മലപ്പുറം: കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന ആരോപണവുമായി രംഗത്ത് വന്ന മന്ത്രി കെ.ടി.ജലീലിന് ചുട്ടമറുപടിയുമായി സൊസൈറ്റി ഭാരവാഹികള്‍.
സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യമല്ല, രാഷ്ട്രീയക്കാരാണ് സൊസൈറ്റി നിയന്ത്രിക്കുന്നത്, സാറ്റിയൂട്ടറി ഓഡിറ്റ് നടക്കുന്നില്ല തുടങ്ങിയ മന്ത്രിയുടെ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ പിന്തുണയോടെ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സഹായമെത്തിക്കാനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി. സൊസൈറ്റി രജിസ്ട്രേഷന് ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന എന്ന നിലയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എല്ലാ വര്‍ഷത്തേയും വരവു ചെലവു കണക്കുകള്‍ ഓഡിറ്റു ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ അനുമതിപ്രകാരമാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഫണ്ടനുവദിക്കുന്നത്. ഈ ഫണ്ടിന്റെ വിനിയോഗം സ്റ്റിയൂട്ടറി ഓഡിറ്റിനു വിധേയമാക്കണമെന്ന് ഇതുവരെ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. പകരം പണം നല്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സൊസൈറ്റി നടത്തുന്ന ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ യൂട്ടിലൈസേഷന്‍ സര്ടിഫിക്കറ്റ് നല്‍കാനാണ് നിര്‍ദേശം. ഇത് യഥാസമയം ചെയ്യുന്നുണ്ട്. വരവു ചെലവു കണക്കുകള്‍ റിപ്പോര്‍ട്ട് ബുക്കായി അച്ചടിച്ച് വിതരണം ചെയ്യാറാണ് പതിവ്.
വൃക്ക രോഗികളെ സഹായിക്കുന്ന പ്രവര്‍ത്തനത്തിന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെയും തദ്ദേശഭരണ വകുപ്പു മന്ത്രിയേയും ആശ്രയിക്കാതെ ജനകീയ വിഭവ സമാഹരണം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഫണ്ട് നിഷേധിക്കുന്നതിന് സര്‍ക്കാര്‍ ഉയര്‍ത്തിയ സംശയങ്ങള്‍ക്കു മറുപടി നല്‍കിയിട്ടും അനുകൂല നടപടിയുണ്ടാകുന്നില്ല. ഇക്കാര്യം മന്ത്രി കെ.ടി.ജലീലിന്റെ ശ്രദ്ധയില്‍പെടുത്തിയതാണ്. അടുത്ത ധനസമാഹരണം നടത്തി ജീവകാരുണ്യ പ്രവര്‍ത്തനം മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകാനാണ് പദ്ധതി തയ്യാറാക്കുന്നത്.
സൊസൈറ്റി ചെയര്മാന് ഡോ.എ.മജീദ്, ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ അറക്കല്‍, ഖജാഞ്ചി ഡോ അബൂബക്കര്‍ തയ്യില്‍, വി.സുധാകരന്, അബ്ദുറഹ്മാന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: