കല്‍പ്പറ്റ : പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിന് ജില്ലയില്‍ വനംവകുപ്പ് കണ്ടെത്തി റവന്യൂ വകുപ്പിന് കൈമാറിയ 266 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി തിരിച്ച് തിട്ടപ്പെടുത്തി നടപടികള്‍ പൂര്‍ത്തിയാക്കി വിതരണം ചെയ്യാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണുവിന്റെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗമാണ് തീരുമാനം എടുത്തത്. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഭൂമി വിതരണം വേഗത്തിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ വെളിച്ചത്തിലാണ് യോഗം വിളിച്ചത്. റവന്യൂ വകുപ്പിന്റെ പക്കലുള്ള ഭൂമി കൃത്യമായി കണ്ടെത്തി അളന്ന് തിട്ടപ്പെടുത്തണം. 640 കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ ഇതുവഴി കഴിയുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി യോഗത്തില്‍ പറഞ്ഞു. വനം വകുപ്പും റവന്യൂ വകുപ്പും ഭൂമി കണ്ടെത്തി വിതരണം ചെയ്യുന്നതിന് മുന്‍ഗണന നല്‍കണം. 3008 ഹെക്ടര്‍ സ്ഥലമാണ് വനംവകുപ്പ് ഇതിനായി കണ്ടെത്തി നല്‍കേണ്ടത്. ഇതില്‍ 2558 ഹെക്ടര്‍ ഭൂമി കൈമാറിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വിശദമായ പരിശോധനയില്‍ 872 ഹെക്ടര്‍ വാസ യോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വിതരണത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തിയ ഭൂമിക്ക് തുല്യമായ ഭൂമി വനം വകുപ്പ് കണ്ടെത്തി നല്‍കുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ നടത്തും.
ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍ 8817 പേര് ഭൂരഹിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ എത്രയും വേഗം പരിഹാരം ഉണ്ടാക്കും. നിക്ഷിപ്ത വനഭൂമി ലഭ്യമായതു സംബന്ധിച്ച് എത്രയും പെട്ടെന്ന് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചു. വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ലഭ്യമാക്കേണ്ട ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് കാലതാമസം ഉണ്ടാവാതിരിക്കാന്‍ സര്വ്വേയര്മാരുടെകുറവ് പരിഹരിക്കുന്നതിന് വിരമിച്ചവരോ അല്ലാത്തതോ ആയ താല്ക്കാലികസര്വവെയര്മാരെ കണ്ടെത്താനും നിര്ദ്ദേശംനല്കി.
ജില്ലാ കളക്ടര്‍ എസ്.സുഹാസ്, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ.പി.പുകഴേന്തി, എ.ഡി.എം. കെ.എം.രാജു, സബ്കളക്ടര്‍ വി.ആര്.പ്രേംകുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: