പത്തനംതിട്ട: കര്‍ക്കടകപുലരിയില്‍ അയ്യപ്പദര്‍ശനത്തിനായി സന്നിധാനത്ത് വന്‍ഭക്തജനത്തിരക്ക്. കര്‍ക്കടകമാസപൂജകള്‍ക്കായി ഇന്നലെ വൈകിട്ട് നടതുറക്കുന്നതിന് മുമ്പുതന്നെ നൂറുകണക്കിന് ഭക്തരാണ് സന്നിധാനത്ത് എത്തിയത്.
ഇന്നലെ വൈകിട്ട് 5 ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി ടി.എം.‘ഉണ്ണികൃഷ്ണന് നമ്പൂതിരി അയ്യപ്പസ്വാമിയുടെ നട തുറന്ന് ശ്രീകോവിലിനുള്ളില്‍ ദീപം തെളിച്ചു.
കര്‍ക്കടകം ഒന്നായ ഇന്ന് പുലര്‍ച്ചെ 5ന് ദര്‍ശനത്തിനായി നടതുറക്കും.തുടര്‍ന്ന് നെയ്യഭിഷേകവും മറ്റ് പൂജകളും നടക്കും.
ദേവസ്വം ബോര്‍ഡിന്റെ രാമായണ മാസാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് പമ്പയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. അംഗങ്ങളായ കെ. രാഘവന്, അജയ് തറയില്‍ എന്നിവര്‍ പങ്കെടുക്കും. ഡോ.എം. ലീലാവതി, കവിയൂര്‍ പൊന്നമ്മ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന രാമകഥാസുധ എന്ന സിഡിയുടെ പ്രകാശനവും നടക്കും. കര്‍ക്കടകമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് ശബരിമല നടയടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: