പെരുമ്പളം: അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് ദ്വീപ് നിവാസികള്‍ക്ക് ആരോഗ്യവകുപ്പ് നല്കിയ ആംബുലന്‍സ് ബോട്ട് പൊന്തക്കാട്ടില്‍. മുഖം തിരിച്ച് അധികാരികള്‍. ലക്ഷങ്ങള്‍ വിലയുള്ള ബോട്ടാണ് പൊന്തക്കാട്ടില്‍ നശിക്കുന്നത്.
ബോട്ട് ഉപയോഗ ശൂന്യമായതോടെ രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് മറുകരകളില്‍ എത്തിക്കാന്‍ ചെറുവള്ളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ദ്വീപ് നിവാസികള്‍. ബോട്ട് നല്‍കിയെങ്കിലും ഡ്രൈവറെ നിയമിക്കാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമത്രേ.
ഓക്സിജന്‍ സിലിണ്ടര്‍ ഉള്‍പ്പെടെ പ്രഥമ ശുശ്രൂഷാ സൗകര്യങ്ങളോടെയുള്ളതാണ് ബോട്ട്. ഇറപ്പുഴ ബോട്ട് ജെട്ടിക്കു സമീപമാണ് സൂക്ഷിച്ചിരുന്നത്. ആദ്യകാലങ്ങളില്‍ മാത്രമാണ് ബോട്ടിന്റെ സേവനം ദ്വീപ് നിവാസികള്‍ക്ക് ലഭിച്ചത്.
കായലിലെ ഓളത്തില്‍പ്പെട്ട് വെള്ളം കയറിത്തുടങ്ങിയതോടെ ബോട്ടിലെ എന്‍ജിനും ചികില്‍സാ ഉപകരണങ്ങളും നശിച്ചു. തുടര്‍ന്ന് ഉപകരണങ്ങള്‍ പഞ്ചായത്ത് ഓഫിസിലേക്കു മാറ്റി. ഷെല്‍ട്ടറില്‍ നിന്നു കെട്ടുപൊട്ടി ഒഴുകിയ ബോട്ട് പൊന്തക്കാട്ടില്‍ അടിയുകയായിരുന്നു.
കഴിഞ്ഞ ദിവസം കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് ബോട്ട് ശ്രദ്ധയില്‍ പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: