തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറകളില്‍ വെള്ളി നിക്ഷേപമെന്ന് സൂചന. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കവെയാണ് ഇതില്‍ വെള്ളി നിക്ഷേപമാണുള്ളതെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട് പഴമക്കാര്‍ പറയുന്നത്. ‘ബി’യിലെ പുറത്തെ നിലവറയായ മഹാഭാരതകോണത്തു നിലവറ പല തവണ തുറന്നിട്ടുണ്ടെങ്കിലും അകത്തെ നിലവറയായ ശ്രീപണ്ടാരനിലവറ തുറന്നിട്ട് വളരെക്കാലമായി.
മഹാഭാരതകോണത്തു നിലവറയില്‍ വെള്ളിക്കട്ടകളും വെള്ളിക്കുടങ്ങളുമാണ് സുപ്രീംകോടതി നിയമിച്ച നിരീക്ഷകസംഘം കണ്ടത്. എന്നാല്‍ ശ്രീപണ്ടാര നിലവറയുടെ വാതില്‍ തുറക്കാന്‍ സംഘത്തിന് സാധിച്ചില്ല. നിയന്ത്രിത സ്ഫോടനത്തിലൂടെയോ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചോ വാതില്‍ തുറക്കേണ്ടി വരുമെന്ന് പറയപ്പെട്ടിരുന്നു. വെള്ളിനാണയങ്ങള്‍ നിറച്ച ചെമ്പു കുടങ്ങളാണ് വളരെക്കാലം മുമ്പ് അടച്ച ശ്രീപണ്ടാര നിലവറയില്‍ സൂക്ഷിച്ചിട്ടുള്ളതെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. 1931ല്‍ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ കല്പന പ്രകാരം മഹാഭാരതകോണത്തു നിലവറ തുറന്ന് പരിശോധിച്ചു. എന്നാല്‍ അന്നും ശ്രീപണ്ടാര നിലവറ തുറന്നില്ല. 2002ല്‍ മൂലവിഗ്രഹത്തിലെ അനന്തന് ചാര്‍ത്താനായി വെള്ളിയങ്കിക്കൂട്ടം എടുത്തതും മഹാഭാരതകോണത്തു നിലവറയില്‍ നിന്നാണ്.
ശ്രീപണ്ടാര നിലവറയുടെ കിഴക്കേ ചുമരില്‍ സര്‍പ്പത്തെ കൊത്തി വച്ചിട്ടുണ്ട്. ഈ നിലവറയുടെ സംരക്ഷകന്‍ തെക്കേടത്തു നരസിംഹമൂര്‍ത്തിയാണ്. ദേവന്മാരും ഋഷീശ്വരന്മാരും കാഞ്ഞിരോട്ടു യക്ഷിയമ്മയും ഈ നിലവറയ്ക്കുള്ളില്‍ തപസ്സു ചെയ്യുന്നുവെന്നാണ് ഭക്തജനവിശ്വാസം. നിലവറ തുറക്കുന്നത് ദേവസാന്നിധ്യത്തെ പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ ഒരുകാരണവശാലും തുറക്കരുതെന്ന് 2011 ല്‍ നടന്ന ദേവപ്രശ്നത്തില്‍ വിധിച്ചിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബവും ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരും പോറ്റിമാരും നിലവറ തുറക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. നിലവറ തുറക്കാന്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ പ്രക്ഷോഭം നടത്തുമെന്നാണ് ഭക്തജന സംഘടനകളുടെ നിലപാട്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ‘എ’ നിലവറയിലുള്ള സ്വര്ണരത്നാഭരണ ശേഖരത്തിന്റെ കണക്കെടുപ്പ് 2011 ല്‍ സുപ്രീംകോടതി നിയോഗിച്ച നിരീക്ഷകസംഘം നടത്തിയപ്പോള്‍ ഒരു ലക്ഷം കോടിയുടെ അമൂല്യവസ്തുക്കള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: