ആദായത്തേക്കാളുപരി മൃഗസ്‌നേഹമാണ് മാഞ്ഞുക്കുളം പാറയ്‌ക്കപ്പുറത്ത് ഷിബു എസ്.മോനെ പശു വളര്‍ത്തലിലേക്ക് നയിച്ചത്. പശു വളര്‍ത്തലിനൊപ്പം തീറ്റപ്പുല്‍ കൃഷിയും പച്ചക്കറിവളര്‍ത്തലുമായതോടെ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന തനി നാടന്‍ കര്‍ഷകനാണ് ഷിബു. പതിമൂന്നു വര്‍ഷം വിദേശത്തൊരു കമ്പനിയില്‍ മാനേജരായി ജോലി ചെയ്ത ഷിബു ഏതെങ്കിലുമൊരു ബിസിനസ് ചെയ്ത് നാട്ടില്‍ തന്നെ സ്ഥിരതാമസമാക്കാനാണ് ഗള്‍ഫ് വിട്ടത്.
ഭാര്യ സ്മിത വളര്‍ത്തിയിരുന്ന രണ്ട് പശുക്കളില്‍ നിന്നുള്ള ചെറിയ വരുമാനമാണ് ക്ഷീരകൃഷിയിലേക്ക് തിരിയാന്‍ ഷിബുവിന് പ്രചോദനമായി. പശു വളര്‍ത്തലില്‍ പാലില്‍ നിന്ന് മാത്രമല്ല ചാണകത്തിലൂടെയും കൃഷിയിലൂടെയും വരുമാനമുണ്ടാക്കാമെന്നാണ് ഷിബുവിന്റെ കൃഷിപാഠം.
ഫാമില്‍ ഇന്ന് 22 പശുക്കളാണുള്ളത്. ജേഴ്‌സി, എച്ച്എഫ്, സ്വിസ് ബ്രൗണ്‍ തുടങ്ങിയ പശുക്കളില്‍ നിന്നായി 150 ലിറ്ററോളം പാല്‍ ദിവസേന ലഭിക്കുന്നുണ്ട്. നാലേക്കറില്‍ രണ്ടര ഏക്കര്‍സ്ഥലത്തുള്ള തീറ്റപ്പുല്‍കൃഷിയും പച്ചക്കറികൃഷിയും മറ്റ് ആദായങ്ങളുമൊക്കെ ഫാമിന്റെ ചുവടു പിടിച്ചാണ് വളരുന്നത്. പശു വളര്‍ത്തലില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച ഷിബുവിന്റെ അടുത്ത ചുവടു വയ്പ് എരുമ, പോത്ത് ഫാമിലേക്കാണ്.
പരീക്ഷണാടിസ്ഥാനത്തില്‍ ഒരു എരുമയേയും പോത്തിനേയും വാങ്ങിക്കഴിഞ്ഞു. എരുമപ്പാലിന് പശുവിന്‍പാലിനേക്കാള്‍ വിലക്കൂടുതലായതിനാല്‍ കൂടുതല്‍ ലാഭമുണ്ടാക്കാന്‍ കഴിയുമെന്ന മേന്മയുണ്ട്. അമ്പതിനായിരം മുതല്‍ 1 ലക്ഷം രൂപാ വരെ യാണ് നിലവില്‍ ഫാമില്‍ നിന്നുള്ള വരുമാനം. 15 ലക്ഷത്തോളം രൂപ മുടക്കിയാണ് ഫാം ആരംഭിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ കര്‍ഷകര്‍ക്കായി രൂപികരിച്ചിട്ടുള്ള കാഡ്‌കോയുടെ ബോര്‍ഡംഗം കൂടിയാണ് ഷിബു. ഭാര്യ സ്മിതയും മകന്‍ കണ്ണനും തമിഴ്‌നാട് സ്വദേശി ദാവീദും ഫാമിലെ ജോലികളില്‍ സഹായിക്കുന്നുണ്ട്.
തുടര്‍ച്ചയായി മുന്ന് തവണ ബ്ലോക്ക് പഞ്ചായത്തിലെ മികച്ച ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ മില്‍മയില്‍ ഏറ്റവും കൂടുതല്‍ പാല്‍ നല്‍കിയ കര്‍ഷകനുള്ള അവാര്‍ഡ് 2015ല്‍ ലഭിച്ചിരുന്നു. ഷിബുവിന്റെ പശു ഫാം കാണുന്നതിനും കൃഷിയെക്കുറിച്ച് പഠിക്കുന്നതിനുമായി നിരവധിയാളകളാണ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: