കാക്കനാട്: ജില്ലയിലെ മുഴുവന്‍ വില്ലേജുകളിലും ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു. ആഗസ്റ്റ് മാസത്തോടെ ഓണ്‍ലൈന്‍ പോക്കുവരവ് പൂര്‍ണ്ണമായും നടപ്പാക്കും.
ഓണ്‍ലൈന്‍ പോക്കുവരവുമായി ബന്ധപ്പെട്ട ജില്ലാതല അവലോകന യോഗം ചേംബറില്‍ നടന്നു. ജില്ലയിലെ റീസര്‍വേ ചെയ്തിട്ടില്ലാത്ത 54 വില്ലേജ് ഓഫീസുകളിലെ ബിടിആര്‍, തണ്ടപ്പേര് ഡിജിറ്റലൈസേഷന് ആഗസ്റ്റില്‍ പൂര്‍ത്തീകരിക്കും. ഇതോടൊപ്പം വില്ലേജുകളില്‍ ഭൂനികുതി സ്വീകരിക്കുന്നതും ഓണ്‍ലൈന്‍ വഴി നടപ്പാക്കുമെന്നും ജില്ല കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ ഭൂരേഖ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായി റീസര്‍വേ പൂര്‍ത്തീകരിച്ചിട്ടുള്ള 73 വില്ലേജുകളില്‍ ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം നടപ്പാക്കി കഴിഞ്ഞു. 54 വില്ലേജുകളില്‍ രേഖകളുടെ ഡിജിറ്റൈസേഷന് ആരംഭിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസുകളിലെ പോക്കുവരവ് നടപടികള്‍ സുതാര്യവും സമയബന്ധിതവുമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
73 വില്ലേജുകളിലെ 22 ലക്ഷത്തോളം രേഖകളാണ് ഡിജിറ്റൈസേഷന് പൂര്‍ത്തിയാക്കിയത്. ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ആധാരത്തിന് മുന്‍പ് ബന്ധപ്പെട്ട വില്ലേജില്‍ നിന്നും വില്‍ക്കുന്നയാളുടെ പേരിലുള്ള തണ്ടപ്പേര് (ആര്.ഒ.ആര്) ലഭ്യമാക്കി ആധാരം തയാറാക്കി രജിസ്റ്റര്‍ ചെയ്യണം. ഇതുവഴി വില്ലേജ് രേഖകളുടെ പരിശോധന സാധ്യമാകുകയും കള്ള ആധാര രജിസ്ട്രേഷന് തടയുകയും ഭൂമി വാങ്ങുന്നവര്‍ കബളിപ്പിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാകുകയും ചെയ്യും.
വില്ലേജ് ഓഫീസില്‍ നിന്നു വില്‍ക്കുന്ന കക്ഷിയുടെ തണ്ടപ്പേര് പകര്‍പ്പ് വാങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ആധാരം നടത്തിയതെങ്കില്‍ ആധാരം നടന്ന് പതിനനഞ്ച് ദിവസത്തിനുള്ളില്‍ പ്രത്യേക അപേക്ഷ നല്‍കാതെ പോക്കുവരവ് സാധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: