ആലപ്പുഴ: തീരദേശത്ത് ചാകര രൂപപ്പെട്ടു. കഴിഞ്ഞ രണ്ടുദിവസമായി ചാകര ലക്ഷണം കണ്ടിരുന്നെങ്കിലും ഇന്നലെയാണ് ചാകര ഉറച്ചത്. തീരദേശം ഉത്സവലഹരിയില്‍. പത്തുവര്‍ഷത്തിനുശേഷമാണ് പറവൂര്‍ കടപ്പുറത്ത് ചാകര ഉറച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷവും ചാകരയുടെ ലക്ഷണം കണ്ടിരുന്നെങ്കിലും ഉറച്ചിരുന്നില്ല.
തേവാര, ചെമ്മീന്‍, മത്തി, അയല, വറ്റപ്പാര, കൊഴുവ തുടങ്ങിയ മത്സ്യങ്ങളാണ് ലഭിച്ചത്. ഓരോ വള്ളത്തിനും അറുപതു മുതല്‍ 110 കുട്ട മത്സ്യങ്ങള്‍ വരെ ലഭിച്ചു. ഇന്നലത്തെ മത്സ്യവില കുട്ടയ്ക്ക് 3,000 രൂപയായിരുന്നു. ഒരു വള്ളത്തിന് ഒന്നരലക്ഷം മുതല്‍ മൂന്നുലക്ഷം രൂപ വരെ കിട്ടി. പതിനെട്ട് പേര് പോകുന്ന ഡിസ്കോ വളളങ്ങളില്‍ നൂറ്റിമുപ്പത് കുട്ട മത്തി വരെ ഇന്നലെ ലഭിച്ചു.
നാടന്‍ ചെമ്മീന്‍, പൂവാലന് ചെമ്മീനും ലഭിച്ചുതുടങ്ങിയതോടെ മത്സ്യത്തൊഴിലാളികള്‍ കൂടുതല്‍ സന്തോഷത്തിലായി. നല്ല വില കിട്ടുമെന്ന പ്രതീക്ഷയിലാണവര്‍. മത്സ്യങ്ങള്‍ കൂടുതല്‍ ലഭിച്ചതോടെ വിലയില്‍ വന്‍ കുറവ് ഉണ്ടായത് മത്സ്യതൊഴിലാളികള്‍ക്ക് ഇരിട്ടടിയായി. ഇതോടൊപ്പം മുന്നൂറു രൂപ വരെ കിട്ടിയിരുന്ന പൂവാലന് ചെമ്മീന്‍ നൂറ്റി ഇരുപത് രൂപ ആയതിനു പിന്നില്‍ വന്‍കിട കമ്പനികളും പ്രാദേശിക ചെമ്മീന്‍ ഷെഡ് ഉടമകളും തമ്മിലുള്ള ഒത്തുകളിയാണന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു.
കായംകുളം, തുമ്പോളി, ചേര്‍ത്തല, അന്ധകാരനഴി, തൃക്കുന്നപ്പുഴ പ്രദേശങ്ങളില്‍ നിന്ന് മത്സ്യബന്ധന വള്ളങ്ങള്‍ ഗലീലിയോ കടപ്പുറത്തേക്ക് എത്തിയിട്ടുണ്ട്. രണ്ടുദിവസംകൂടി ചാകര തുടര്‍ന്നാല്‍ അന്യ ജില്ലകളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എത്തിയേക്കും.
ഇതിനിടെ ചെല്ലാനത്തും ചാകരയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഇവിടെ നിന്ന് പോയ തൊഴിലാളികള്‍ക്ക് വള്ളം നിറയെ മത്സ്യം ലഭിച്ചു. പൊടിമീനും കണ്ണി അയലയും ചെമ്മീനുമാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്. ഇതോടെ ഹോട്ടലുകള്‍, പെട്ടിക്കടകള്‍, വസ്ത്രവില്പനക്കാര് എന്നിവരും കച്ചവടം ലക്ഷ്യമിട്ട് തീരത്ത് ഇടം പിടിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: