിത ട്യൂബില്‍ കളിച്ചുകൊണ്ടിരിക്കെ പിടിവിട്ട് വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടത്. ചെറുപ്പത്തിലെ നീന്തല്‍ നന്നായിവശമുള്ള ശാലിനി ഉടന്‍ നീന്തിയെത്തി കുട്ടിയെ രക്ഷിച്ചു.
ധീരതാപുരസ്കാരം ശാലിനിക്ക് നല്കുമ്പോള് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ശാലിനിയുടെ മുഴുവന്‍ പഠനച്ചെലവും സംസ്ഥാനസര്‍ക്കാര്‍ വഹിക്കുമെന്നും അയ്യായിരംരൂപ പാരിതോഷികം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. പക്ഷേ അതൊന്നും പാലിക്കപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: