ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ തോല്‍വികള്‍ക്ക് അറുതിവരുത്തി ഐസിസി വനിതാ ലോകകപ്പ് സെമിയില്‍ വിജയം നേടുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഡെര്‍ബിഷയറില്‍ ഈമാസം 20 നാണ് ഇന്ത്യ-ഓസ്ട്രേലിയ സെമിഫൈനല്‍.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കുറിച്ച് റെക്കോര്‍ഡ്ബുക്കില്‍ കയറിയ മിതാലിയുടെ മികവില്‍ ന്യൂസിലന്‍ഡിന് വമ്പന്‍ തോല്‍വി സമ്മാനിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സെമിയില്‍ ഓസ്ട്രേലിയയെ നേരിടാന്‍ അര്‍ഹത നേടിയത്.
ആറു തവണ ലോക കിരീടം തലയിലേറ്റിയ ടീമാണ് ഓസ്ട്രേലിയ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഇതുവരെ 42 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്.ഇതില്‍ 34 തവണയും ഇന്ത്യ ഓസീസിന് മുന്നില്‍ അടിയറവ് പറഞ്ഞു.
ഈ തോല്‍വികള്‍ക്ക് ലോകകപ്പ് സെമിയില്‍ മറുപടി നല്‍കുമെന്ന് മിതാലി പറഞ്ഞു. നിര്‍ണായക ലീഗ് മത്സരത്തില്‍ ന്യൂസിലന്‍ഡിന്റെ വന്‍ സ്കോറിന് തുരത്തിയത് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഏറെ ഉയര്‍ത്തിയിട്ടുണ്ട്.
ഓസ്ട്രേലിയ മികച്ച ടീമാണ്. ബാറ്റും പന്തും കൊണ്ട് മികവ് കാട്ടാന്‍ കഴിയുന്ന ഒട്ടെറെ കളിക്കാരികള്‍ ഓസ്ട്രേലിയന്‍ ടീമിലുണ്ട്. എന്നിരുന്നാലും ന്യൂസിലന്‍ഡിനെതിരെ കാഴ്ചവെച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കാനാകുമെന്ന് മിതാലി പറഞ്ഞു.
അവസാന രണ്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും നടത്തിയ മോശം പ്രകടനത്തില്‍ ടീമംഗങ്ങള്‍ നിരാശരായിരുന്നു.
എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ നന്നായി കളിക്കാനായത് അവര്‍ക്ക് ആത്മ വിശ്വാസം നല്‍കുന്നതായി മതാലി വെളിപ്പെടുത്തി.
അവസാന ലീഗ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചതോടെ ഇന്ത്യ പോയിന്റു നിലയില്‍ മൂന്നാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. ഏഴു മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് പത്ത് പോയിന്റു ലഭിച്ചു. ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും പന്ത്രണ്ടു പോയിന്റു വീതം ലഭിച്ചെങ്കിലും മികച്ച റണ്‍റേറ്റില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായി. ഒമ്പതു പോയിന്റോടെ നാലാം സ്ഥാനക്കാരായി ദക്ഷിണാഫ്രിക്കയും സെമിലെത്തി.
നാളെ നടക്കുന്ന ആദ്യ സെമിയില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും.ഫൈനല്‍ 23 ന് ലോര്‍ഡ്സില്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: