കല്‍പ്പറ്റ: കേരളാ വനംവകുപ്പും തൃശ്ശൂര്‍ ഫോറസ്ട്രി കോളേജും ഹ്യും സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജിയും ചേര്‍ന്ന് വയനാട് വന്യജീവി സങ്കേതത്തില്‍ നടത്തിയ മഴക്കാല പക്ഷി സര്‍വ്വേയില്‍ 127 ഇനം പക്ഷികളെ കണ്ടത്തി. സംസ്ഥാനത്ത് ആദ്യമായി ഇബേര്‍ഡ് മൊബൈല്‍ അപ്ലീക്കേഷന്‍ ഉപയോഗിച്ചുള്ള വന പക്ഷി സര്‍വ്വേയാണിത്. പക്ഷി നിരീക്ഷകര്‍ ഫീല്‍ഡില്‍ കാണുന്ന പക്ഷികളെ അപ്പോള്‍ തന്നെ മൊബൈല്‍ ആപ്പ് വഴി ഒരു ഇന്റര്‍നെറ്റ് ഡാറ്റാബേസിലേക്ക് ഡാറ്റാ അപ്ലോഡ് ചെയ്യുന്നു. ഈ സംവിധാനം വഴിസര്വ്വേ കഴിയുമ്പോള്‍ തന്നെ സര്‍വ്വേ സംബന്ധിച്ച സംക്ഷിപ്ത വിവരങ്ങല്‍ ക്രോഡികരിക്കാന്‍ കഴിയും. കടലാസുകളും സര്‍വ്വേ ഷീറ്റുകളും പൂര്‍ണ്ണമായി ഒഴിവാക്കി സര്‍വ്വേ നടത്താന്‍ ഈ രീതി ഉപകരിക്കും.
കേരളം, കര്‍ണ്ണാടകം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള 300 പക്ഷി നിരീക്ഷകര്‍ സര്‍വ്വേയില്‍ പങ്കെടുത്തു. 21 ചട്ടികഴുകന്മാര്, അഞ്ച് കാതില കഴുകന്മാര്, 11 ഇനം മരംകൊത്തികള്‍, അഞ്ച് ഇനം പരുന്തുകള്‍, ഏഴ് ഇനം പ്രാവുകള്‍, എട്ട് ഇനം രാത്രിഞ്ചരന്മാരായ പക്ഷികളെയും കണ്ടെത്തി. അപൂര്‍വ്വമായ ജെന്ഡന്സ് ബാസ, സിലോണ്‍ ഫ്രോഗ് മൗത്ത്, മലബാര്‍ ബെഡ് ഹോണ്‍ബില്‍, ലെഗ്ഗിസ് ഹ്വാത്ത ഈഗിള്‍, ഇന്ത്യന്‍ നട്ഹാച്ച് എന്നിവയെയും സര്‍വ്വേയില്‍ കണ്ടെത്തി.
വൈല്‍ഡ്ലൈഫ് വാര്ഡന് എ.കെ. സാജന്, റേഞ്ച് ഓഫീസര്‍മാരായ കൃഷ്ണദാസ്, അജയ്ഘോഷ്, ആശാലത, ദീപക് ശങ്കര്‍, ബയോളജിസ്റ്റ് വിഷ്ണു എന്നിവര്‍ വിവിധ റേഞ്ചുകളില്‍ നേതൃത്വം നല്കി. പക്ഷി നിരീക്ഷകരായ സത്യന് മേപ്പയൂര്‍, രവീന്ദ്രന്, ഹേമന്ദ്, അഭിനന്ദ്, റിയാസ്, ശ്വേത, സഹന, രംഗസ്വാമി, പി.എ.അജയന്, മുനീര്‍, രാഹുല്‍, പുഷ്പ, എ.വി. അഭിജിത്ത് എന്നിവര്‍ വിവിധ ക്യാമ്പുകളില്‍ പക്ഷി സര്‍വ്വേക്ക് നേതൃത്വം നല്കി.
ഡോ. ആര്.എല്‍. രതീഷ്, സി.കെ.വിഷ്ണുദാസ് എന്നിവര്‍ ശാസ്ത്രീയവും സാങ്കേതികവുമായ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: