പ്രവാസി ജീവിതത്തിന് ശേഷം ആരംഭിച്ച മത്സ്യക്കൃഷി നല്‍കിയത് ആനന്ദവും, ഒപ്പം അംഗീകാരവും. 15 വര്‍ഷമായി തുടരുന്ന കൃഷിയില്‍ ഒടുവില്‍ അധ്വാനത്തിന്റെ ഫലമായി സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കഞ്ഞിപ്പാടം പുത്തന്‍പറമ്പില്‍ എസ്. ശ്രീകുമാറിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം മികച്ച ശുദ്ധജല മത്സ്യകര്‍ഷകനായി തിരഞ്ഞെടുത്തത്.
വീടിന് പിന്നില്‍ ചതുപ്പ് പിടിച്ച് കാടുമേഞ്ഞ് കിടന്ന തോടും, കുളവും വ്യത്തിയാക്കിയാണ് കൃഷി ആരംഭിച്ചത്. 80 സെന്റോളം വരുന്ന പ്രദേശത്ത് ആദ്യഘട്ടത്തില്‍ മൂശി ഇനത്തിനെയാണ് നിക്ഷേപിച്ചത്. വീടിന് 100 മീറ്റര്‍ അകലെ കൂടി ഒഴുകുന്ന പൂക്കൈതയാറ്റില്‍ നിന്ന് കണ്ടത്തിലേക്ക് തൂമ്പിട്ടാണ് കൃഷിക്കായി ശുദ്ധജല ലഭ്യത ഉറപ്പാക്കിയത്. തുടര്‍ന്ന് കാരി, വരാല്, ചെമ്പല്ലി തുടങ്ങിയ നാടന്‍ മത്സ്യങ്ങളെയും വളര്‍ത്തി. പിന്നീട് മത്സ്യ സമൃദ്ധി പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ എം.എം. പണിക്കരുടെ നിര്‍ദ്ദേശ പ്രകാരം കട്ട്ള, രോഹു, ഗ്രാസ് കാര്‍പ്പ്, മൃഗാള്‍ എന്നിവയെയും കൃഷി ചെയ്തു. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ആറ്റില്‍ കൂടുകള്‍ സ്ഥാപിച്ച് കരിമീനെയും വളര്‍ത്തി.
കോട്ടപ്പുറത്ത് നിന്ന് 25 ഓളം കാളാഞ്ചി കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. വളര്‍ച്ചയെത്തിയപ്പോള്‍ നാല് മുതല്‍ നാലര കിലോ വരെ തൂക്കമാണ് അവയ്ക്ക് ലഭിച്ചത്. കൃഷിയുടെ ആരംഭത്തില്‍ അയല്‍വാസിയായ ദില്‍ജിത്താണ് ശ്രീകുമാറിന് വേണ്ട സഹായങ്ങള്‍ ചെയ്തത്. പിന്നീട് ദില്‍ജിത്തിന്റെ സഹോദരന് ദിലീപ്, മറ്റൊരു അയല്‍വാസിയായ രഘു എന്നിവരും സംരംഭത്തില്‍ സഹായികളായി. അയല്‍വാസികള്‍ക്ക് ഒരു സഹായകമാകുമെന്ന് കരുതിയാണ് കൃഷിയുമായി മുന്നോട്ട് പോയതെന്ന് ശ്രീകുമാര്‍ പറയുന്നു. ഇന്ന് കൃഷിയില്‍ നിന്ന് വര്‍ഷം രണ്ടു ലക്ഷം രൂപയുടെ വരുമാനമുണ്ട്.
ശ്രീകുമാറിന്റെ അഭാവത്തില്‍ വില്‍പ്പനയ്ക്കും, പരിചരണത്തിനുമായി അമ്മ പത്മാക്ഷി, ഭാര്യ സിനി, മകന് ഹരിശങ്കര്‍ എന്നിവരും കൂട്ടായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: