അസോഷ്യേറ്റഡ് പിക്ച്ചേഴ്സിന്റെ ‘അമ്മ’ സംവിധാനം ചെയ്തത് കെ.വെമ്പുവാണെന്ന് സൂചിപ്പിച്ചു. മലയാളത്തില്‍ അദ്ദേഹം മുമ്പേ സംവിധാനം ചെയ്ത ജീവിതനൗക അക്കാലത്തു വന്‍ വിജയം നേടിയ ചിത്രമായിരുന്നല്ലോ. മലയാളത്തിലെ ആദ്യത്തെ ഹിറ്റ് ചിത്രം എന്നുതന്നെ വിശേഷിപ്പിക്കാം. അതിന്റെ വിഭാവന ദശയില്‍ പ്രമേയ കല്പനയില് നിര്‍ണായക സ്വാധീനമായി കെ.വി.കോശിയും കുഞ്ചാക്കോയും അന്നമ്മ കുഞ്ചാക്കോയുമുണ്ടായിരുന്നു; എഴുത്തുഘട്ടത്തില്‍ മുതുകുളവും
ചിത്രം വിജയമായതോടെ അതില്‍ ഇടചേര്‍ത്ത ചേരുവകള്‍ ചിത്ര വിജയത്തിന് അനുപേക്ഷണീയമാണ് എന്ന തോന്നല്‍ സംവിധായകനുണ്ടാവുക സ്വാഭാവികം. ആ തോന്നലിനോടു ചേര്‍ന്ന ഇടപെടലുകള്‍ അടുത്തൊരു മലയാള ചിത്രത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ സംവിധായക പക്ഷത്തുനിന്നുണ്ടാവുകയും സ്വാഭാവികം.
പോരാത്തതിന് ഇക്കുറി മലയാളത്തില്‍ മാത്രമായിട്ടായിരുന്നില്ല നിര്‍മാണം. ദ്വിഭാഷാ ചിത്രമായിട്ടാണ് ‘അമ്മ’ ഒരുക്കിയത്. തമിഴിലെ വിജയത്തിനു നിര്‍ബന്ധമായും വേണ്ടതെന്നു വെമ്പുവിന് തോന്നിയ ചില അംശങ്ങള്‍ കൂടി അതിന്റെ ഭാഗമായി ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ദ്വിഭാഷാ ചലച്ചിത്ര ശ്രമങ്ങള്‍ മുമ്പും മലയാളത്തില്‍ നടന്നിട്ടുണ്ട്. അവ വന്‍ പരാജയങ്ങളായിട്ടുമുണ്ട്. എന്നിരുന്നാലും വീണ്ടും ആ വഴി പിന്തുടരുവാന് ശ്രമങ്ങളുണ്ടായി. വിശ്വാസമാണ് ഓരോ ശ്രമത്തിന്റെയും പുറകില്‍. അവനവന്റെ കണക്കുകൂട്ടലുകളാണ് ശരിയെന്ന രണ്ടും കല്‍പ്പിച്ച ബോധ്യമാണല്ലോ സിനിമപോലെ പ്രവചനങ്ങള്‍ അസാദ്ധ്യമായ മേഖലയില്‍ എന്നും ഭാഗ്യപരീക്ഷണങ്ങള്‍ക്കു ഭൂമിക. നൂറില്‍ തൊണ്ണൂറുപേരും പരാജയപ്പെടുന്നു. പത്തില്‍ പാതി ഞെരുങ്ങി രക്ഷപ്പെടുന്നു. ബാക്കി അഞ്ചുമാത്രം രക്ഷയുടെ തീരം കണ്ടെത്തുന്നു. ഈ അഞ്ച് ഇനിയുമൊരു അഞ്ഞൂറുപേരെ ഈ വഴിയാകര്ഷിക്കുന്നു. സിനിമയിലെ എല്ലാ സാഹസികതകളെയും എന്നും നയിക്കുന്നത് കൃത്യതയുടെ വടിവില്ലാത്ത ഈ ഊഹമോഹ കണക്കുകളാണ്!
മലയാളിത്തമുണ്ടാവണം തങ്ങളുടെ ചിത്രത്തിന് എന്ന് ടി.ഇ. വാസുദേവന്‍ ആഗ്രഹിച്ചുവെങ്കിലും അത് വെമ്പുവിന്റെ നിര്‍ദ്ദേശങ്ങളൊക്കെ മറികടന്നുകൊണ്ടാകുവാന് അദ്ദേഹം സാഹസപ്പെട്ടില്ല. റിസ്ക്ക് ഒഴിവാക്കേണ്ടത് ജീവനു പ്രശ്നമാണ്. മുതല്‍മുടക്കുള്ള എല്ലാ സംരംഭത്തിലും. എങ്കിലും ചിത്രത്തിന്റെ രചനയ്ക്ക് അക്കാലത്ത് തകഴി, വര്‍ക്കി, ദേവ്, കാരൂര്‍ തുടങ്ങിയവരോടൊപ്പം നവയാഥാര്‍ത്ഥ്യത്തിന്റെ ശൈലിയില്‍ കഥകളെഴുതി ശ്രദ്ധേയനായ നാഗവള്ളി ആര്.എസ്. കുറുപ്പിനെയാണ് വാസുദേവന്‍ നിയോഗിച്ചത്.
അദ്ധ്യാപകനായും ആകാശവാണിയിലെ പ്രക്ഷേപണ കലാനിപുണനായും പത്രപ്രവര്‍ത്തകനായുമൊക്കെ പ്രവര്‍ത്തിച്ചുപരിചയമുള്ള നാഗവള്ളി ‘അമ്മ’ യ്ക്കു മുമ്പേ ‘ശശിധരന്’, ‘ചന്ദ്രിക’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. അവയുടെ രചനകളില്‍ (രണ്ടും അപ്പേരില്‍ അഭിമാനിക്കുവാന് വക തീരെ തന്നിരുന്നില്ലെങ്കിലും) അദ്ദേഹത്തിന് ചില പങ്കാളിത്തവുമുണ്ടായിരുന്നു.ചിത്രത്തിന്റെ പേരു സൂചിപ്പിച്ചിരുന്നതുപോലെ സര്‍വ്വംസഹയും ത്യാഗിനിയും വാത്സല്യത്തിന്റെ തേനുറവയുമായ അമ്മയാണ് കേന്ദ്രകഥാപാത്രം; അമ്മക്കണ്ണീരാണ് ചിത്രത്തിലെ മുഖ്യ ആകര്‍ഷണം. അതിനകം അഭിനയിച്ച ചിത്രങ്ങളിലെ അഭിജാതവും പ്രൗഢവും സൗമ്യവുമായ സല്ക്കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചിരുന്ന ആറന്മുള പൊന്നമ്മ തിരശ്ശീലയിലെ ഏറ്റവും ആദരണീയമായ അമ്മ സാന്നിദ്ധ്യമായി നിറപ്രതിഷ്ഠ നേടുന്നത് ഈ ചിത്രത്തോടെയാണ്.
പൊന്നമ്മയുടെ അമ്മപ്പകര്ച്ചയെ സിനിക്ക് ഇപ്രകാരം ശ്ലാഘിച്ചിരിക്കുന്നു.
”മേലേക്കിടയിലെ അഭിനയപാടവംകൊണ്ടും സമുചിതമായ ഭാവാവിഷ്ക്കരണം കൊണ്ടും എല്ലാരിലുമുയര്ന്നു ഒറ്റപ്പെട്ടു നില്‍ക്കുകയാണ് അമ്മയുടെ ഭാഗമഭിനയിച്ച ആറന്മുള പൊന്നമ്മ. പൊന്നമ്മയെ ചലച്ചിത്രവേദിയില്‍ കാണാന്‍ തുടങ്ങിയതു മുതല്‍ അവരിത്തരമൊരു ഭാഗം അഭിനയിച്ചു കാണണമെന്നാശിച്ചുവരികയായിരുന്നു. ഈ ചിത്രത്തിന്റെ വിജയത്തില്‍ ആറന്മുള പൊന്നമ്മയ്ക്കുള്ള സ്ഥാനം സര്‍വ്വപ്രധാനമാണ്.
അവരുടെ ഭാവപ്പകര്‍ച്ചയും ശോകരസാഭിനയവും ഒതുക്കവും പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആ മുഖത്തു കാണുന്ന വികാരവായ്പും, വിശിഷ്യാ സംഭാഷണത്തിലുള്ള തന്മയത്വവും അതിന്റെ പകുതിപോലും ഈ ചിത്രത്തില്‍ മറ്റാര്‍ക്കും വശമായിക്കണ്ടില്ല. ഈ ചിത്രത്തിലൂടെ അവര്‍ ഉത്തമ താരാപദത്തിലേയ്ക്കുയരുന്നു…”
ലളിത, ബി.എസ്. സരോജം, തിക്കുറിശ്ശി, എം.എന്‍. നമ്പ്യാര്‍ (അദ്ദേഹം തമിഴിലെ പ്രമുഖ പ്രതിനായകനായി ഏറെക്കാലം നിറഞ്ഞാടി) ടി.എസ്. മുത്തയ്യ, ദൊരരാജ്, മഹാദേവന് തുടങ്ങിയവരായിരുന്നു അമ്മയിലെ മറ്റു പ്രമുഖ അഭിനേതാക്കള്‍. നമ്പ്യാരുടെയും മുത്തയ്യയുടെയും അഭിനയത്തില്‍ കണ്ണുകൊണ്ടും മുഖഗോഷ്ടികള്കൊണ്ടും മുഴച്ചുനിന്ന കൃത്രിമത്വം പ്രേക്ഷകര്‍ക്കു അത്ര രസിച്ചില്ല.
ലക്ഷ്മിയമ്മ വിധവയാണ്. ഒരിടത്തരം കുടുംബം. മകന് വേണു മദിരാശിയില്‍ പഠിക്കുന്നു. മകള്‍ ശാരദയുമൊത്ത് ലക്ഷ്മിയമ്മ ഒലവക്കോടിനടുത്തു താമസിക്കുന്നു. വേണു മദിരാശിയില്‍ പഠനനാളുകളില് ധനാഢ്യ കുടുംബത്തിലെ ഒരു ഡോക്ടറുടെ മകള്‍ രാധയില്‍ അനുരക്തനായി. അത്രയും വലിയ ധനികരുമായുള്ള ബന്ധം നല്ലതിനാവില്ലെന്നു ലക്ഷ്മിയമ്മ ആശങ്കപ്പെട്ടുവെങ്കിലും വേണുവിന്റെ അഭീഷ്ടത്തിന് അവര്‍ വഴിപ്പെട്ടു. ഭയപ്പെട്ടിരുന്നതുപോലെ കടുത്ത നിന്ദയും അവമതിയും ആണ് ഡോക്ടര്‍ അവരുടെ മേല്‍ ചൊരിഞ്ഞത്. പക്ഷേ പ്രേമജ്വരത്തിന്റെ പാരമ്യം മൂലം രാധ അച്ഛനെ ധിക്കരിച്ചു വേണുവിനോടൊപ്പം ഇറങ്ങിപ്പോന്നു. മകനെയും പരിഷ്ക്കാരിയായ രാധയേയും തങ്ങള്‍ക്കൊപ്പം കുടിയിരുത്തുവാന്‍ അമ്മയ്ക്ക് നാട്ടിലെ ധനികപ്രമാണിയായ കര്‍ത്താവിന്റെ കൈയില്‍നിന്നും പണം കടം വാങ്ങേണ്ടിവന്നു.
വേണുവിന്റെ പഠിത്തത്തിനും മറ്റും വേണ്ടി വാങ്ങിയിരുന്ന കടത്തിനു പുറമെയായിരുന്നു ഇത്.
വേണുവിനു മദിരാശിയില്‍ ഒരു ബാങ്കില്‍ ജോലി കിട്ടി. രാധയെ നാട്ടില്‍ നിറുത്തി വേണു മദിരാശിയിക്ക് പോയി. പട്ടണപ്പരിഷ്ക്കാരിയായ രാധയ്ക്ക് ഗ്രാമജീവിതം ദുഷ്ക്കരമായപ്പോള്‍ അവള് മദിരാശിയിലേക്ക് മടങ്ങിപ്പോയി. വേണുവിനോടൊപ്പം താമസമാക്കി. രാധയുടെ ആഡംബര ജീവിതവും വേണുവിന്റെ വരുമാനവും തമ്മില്‍ ചേരാതെ വന്നു.
കടം, പലിശ കയറി പെരുകിയപ്പോള്‍ കര്‍ക്കശക്കാരനായ കര്‍ത്താവ് വീടും പുരയിടവും ജപ്തി ചെയ്തു. നിരാലംബരായ അമ്മയെയും മകളെയും വിശ്വസ്തനായ സേവകന് കേളുശ്ശാര് മദിരാശിയില്‍ വേണുവിന്റെ സമീപത്തെത്തിച്ചു. അവര്‍ അവിടെ പരാധീനതകളൊന്നും അറിയിക്കാതെ ഒതുങ്ങിക്കൂടി. രാധയുടെ പെരുമാറ്റം പരിധിവിട്ടു. ദുസ്സഹമായപ്പോള്‍ ലക്ഷ്മിയമ്മയും മകളും വീടുവിട്ടിറങ്ങി. അയല്‍വാസികള്‍ പറഞ്ഞാണ് വേണു വിവരമറിയുന്നത്. പുറകെ തേടിപ്പോയെങ്കിലും അയാള്‍ക്കവരെ കണ്ടെത്താനായില്ല. വേണു ബാങ്കിലടയ്ക്കാനായി ശേഖരിച്ചിരുന്ന മൂവായിരം രൂപ രാധ ധൂര്ത്തടിയ്ക്കുന്നു. കണക്കില്‍ കുറവു വന്നതിന്റെ പേരില്‍ വേണു ജയിലിലാകുന്നു. രാധ സഹായഹസ്തം തേടി ഡോക്ടറെ ചെന്ന് കാണുന്നു. തന്നെ ധിക്കരിച്ച മകളുടെ നേര്‍ക്കയാള്‍ മുഖം തിരിക്കുന്നു.
വേണുവിന്റെ വീടുവിട്ടിറങ്ങി അപരിചിത നഗരത്തിലൂടെ അലയുന്നതിനിടയില്‍ ലക്ഷ്മിയമ്മ ഒരു കാറപകടത്തില്പ്പെടുന്നു. കാറുടമ അവരെ വീട്ടില്‍ക്കൊണ്ടുപോയി ശുശ്രൂഷിക്കുന്നു. അക്കൂട്ടത്തില്‍ കാറുടമയുടെ മകന് മോഹന്‍ ശാരദയില്‍ ആകൃഷ്ടനാകുന്നു.
ഇതിനിടയിലാണ് മൂവായിരം രൂപയുടെ കണക്കു കുറവിന്റെ പേരില്‍ വേണു ജയിലിലാണെന്ന വിവരം ലക്ഷ്മിയമ്മ അറിയുന്നത്. അമ്മ മനസ്സു തേങ്ങി. ശരിതെറ്റുകളില്‍ ന്യായ വിചാരത്തിനു നില്‍ക്കാതെ തനിയ്ക്കഭയം തന്ന കാറുടമയുടെ വീട്ടില്‍ നിന്നും മൂവായിരം രൂപ അവര്‍ മോഷ്ടിച്ചു.
ആ തുക വേണുവിന് നല്‍കാനായി ഒരെഴുത്തുസഹിതം വേണുവിന്റെ അയല്ക്കാരന്റെ വീട്ടില്‍ എത്തിച്ചശേഷം രാത്രി ലക്ഷ്മിയമ്മ തിടുക്കപ്പെട്ടു മടങ്ങുമ്പോള്‍ പോലീസിന്റെ മുന്പില് പെടുന്നു. അസമയത്ത് അവരെ അവിടെക്കണ്ട് സംശയാലുക്കളായി. അവര്‍ ചോദിച്ച ചോദ്യങ്ങളുടെ മുന്നില്‍ നിന്നവര്‍ പതറി. കൂടുതല്‍ സംശയം തോന്നി പോലീസ് അവരെ കസ്റ്റഡിയിലെടുത്തു ലോക്കപ്പിലാക്കുന്നു. കുറവു വന്ന തുക തിരിച്ചടച്ചതോടെ വേണു കുറ്റവിമുക്തനായി ജയില്‍ വിട്ടിറങ്ങുന്നു.
കാറുടമ പണം കളവു പോയതറിയുമ്പോള്‍ താനാണു പണമെടുത്തതെന്ന് സ്വയം ഏറ്റ് മോഹന്‍, ലക്ഷ്മിയമ്മയേയും ശാരദയേയും സംശയത്തിന്റെ നിഴലില്‍നിന്നും രക്ഷിക്കുന്നു. ഇന്‍സ്പെക്ടറുടെ മുന്പില് വച്ചു സഹോദരീ സഹോദരന്മാര് കണ്ടുമുട്ടുന്നു. ബന്ധനസ്ഥയായ അമ്മയെ കാണാന്‍ അവര്‍ ചെല്ലുമ്പോള്‍ മകനെ കാണാനുള്ള ആവേശത്തില്‍ അമ്മ മുന്നോട്ടു കുതിക്കുന്നു. കാറപകടത്തില്‍ ലക്ഷ്മിയമ്മയ്ക്ക് നെറ്റിയില്‍ മുറിവേറ്റിരുന്നു. മകനെ കാണാനുള്ള കുതിപ്പില്‍ ജയില്‍ മുറിയുടെ ഇരുമ്പഴിയില്‍ നെറ്റി ആഞ്ഞിടിച്ചു അവര്‍ മരിച്ചുവീഴുന്നു. കഥ ഇത്രയുമായപ്പോല് കുറ്റബോധം രാധയെ വേട്ടയാടി. മകളുടെ ദുഃഖം ഡോക്ടറുടെ മനസ്സലിയിച്ചു.
ഇരുവരും ലക്ഷ്മിയമ്മയുടെ ചിതയുടെ മുന്നിലെത്തി പശ്ചാത്താപത്തിന്റെ വാക്കുകള്‍ ഉതിര്‍ക്കുമ്പോള്‍ വേണു അവരോടാദ്യം പൊട്ടിത്തെറിക്കുന്നു. പിന്നെ മനസ്സ് തണുത്തുപൊരുത്തപ്പെട്ട് രാധയെ സ്വീകരിക്കുന്നു. മോഹനും ശാരദയും എല്ലാവരുടെയും അനുഗ്രഹത്തോടെ വിവാഹിതരാകുമ്പോള്‍ കഥയിതു ശുഭാന്ത്യം.
കുറച്ചൊക്കെ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും പട്ടടയുടെ മുന്പില് വച്ചു രാധയുടെ നേര്‍ക്കുള്ള വേണുവിന്റെ പൊട്ടിത്തെറി ഭാഗത്ത് ആ വേഷമണിഞ്ഞ തിക്കുറിശ്ശി തന്റെ പതിവു സ്പീച്ച് ശൈയിലേയ്ക്ക് വീണ്ടും വഴുതിയതു രസച്ചരടിന് മുറിവായി. ലക്ഷ്മിയമ്മയുടെ മരണം തന്നെ ബോധപൂര്‍വം മെലോഡ്രാമ സൃഷ്ടിക്കുവാനുള്ള ഒരിഴച്ചുനീട്ടലായിരുന്നതുകൊണ്ട് ആ ഇടര്‍ച്ച കൂടുതല്‍ പ്രകടവുമായി.
‘ജീവിതനൗക’യില്‍ മഗ്ദലനമറിയം അന്തര്‍നാടകം പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ ബലത്തില്‍ പലരും ആ വഴി പിന്തുടര്ന്നിരുന്നു. യാചകന് മറ്റെല്ലാവിധത്തിലും പരിതാപകരമായപ്പോള്‍ മഹാകവി ജിയുടെ ‘ഇന്നു ഞാന്‍, നാളെ നീ’ കവിത അന്തര്നാടകമാക്കിയതുമാത്രം കഷ്ടി ശരാശരിയെങ്കിലുമായി. ‘അമ്മ’യില്‍ കുമാരനാശാന്റെ ‘കരുണ’യിലാണു കെ.വെമ്പു കൈവച്ചത്. അതാകട്ടെ ഏറെ തരംതാണുപോയി.
ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് പി. ഭാസ്ക്കരനും ദക്ഷിണാമൂര്‍ത്തിയും ചേര്‍ന്നാണ്. ”അമ്മ താന്‍ പാരിലാലംബ….എന്നാരംഭിക്കുന്ന ഗാനം രേവമ്മയാണ് പാടിയത്. ”വരൂ നീ പ്രേമരമണി” എന്ന ഗാനവും അവര്‍ പാടി. പുരുഷസ്വരത്തില്‍ ആ ഗാനമാലപിച്ചത് ഗോകുലപാലനാണ്. അദ്ദേഹത്തിന്റെ ആദ്യ ഗാനമായിരുന്നു അത്. ആകെ 14 പാട്ടുകളുള്ളതില്‍ ‘തെളിയൂ നീ പൊന്‍വിളക്കേ…’ എന്നാരംഭിക്കുന്ന യുഗ്മഗാനം ഗോകുലപാലനും രേവമ്മയും ചേര്‍ന്നാണ് ആലപിച്ചത്. പ്രഗത്ഭ തെലുങ്കു ഗായകനായ ഘണ്ഡശാല ആദ്യമായി ഒരു മലയാള ഗാനം പാടുന്നത് ‘അമ്മ’യിലാണ്; ഉടമയും എളിമയും ക്ഷണികമേമനുജാ…” എന്നാരംഭിക്കുന്ന ഗാനവും ”നീണാള്‍” എന്നാരംഭിക്കുന്ന മറ്റൊരു ഗാനവും ‘അരുതേ പൈങ്കിളിയേ…’ എന്നാരംഭിക്കുന്ന ഗാനമാലപിച്ചുകൊണ്ട് ഈ ചിത്രത്തിലൂടെയാണ് ജാനമ്മ ഡേവിഡ് പിന്നണി ഗാനരംഗത്തേയ്ക്ക് കടന്നുവന്നത്. ‘നല്ല തങ്ക’, ‘ചന്ദ്രിക’, ‘ജീവിതനൗക, ‘നവലോകം’ എന്നീ ചിത്രത്തിലൂടെ പിന്നണിഗാന രംഗത്തും ഒന്നെത്തിനോക്കി.
രണ്ടു സംഘഗാനങ്ങള്‍ അദ്ദേഹം നയിച്ചു. ”അരുമ സോദരാ…” എന്നാരംഭിക്കുന്നു ആദ്യ ഗാനം ‘ആനന്ദ സുദിനം’ എന്ന സംഘഗാനം നയിച്ചത് പി. ലീലയും ദക്ഷിണാമൂര്‍ത്തിയും ചേര്‍ന്നായിരുന്നു. ”കേഴുക തായേ…” എന്നാരംഭിക്കുന്ന ഒരു സോളോഗാനവും ലീലയുടെതായിട്ടുണ്ട്. തമ്മില്‍ ഭേദപ്പെട്ടത് ”പാവനം പാവനം…മാതാവേ…” എന്ന ഗാനമായിരുന്നു. ”കേട്ടു മടുത്തതും കടം വാങ്ങിയതുമായ പഴയ ട്യൂണുകള്‍ നിറഞ്ഞ സംഗീതം” തന്നെ നിരാശപ്പെടുത്തിയെന്നാണ് സിനിക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തില്‍ ഒരു മാപ്പിളപ്പാട്ടുണ്ടായിരുന്നുവെന്നും അത് ബാലകൃഷ്ണ മേനോന് ശ്രുതിമനോഹരമായി പാടിയെന്നും എന്നാല്‍ സിനിമയില്‍ ആ പാട്ടുപാടുന്ന കേളുശ്ശാരായി വേഷമിട്ട ദൊരരാജിന്റെ സ്വരവുമായി ആലാപനം ഒട്ടും ഒത്തുചേര്ന്നുപോയില്ല എന്നും സിനിക് പരിഭവിക്കുന്നു.
ഭാസ്ക്കര രചനകളില്‍ ‘കേഴുക തായേ, ഉടമയും എളിമയും…’ എന്നീ ഗാനങ്ങളായിരുന്നു കൂടുതല്‍ മികച്ചു കണ്ടത്. ”മാപ്പിളപ്പാട്ട്- അതു നന്നാവാതെ തരമില്ലല്ലോ” എന്ന് ഭാസ്ക്കര ഗാനങ്ങളെക്കുറിച്ചു സിനിക്ക് പരാമര്‍ശിച്ചുകണ്ടു. അതുപോലെ പാട്ടുകാരുടെ സേവനം-ലീലയുടെയും ഘണ്ഠശാലയുടെയും രാഘവന്റെയും കഴിവ്” എന്നുമൊരു പരാമര്‍ശം ചിത്രശാലയിലെ ചലച്ചിത്ര വിചാരണയില്‍ കണ്ടു.
മലയാള ചലച്ചിത്ര സംഗീതത്തിന്റെ 50-ാം വര്‍ഷത്തോടനുബന്ധിച്ച് ദേവരാജന്മാസ്റ്റര് മുന്‍കൈയെടുത്തു പ്രസിദ്ധപ്പെടുത്തിയ ‘ചിത്രഗാന സ്മരണിക’യില്‍ അമ്മയെക്കുറിച്ചുള്ള ഗാന പരാമര്‍ശത്തില്‍ ഈ മാപ്പിളപ്പാട്ട് ഉള്പ്പെടുത്തിക്കണ്ടില്ല. ഗായകരുടെ കൂട്ടത്തില്‍ രാഘവന്റെ പേരും ഇല്ലായിരുന്നു. വിട്ടുപോയതാവാം; അല്ലെങ്കില്‍ തെറ്റി പരാമര്ശിച്ചതാകാം. രണ്ടായാലും ആധികാരികമായി തിരുത്തുവാന്‍ സ്രോതസ്സുകള്‍ ബാക്കിയില്ലാത്തതുകൊണ്ട് ആ നിര്‍ഭാഗ്യത്തില്‍ ദുഃഖിക്കുക മാത്രമേ ചരിത്രാന്വേഷണ വഴിയില്‍ സാധ്യമാകുന്നുള്ളൂ.
അടുത്തലക്കം: സുഹൃത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: