ന്യൂയോർക്ക്: അമേരിക്കയിൽ അർദ്ധ ഹൃദയവുമായി കുഞ്ഞ് പിറന്നു. ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് സ്വദേശിയായ ജാക്ക് ഫോളി എന്ന യുവതിയാണ് അർദ്ധ ഹൃദയമുള്ള ആൺ കുഞ്ഞിന് ജന്മം നൽകിയത്.
അമ്മയുടെ ഉദരത്തിൽ കിടക്കുന്ന സമയത്ത് കുഞ്ഞിനെ ബാധിച്ച ജനിതക സംബന്ധമായ പ്രശ്നമാണ് ഹൃദയത്തിന് പൂർണ വളർച്ച കൈവരിക്കാനാകാതെ പോയതെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന്റെ ഹൃദയത്തിന്റെ ഇടത് വശത്തിനാണ് വളർച്ചയില്ലാത്തത്. എന്തായാലും കുഞ്ഞിനെ മൂന്ന് അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്. കുഞ്ഞിന് പൂർണമായും ആരോഗ്യം നേടാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ വിശ്വസിക്കുന്നത്.
‘ഹൈപ്പോ പ്ലാസ്റ്റിക് ലെഫ്റ്റ് ഹേർട്ട് സിൻഡ്രോം’ എന്നാണ് ഈ അവസ്ഥയ്‌ക്ക് പറയുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. അമേരിക്കയിൽ മാത്രം എല്ലാ വർഷവും ആയിരം കുഞ്ഞുങ്ങൾ വീതം ഇത്തരത്തിൽ ജനിക്കുന്നുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.














